കൊച്ചി: അന്തരിച്ച കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണിക്കെതിരെ അവഹേളന പരാമര്‍ശവുമായി സിപി സുഗതന്‍. രാഷ്ട്രീയ-സാംസ്‌കാരി-സാമൂഹിക രംഗത്ത് നിന്നുള്ള നിരവധി പേര്‍ മാണിക്ക് അനുശോചനം രേഖപ്പെടുത്തി രംഗത്തുവന്നപ്പോള്‍ ‘ദുഖമുണ്ടെങ്കിലും ശല്ല്യമൊഴിഞ്ഞ് കിട്ടിയെന്ന് ചിന്തിക്കുന്ന മകന്‍’ എന്നാണ് സുഗതന്‍ കുറിച്ചത്. സിപിഎമ്മിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട വനിതാ മതിലിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് സുഗതന്‍.

പോസ്റ്റിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ വാക്കുകള്‍ പിന്‍വലിച്ച് സുഗതന്‍ തടയൂരിയെങ്കിലും ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നവോത്ഥാനമൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് പറഞ്ഞ സുഗതന്‍ തനിരൂപം വെളിപ്പെടുത്തുന്ന പോസ്റ്റാണിതെന്നാണ് പലരും പ്രതികരിച്ചത്. കെ.എം മാണിയുടെ വിയോഗം നികത്താനാകാത്ത നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

ധനകാര്യത്തില്‍ മുതല്‍ നിയമകാര്യത്തില്‍ വരെ വൈദഗ്ധ്യമുണ്ടായിരുന്ന കെ.എം. മാണി, ആ വൈദഗ്ധ്യമൊക്കെ നിയമസഭയുടെ ഉള്ളടക്കത്തിന്റെ നിലവാരം കൂട്ടുന്നതിനു തുടര്‍ച്ചയായി പ്രയോജനപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സുഗതനെപ്പോലുള്ളവര്‍ സിപിഎമ്മിന് നാണക്കേടുണ്ടാക്കുമെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരിച്ചു. പോസ്റ്റ് പിന്‍വലിച്ചെങ്കിലും സുഗതനെതിരെ വലിയ ക്യാംപെയ്‌നാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.