ലൈംഗിക പീഡന ആരോപണം നേരിടുന്ന മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യത്തില്‍ കടുത്ത സമ്മര്‍ദ്ദവുമായി സിപിഐ. മുകേഷിന്റെ രാജി ആവശ്യം ചൂണ്ടിക്കാട്ടി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടിയുടെ നിലപാട് മുഖ്യമന്ത്രിയെ ബിനോയ് വിശ്വം നേരിട്ടറിയിച്ചു.
സംസ്ഥാന നിര്‍വാഹക സമിതിയുടെ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ കണ്ടത്. ബലാത്സംഗക്കുറ്റം ചുമത്തി പോലീസ് കേസെടുത്ത ആളെ സംരക്ഷിക്കുന്നത് ഇടതുപക്ഷ നിലപാട് അല്ലെന്നാണ് സിപിഐ യോഗത്തില്‍ ഉയര്‍ന്നത്.
മുകേഷിന്റെ രാജി സംബന്ധിച്ച് സിപിഐ നിര്‍വാഹക സമിതിയില്‍ ഭിന്നത ഉണ്ടായിരുന്നെങ്കിലും എംഎല്‍എ സ്ഥാനമൊഴിയണമെന്ന നിലപാടാണ് പൊതുതീരുമാനമായി വന്നത്.
സി.പി.ഐ. സംസ്ഥാന നിർവാഹകസമിതി യോഗത്തിൽ മന്ത്രി ജെ. ചിഞ്ചുറാണി, കമലാ സദാനന്ദൻ, പി. വസന്തം എന്നിവർ മുകേഷിന്റെ രാജിവേണമെന്ന കർശന നിലപാടെടുത്തിരുന്നു.
കോൺഗ്രസ് എം.എൽ.എ.മാരായ എം. വിൻസെന്റ്, എൽദോസ് കുന്നപ്പള്ളി എന്നിവർക്കെതിരേയുള്ള ആരോപണം, മുകേഷിന്റെ രാജി ഒഴിവാക്കാനുള്ള ന്യായീകരണമായി കണക്കാക്കാനാവില്ല. സിനിമാമേഖലയിലെ സ്ത്രീകൾ നേരിടുന്ന വലിയ ചൂഷണത്തിന്റെ വിവരങ്ങളാണ് ഹേമ കമ്മിറ്റിയിലൂടെ പുറത്തുവന്നത്. അതിനുപിന്നാലെയാണ് ഒട്ടേറെ വെളിപ്പെടുത്തലുകളുമുണ്ടായത്. ബലാത്സംഗക്കുറ്റം ചുമത്തി പോലീസ് കേസെടുത്ത ഒരാളെ സംരക്ഷിച്ചുനിർത്തുന്നത് ഇടതുപക്ഷത്തിന് ചേർന്നതല്ല. അതിനാൽ, രാജി ആവശ്യം മുഖ്യമന്ത്രിയെയും എൽ.ഡി.എഫ്. കൺവീനറെയും സി.പി.എം. സംസ്ഥാന സെക്രട്ടറിയെയും അറിയക്കണമെന്നായിരുന്നു യോഗത്തിലുണ്ടായ അഭിപ്രായം.
Leave a Reply