ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നിർമാണത്തെക്കുറിച്ച് പുനർവിചിന്തനം വേണമെന്ന് സി.പി.ഐ. സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം. തുരങ്കപാതയെ സംബന്ധിച്ച് മൂന്നുവട്ടമെങ്കിലും ചിന്തിക്കണം. ശാസ്ത്രീയപഠനം ആവശ്യമാണ്. വയനാടിന്റെ ഭൂപ്രകൃതിയെപ്പറ്റി ബോധമുണ്ടാകണമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

‘‘പാവങ്ങളെ കുരുതികൊടുത്തുകൊണ്ടുള്ള വികസനം വികസനമല്ല. വികസനത്തിന് സ്ഥായിയായ നിലനിൽപ്പുവേണം. അല്ലെങ്കിൽ വികസനത്തിന്റെപേരിൽ മുടക്കിയ കോടികളെല്ലാം നഷ്ടപ്പെട്ടുപോകും. ഭൂമി സർവംസഹയല്ല, അതിന്റെ ക്ഷമയ്ക്ക് അതിരുണ്ട്’’ -ബിനോയ് വിശ്വം പറഞ്ഞു.

പശ്ചിമഘട്ടമേഖലയിലെ നിയമവിരുദ്ധമായ എല്ലാപ്രവർത്തനങ്ങളും അനധികൃതനിർമാണങ്ങളും തടയും. പശ്ചിമഘട്ടത്തിന്റെ ദുർബലമേഖലകളിൽ എന്തെങ്കിലും കാട്ടിക്കൂട്ടിയാൽ കൂട്ടുനിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സി.പി.ഐ. ദേശീയ എക്സിക്യുട്ടീവ് അംഗം അഡ്വ. പി. സന്തോഷ്‍കുമാർ എം.പി., സംസ്ഥാന കൗൺസിൽ അംഗം പി.കെ. മൂർത്തി, ജില്ലാസെക്രട്ടറി ഇ.ജെ. ബാബു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ചൂരൽമല, മുണ്ടക്കൈ ദുരന്തമുഖത്ത് എല്ലാവരും ഒറ്റക്കെട്ടായിനിന്നു. മനുഷ്യരുടെ കൈകോർത്തുപിടിക്കലും ചേർത്തുനിർത്തലുമാണ് യഥാർഥ കേരളസ്റ്റോറിയെന്ന് ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ‘‘പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരുമിച്ച് ദുരന്തബാധിതപ്രദേശം സന്ദർശിച്ചു. പ്രധാനമന്ത്രിയുടെ വരവ് പ്രതീക്ഷയോടെയാണ് കാണുന്നത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സംസ്ഥാനസർക്കാരിനെ നിരാശപ്പെടുത്തില്ലെന്ന് കരുതുന്നു’’ -അദ്ദേഹം പറഞ്ഞു. ദുരന്തബാധിതരായ എല്ലാവരുടെയും പുനരധിവാസം സാധ്യമാക്കുമെന്നും അതിന് കായികവും സാമ്പത്തികവുമായ എല്ലാപിന്തുണയും സി.പി.ഐ. നൽകുമെന്നും അദ്ദേഹം പറഞ്ഞു.