ആലപ്പുഴ ∙പിഎംശ്രീ പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള വിവാദത്തിൽ സിപിഐയുടെ നിലപാട് കടുപ്പം. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും അനുനയശ്രമങ്ങൾ പരാജയപ്പെട്ടതോടെ സിപിഐ മന്ത്രിമാർ ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ലെന്ന സൂചന പുറത്തുവന്നു . പാർട്ടിയെ അറിയിക്കാതെയും മുന്നണിമര്യാദ പാലിക്കാതെയും ധാരണാപത്രം ഒപ്പിട്ടതിൽ സിപിഐ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി.
ശനിയാഴ്ച മന്ത്രി വി. ശിവൻകുട്ടി തുടങ്ങി വെച്ച സമവായ ശ്രമങ്ങൾ ഗൾഫ് യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഏറ്റെടുത്തെങ്കിലും സിപിഐ നിലപാട് മാറ്റിയില്ല. ആലപ്പുഴയിൽ ചേർന്ന സിപിഐ നേതൃയോഗത്തിൽ “പിഎംശ്രീയിൽ വിട്ടുവീഴ്ചയില്ല, ആവശ്യമായാൽ മന്ത്രിമാരുടെ രാജിയും നൽകണം” എന്ന നിലപാടാണ് കൈക്കൊണ്ടത്. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും മുക്കാൽ മണിക്കൂറോളം നീണ്ടുനിന്ന ചര്‍ച്ച നടത്തി, എങ്കിലും ധാരണയിലെത്താൻ കഴിഞ്ഞില്ല.
മുഖ്യമന്ത്രി ധാരണാപത്രത്തിൽ നിന്ന് പിന്മാറാനാകില്ലെന്ന നിലപാട് വ്യക്തമാക്കിയപ്പോൾ, “പാർട്ടിയെ അവഗണിച്ച് എടുത്ത ഏകപക്ഷീയ തീരുമാനം അംഗീകരിക്കാനാവില്ല”എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി. ധാരണാപത്രം ഒപ്പിട്ടിട്ടുണ്ടെങ്കിലും സ്കൂളുകളുടെ പട്ടിക കൈമാറൽ തുടങ്ങിയ തുടർനടപടികൾ തത്കാലം നിർത്തിവെയ്ക്കാമെന്ന സമവായനിർദേശം സിപിഐ തള്ളി. കൂടിക്കാഴ്ചയ്ക്കു പിന്നാലെ സിപിഐ മന്ത്രിമാർ ബുധനാഴ്ചയുടെ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. വിഷയത്തിൽ എൽഡിഎഫ് യോഗം വിളിക്കണമെന്ന സിപിഐയുടെ ആവശ്യവും മുഖ്യമന്ത്രി അംഗീകരിച്ചു.











Leave a Reply