പാലക്കാട്: ഹര്‍ത്താലിന് പിന്നാലെയുണ്ടായ സി.പി.എം-ബി.ജെ.പി സംഘര്‍ഷം തുടരുന്നു. സംസ്ഥാനത്തെ വിവിധ ഭഗങ്ങളില്‍ കഴിഞ്ഞ ദിവസം രാത്രിയും ഇന്ന് രാവിലെയും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കണ്ണൂര്‍, പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ സിപിഎം ബി.ജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെങ്കിലും അക്രമസംഭവങ്ങളില്‍ അയവില്ലാതെ തുടരുകയാണ്.
പാലക്കാട് ചെര്‍പ്പുളശേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു. ചെര്‍പ്പുളശേരി കുറ്റക്കോട് പൂന്തോട്ടത്തില്‍ ഷബീറലിക്കാണ് വെട്ടേറ്റത്. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ സംഘമാണ് യുവാവിനെ വീട്ടില്‍ കയറി വെട്ടിയത്. ഹര്‍ത്താലിന്റെ ഭാഗമായിട്ടുണ്ടായ അക്രമങ്ങളുടെ തുടര്‍ച്ചയാണോ ഇതെന്ന് വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അട്ടപ്പാടി കള്ളമലയില്‍ ബിജെപി-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.
വെള്ളിയാഴ്ച്ച പകല്‍ ചില ഒറ്റപ്പെട്ട സംഘര്‍ഷങ്ങളുണ്ടായെങ്കിലും ഗുരുതരമായ പ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ രാത്രിയായതോടെ കണ്ണൂര്‍, പത്തനംതിട്ട ജില്ലകളില്‍ സിപിഎം-ബിജെപി നേതാക്കളുടെ വീടുകള്‍ ആക്രമിക്കപ്പെട്ടു. തലശേരി എം.എല്‍.എ എ.എന്‍. ഷംസീര്‍, മുന്‍ കണ്ണൂര്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.ശശി, ബി.ജെ.പി നേതാവ് വി.മുരളീധരന്‍ എം.പി എന്നിവരുടെ വീടിന് നേരേ ബോംബേറുണ്ടായി.
ബോംബേറുണ്ടായതിന് പിന്നാലെ പെരുവരമ്പില്‍ സിപിഎം പ്രവര്‍ത്തകന് വേട്ടേറ്റിട്ടുണ്ട്. ഇരിട്ടിക്കടുത്ത് പെരുവംപറമ്പില്‍ സി.പി.എം. പ്രവര്‍ത്തകന്‍ വി.കെ.വിശാഖി(28)നാണ് വെട്ടേറ്റത്. കഴുത്തിനും കാലിനും വെട്ടേറ്റ വിശാഖിനെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചയോടെ നിരവധി ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വീടുകളും ആക്രമിക്കപ്പെട്ടു. സിപിഎം-ബിജെപി സംഘര്‍ഷം ഇന്നും തുടരുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കണ്ണൂരിലും പരിസര പ്രദേശങ്ങളിലും ശക്തമായ പോലീസ് കാവലുണ്ട്.
Leave a Reply