ലോക്സഭാ തിരഞ്ഞെടുപ്പില്‍ പി.കരുണാകരന്‍ ഒഴികെയുള്ള എല്ലാ സിറ്റിങ് എം.പിമാരേയും മല്‍സരരംഗത്തിറക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. ചാലക്കുടിയില്‍ നിന്ന് ഇന്നസെന്റിനെ എറണാകുളത്തേക്കു മാറ്റാനും ആലോചനയുണ്ട്. കോട്ടയം സീറ്റ് ജനതാദള്‍ എസില്‍ നിന്ന് തിരിച്ചെടുക്കാനും യോഗം തീരുമാനിച്ചു. സെക്രട്ടേറിയറ്റ് തിരുവനന്തപുരത്തു തുടരുകയാണ്.

ആറ്റിങ്ങലില്‍ എ.സമ്പത്തും പാലക്കാട് എം.ബി.രാജേഷും കണ്ണൂരില്‍ പി.കെ.ശ്രീമതിയും വീണ്ടും ജനവിധി തേടും. ആലത്തൂരില്‍ കെ.രാധാകൃഷ്ണന്റെ പേര് ശക്തമായി ഉയര്‍ന്നിരുന്നെങ്കിലും, പി.കെ.ബിജുവിന് വീണ്ടും അവസരം നല്‍കാനാണ് തീരുമാനം. ഇടുക്കിയില്‍ ജോയ്സ് ജോര്‍ജു തന്നെ സ്വതന്ത്രസ്ഥാനാര്‍ഥിയാകും. കൊല്ലത്ത് കെ.എന്‍.ബാലഗോപാലും സീറ്റുറപ്പിച്ചുകഴിഞ്ഞു. കാസര്‍കോട് പി.കരുണാകരന്‍ മല്‍സരരംഗത്തുണ്ടാവില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്നസെന്റിനെ ചാലക്കുടിയില്‍ നിന്നു മാറ്റി എറണാകുളത്തു മല്‍സരിപ്പിക്കാനുള്ള ചര്‍ച്ച പുരോഗമിക്കുയാണ്. കോട്ടയം തിരിച്ചെടുത്ത് പതിനാറു സീറ്റിലും സി.പി.എം മല്‍സരിക്കണമെന്നാണ് സെക്രട്ടേറിയറ്റിന്റെ പൊതുവികാരം. ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കു ശേഷമായിരിക്കും അന്തിമതീരുമാനം. ഇന്ന് സെക്രട്ടേറിയറ്റ് തയാറാക്കുന്ന പട്ടിക നാളെ ലോക്സഭാ മണ്ഡലം കമ്മിറ്റികള്‍ ചര്‍ച്ച ചെയ്യും. മറ്റന്നാള്‍ മുതല്‍ ചേരുന്ന സംസ്ഥാനസമിതിക്കു ശേഷം കേന്ദ്രനേതൃത്വത്തിന്റെ അംഗീകാരത്തോടെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

കാസര്‍കോട് കെ.പി.സതീഷ് ചന്ദ്രന്‍, ചാലക്കുടിയില്‍ പി.രാജീവ്, കോട്ടയത്ത് സുരേഷ് കുറുപ്പ്, വടകരയില്‍ മുഹമ്മദ് റിയാസ്, കോഴിക്കോട് എ.പ്രദീപ് കുമാര്‍, പത്തനംതിട്ടയില്‍ രാജു എബ്രഹാം മലപ്പുറത്ത് വി.പി.സാനു എന്നിവര്‍ക്കാണ് നിലവില്‍ മുന്‍തൂക്കം. മലപ്പുറത്തും പൊന്നാനിയിലും പൊതുസ്വതന്ത്രരെ പരീക്ഷിക്കുന്ന കാര്യവും സെക്രട്ടേറിയറ്റിന്റെ പരിഗണനയിലുണ്ട്.