കൂത്തുപറമ്പ് നഗരസഭയിലെ നാലാം വാര്‍ഡിലെ കൗണ്‍സിലറും സിപിഎം കൂത്തുപറമ്പ് ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവുമായ പി.പി. രാജേഷിന് വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് ശനിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയത്. കണിയാര്‍ക്കുന്ന് കുന്നുമ്മല്‍ ഹൗസില്‍ താമസിക്കുന്ന പി. ജാനകി (77)യുടെ ഒരു പവനിലധികം തൂക്കമുള്ള മാലയാണ് മോഷണം പോയത്. ഉച്ചയ്ക്ക് 12.30 ഓടെ വീടിന്റെ പിന്‍വശത്ത് മീന്‍ മുറിക്കുമ്പോഴാണ് ഹെല്‍മറ്റ് ധരിച്ച വ്യക്തി മാല പൊട്ടിച്ച് വീടിനുള്ളിലേക്ക് കയറി മുന്‍വശത്തുകൂടെ രക്ഷപ്പെട്ടത്.
കാഴ്ചക്കുറവുള്ളതിനാല്‍ പ്രതിയെ തിരിച്ചറിയാന്‍ കഴിയാതെയിരുന്ന ജാനകിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയപ്പോഴേക്കും മോഷ്ടാവ് സ്കൂട്ടറില്‍ കയറി കടന്നുകളഞ്ഞിരുന്നു. സംഭവസ്ഥലത്ത് എത്തി പോലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതിയെ നഗരസഭ കൗണ്‍സിലറായ രാജേഷ് എന്നാണ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന് പിന്നാലെ, രാജേഷിനെ പാർട്ടി അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി സിപിഎം ജില്ലാ കമ്മിറ്റി അറിയിച്ചു.
Leave a Reply