ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് പി കെ കുഞ്ഞനന്തന്‍ അന്തരിച്ചു. 73 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വ്യാഴാഴ്‌ച (ഇന്നലെ) രാത്രി 9. 25ന് ആയിരുന്നു അന്ത്യം. സംസ്‌കാരം ഇന്നു നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി.
വയറിലെ അണുബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പരോളിൽ കഴിയുന്നതിനിടെയാണ് മരണം. കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് രോഗബാധിതനായത്. 2019 ജനുവരി മുതൽ രോഗബാധിതനായി ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ഞായറാഴ്ച തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.
സിപിഎം പാനൂര്‍ ഏരിയാ കമ്മറ്റി അംഗമാണ്. ടി പി വധ കേസിൽ പതിമൂന്നാം പ്രതിയായ കുഞ്ഞനന്തൻ ജീവ പര്യന്തം തടവിനായിരുന്നു ശിക്ഷിക്കപ്പെട്ടത്. മാർച്ചിലാണ് പികെ കുഞ്ഞനന്തന് ഹൈക്കോടതി പരോൾ അനുവദിച്ചത്. ശിക്ഷ തൽക്കാലത്തേക്ക് റദ്ദാക്കി 3 മാസത്തെ ജാമ്യമായിരുന്നു അനുവദിച്ചിട്ടുള്ളത്. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ആരോഗ്യനില മോശമാണെന്നും ശിക്ഷ റദ്ദാക്കി ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് കുഞ്ഞനന്തൻ കോടതിയെ സമീപിച്ചത്. 85 കിലോ ഉണ്ടായിരുന്ന ഭാരം 30 ആയി കുറഞ്ഞെന്നും ഇപ്പോൾ ലഭിക്കുന്ന ചികിത്സ പോരെന്നും വിദഗ്‌ധ ചികിത്സ വേണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.
ടി പി കേസിൽ 2014 ജനുവരിയിലാണ് കുഞ്ഞനന്തൻ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലാകുന്നത്. ഗൂഢാലോചന കേസിലാണ് വിചാരണ കോടതി കുഞ്ഞനന്തനെ ശിക്ഷിച്ചത്. 2012 മേയ് നാലിന് രാത്രി പത്തേകാലിന് വടകരയ്ക്കടുത്ത് വള്ളിക്കാട്ടുവച്ചാണ് സിപിഎം വിമതനും റവലൂഷണറി മാര്‍ക്‌സിസ്റ്റ് നേതാവുമായ ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്.
മുഖ്യമന്ത്രിദു:ഖം രേഖപ്പെടുത്തി
സി പി ഐ എം പാനൂർ ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്റെ നിര്യാണത്തിൽ
അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
പാർട്ടിയെ അകമഴിഞ്ഞ് സ്നേഹിക്കുകയും പാർട്ടി പ്രവർത്തകരോടും സമൂഹത്തോടും കരുതൽ കാണിക്കുകയും ചെയ്ത സഖാവാണ് കുഞ്ഞനന്തനെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
“പൊതു പ്രവർത്തകൻ എന്ന നിലയിൽ സമൂഹത്തിന്റെ അംഗീകാരം ഏറ്റുവാങ്ങിയ അദ്ദേഹം പാനൂർ മേഖലയിലെ എല്ലാ വിഭാഗം ജനങ്ങളാലും ആദരിക്കപ്പെട്ടു. സന്തപ്ത കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. ” – മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
Leave a Reply