സ്പ്രിന്‍ക്ളര്‍ ഇടപാടിലെ നടപടിക്രമങ്ങള്‍ പുനഃപരിശോധിക്കാൻ സിപിഎം. കോവിഡ് ഭീതി ഒഴിഞ്ഞതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. സ്വകാര്യതയേക്കാള്‍ പ്രാധാന്യം ജീവനെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. അസാധാരണ സാഹചര്യത്തില്‍ അസാധാരണനടപടിയെടുക്കണം. വിവരങ്ങള്‍ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കില്ലെന്ന് ഉറപ്പാക്കുമെന്നും സിപിഎം.
എന്നാൽ സ്പ്രിൻക്ളര്‍ വിവാദത്തില്‍ മുഖ്യമന്ത്രി നല്‍കിയ വിശദീകരണം മാത്രം പോരെന്ന് സിപിഎം കേന്ദ്ര നേതൃത്വം. സംസ്ഥാന നേതൃത്വത്തോട് ഇക്കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് കേന്ദ്രനേതൃത്വം തേടി. അതേസമയം സ്പ്രിൻക്ളര്‍ വിവാദത്തില്‍ സർക്കാരിനെതിരെ ഒളിയമ്പുമായി സി.പി.ഐ മുഖപത്രം ജനയുഗം മുഖപ്രസംഗമെഴുതി
സ്പ്രിൻക്ളര്‍ കമ്പനിയുമായുള്ള കരാര്‍ നിയമപരമാണെന്നും അഴിമതിയില്ലെന്നും വ്യക്തമാക്കി മുഖ്യമന്ത്രി നല്‍കിയ വിശദീകരണക്കുറിപ്പ് സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് കൈമാറിയതിന് പിന്നാലെയാണ് സിപിഎം വിമർശനം. ഇത് മതിയാകില്ലെന്നും പാര്‍ട്ടിയുടെ നിലപാടും ഉള്‍പ്പെടുത്തിയ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചു. മറ്റെന്നാള്‍ അവൈയ്‍ലബിള്‍ പൊളിറ്റ് ബ്യൂറോ ഇക്കാര്യം പരിശോധിക്കും. ഡേറ്റയുമായി ബന്ധപ്പെട്ട പാർട്ടിനിലപാടിനെ പോലും മുഖ്യമന്ത്രി സംശയനിഴലിലാക്കിയെന്ന വികാരം കേന്ദ്രനേതൃത്വത്തിനുണ്ട്.സിപിഎമ്മിനെയോ സർക്കാരിനെയോ നേരിട്ട് പരാമർശിക്കാതെയാണ് ജനയുഗത്തിന്റെ മുഖപ്രസംഗം.
അതേസമയം, സ്പ്രിന്‍ക്ളര്‍ ഇടപാടില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ നിശിതവിമര്‍ശനം. സ്പ്രിന്‍ക്ളര്‍ കൈകാര്യം ചെയ്യുന്ന ഡേറ്റ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് സര്‍ക്കാരിന് ഉറപ്പുണ്ടോയെന്ന് കോടതി ചോദിച്ചു. ഏത് സാഹചര്യത്തിലാണ് സ്പ്രിന്‍ക്ളറുമായുള്ള കേസുകള്‍ ന്യൂയോര്‍ക്ക് കോടതിയില്‍ നടത്താനുള്ള കരാറിന് സര്‍ക്കാര്‍ സമ്മതിച്ചതെന്ന് വ്യക്തമാക്കണം. നിയമവകുപ്പിന്‍റെ അറിവില്ലാതെ ഐടി സെക്രട്ടറി എന്തുകൊണ്ട് കരാറില്‍ ഒപ്പിട്ടുവെന്നും വിശദീകരിക്കണം. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സര്‍ക്കാര്‍ നാളത്തെന്നെ സത്യവാങ്മൂലം സമര്‍പ്പിക്കണം.
കോവിഡ് രോഗികളുടെ നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുന്നില്ലെന്ന സര്‍ക്കാര്‍ നിലപാടിനെ കോടതി നിശിതമായി വിമര്‍ശിച്ചു. ഡേറ്റയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നിര്‍ണായകമാണ്. സ്പ്രിന്‍ക്ളര്‍ കൈകാര്യം ചെയ്യുന്ന ഡേറ്റയുടെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനായിരിക്കും. ഡേറ്റ ദുരുപയോഗം ചെയ്യപ്പെട്ടാല്‍ സര്‍ക്കാരിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ വ്യക്തികള്‍ക്ക് അവകാശമുണ്ടെന്നും കോടതി ഓര്‍മിപ്പിച്ചു. കോവിഡ് പകര്‍ച്ചവ്യാധി അവസാനിക്കുന്പോള്‍ ഡേറ്റാ പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.
Leave a Reply