സ്‌കൂട്ടറിൽ വച്ചിരുന്ന മാലിന്യ പായ്ക്കറ്റ് റോഡരികിൽ ഉപേക്ഷിച്ച പഞ്ചായത്ത് അംഗത്തിന്റെ നടപടിക്കെതിരെ ഹൈക്കോടതിയും ഇടപെട്ടു. മാലിന്യം റോഡരികിൽ തട്ടിയ അംഗത്തിനെതിരെ എന്തു നടപടിയെടുത്തെന്ന് അറിയിക്കാൻ ഹൈക്കോടതി സർക്കാരിനു നിർദേശം നൽകി.

മൂവാറ്റുപുഴ താലൂക്കിലെ മഞ്ഞള്ളൂർ പഞ്ചായത്ത് 13-ാം വാർഡ് അംഗവും സിപിഎം നേതാവുമാണ് പി.എസ്.സുധാകരൻ. ഇയാൾ വഴിയരികിലേക്കു മാലിന്യം തട്ടുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.

സ്കൂട്ടറിലെത്തിയ സുധാകരൻ ആവോലി പഞ്ചായത്ത് പരിധിയിൽ ആളൊഴിഞ്ഞ സ്ഥലമെത്തിയപ്പോൾ വാഹനത്തിൽ സൂക്ഷിച്ചിരുന്ന മാലിന്യം കാലു കൊണ്ടു തട്ടി റോഡരികിൽ നിക്ഷേപിക്കുകയായിരുന്നു. ഈ രംഗങ്ങൾ സഹിതം പ്രദേശവാസികൾ പഞ്ചായത്ത് അധികൃതർക്കു പരാതി നൽകി. പ്രതിഷേധം ശക്ത‌മായതോടെ 1,000 രൂപ പിഴയടച്ചു തലയൂരി. പഞ്ചായത്തിൽ മാലിന്യം തള്ളുന്നതിനു 10,000 രൂപയാണു പിഴയെങ്കിലും ചെറിയ തുക പിഴയടപ്പിച്ച വിഷയത്തിലും പ്രതിഷേധം ഉയർന്നിരുന്നു. പഞ്ചായത്ത് അംഗം എന്ന നിലയിൽ സമൂഹത്തിനു മാതൃകയാകേണ്ട ആൾ തന്നെയാണു സാമൂഹികവിരുദ്ധരെ പോലെ പൊതുസ്‌ഥലത്ത് മാലിന്യം തള്ളിയത് എന്ന് ആക്ഷേപം ഉയർന്നു. ഈ സാഹചര്യത്തിൽ സുധാകരനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് യൂത്ത് കോൺഗ്രസ് പരാതിയും നൽകിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാലിന്യം തട്ടുന്ന ദൃശ്യം സമീപത്തെ സിസിടിവിയിൽ പതിഞ്ഞതാണു സുധാകരനു വിനയായത്. ഈ സംഭവത്തിനു ശേഷം അറവുമാലിന്യങ്ങൾ പഞ്ചായത്തിൽ തള്ളിയവർക്കെതിരെ സുധാകരൻ പ്രതികരിച്ചതോടെ ആരോ ഇത് ‘ഫുട്ബോൾ’ വിഡിയോ കമൻ്റിന്റെ രൂപത്തിൽ സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയായിരുന്നു.

സംഭവം വിവാദമായതോടെ, വണ്ടി ഓടിച്ച് സ്‌പീഡിൽ പോകുമ്പോൾ താഴെപ്പോകാൻ ശ്രമിച്ച പായ്ക്കറ്റ് കാലുകൊണ്ടു പൊക്കി നേരെ വയ്ക്കാൻ ശ്രമിക്കുന്ന രംഗമാണു തൊഴിച്ചു കളയുന്നതായി എഡിറ്റ് ചെയ്തിരിക്കുന്നത് എന്ന് സുധാകരൻ വിശദീകരിച്ചിരുന്നു.