കണ്ണൂർ: പിണറായിൽ സിപിഎം പ്രവർത്തകന്റെ കൈയിൽ ബോംബ് പൊട്ടിത്തെറിച്ച് ഗുരുതര പരിക്ക്. പിണറായി വെണ്ടുട്ടായിൽ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സ്ഫോടനം ഉണ്ടായത്. കനാൽക്കരയിലെ ആളൊഴിഞ്ഞ പ്രദേശത്ത് ഉണ്ടായ ഉഗ്ര സ്ഫോടനത്തിൽ സിപിഎം പ്രവർത്തകനായ വിപിൻ രാജിന്റെ വലത് കൈപ്പത്തി പൂർണമായി ചിതറിയതായാണ് വിവരം. പരിക്കേറ്റ വിപിൻ രാജിനെ ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓലപ്പടക്കം പൊട്ടിക്കുമ്പോൾ ഉണ്ടായ അപകടമാണെന്നായിരുന്നു ആശുപത്രിയിലും പൊലീസിനോടും നൽകിയ വിശദീകരണം.
എന്നാൽ, പാനൂർ ഉൾപ്പെടെയുള്ള മേഖലകളിൽ സിപിഎം വ്യാപകമായി ബോംബ് നിർമ്മാണം നടത്തുകയാണെന്നാരോപിച്ച് കോൺഗ്രസ് രംഗത്തെത്തി. ഇന്നലെ രണ്ട് നാടൻ ബോംബുകൾ കണ്ടെടുത്ത സാഹചര്യത്തിൽ സംഭവം ഗൗരവമായി കാണണമെന്ന് കെപിസിസി ആവശ്യപ്പെട്ടു. അക്രമികളെ സിപിഎമ്മും പൊലീസും സംരക്ഷിക്കുകയാണെന്നും, ആയുധ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും കെപിസിസി പ്രസിഡന്റ് വിമർശിച്ചു.
ഇതിനിടെ, നാലാം ദിവസവും പാനൂർ–പാറാട് മേഖലയിൽ രാഷ്ട്രീയ സംഘർഷാവസ്ഥ തുടരുകയാണ്. സിപിഎം സൈബർ ഗ്രൂപ്പുകൾ ലീഗ് പ്രവർത്തകരെ ലക്ഷ്യമിട്ട് കൊലവിളിയും ഭീഷണിയും തുടരുന്നതായാണ് ആരോപണം. സ്റ്റീൽ ബോംബ് എറിയുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരിക്കുകയാണ്. സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ, പാനൂർ കുന്നോത്തുപറമ്പ് പഞ്ചായത്തിൽ യുഡിഎഫ് അധികാരം പിടിച്ചതിനെ തുടർന്നുണ്ടായ ആഹ്ലാദ പ്രകടനത്തിൽ നിന്ന് ആരംഭിച്ച പ്രശ്നങ്ങൾ നിയന്ത്രിക്കാൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മേഖലയിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.











Leave a Reply