നിപ്പ രോഗബാധയ്ക്ക് ഏറ്റവും ഫലപ്രദമെന്നു കണ്ടെത്തിയ ഓസ്ട്രേലിയൻ മരുന്ന് കേരളത്തിൽ എത്തിക്കാൻ ആരോഗ്യ വകുപ്പ് ശ്രമം തുടങ്ങി. ഓസ്ട്രേലിയയിൽ മോണോക്ലോണൽ ആന്റിബോഡീസ് എം 102.4 എന്ന വിഭാഗത്തിൽപ്പെടുന്ന മരുന്ന് ഉപയോഗിച്ച എല്ലാവരും ഹെൻഡ്ര വൈറസ് രോഗബാധ തരണം ചെയ്തിരുന്നു. വൈറസ് രോഗബാധയെ തുടർന്ന് ഓസ്ട്രേലിയ സ്വയം വികസിപ്പിച്ചെടുത്തതാണിത്. കേന്ദ്ര സർക്കാർ ശ്രമം നടത്തിയാൽ ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിൽനിന്നു മരുന്ന് എത്തിക്കാനാകും. ഇടപെടണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിനു കത്തെഴുതിയിട്ടുണ്ട്.
ഓസ്ട്രേലിയയിലെ ചീഫ് ഹെൽത്ത് ഓഫിസറുമായി ആരോഗ്യ സെക്രട്ടറിയും വിഷയം സംസാരിച്ചു. ലോകാരോഗ്യ സംഘടനയുടെ ഇടപെടൽ വഴി മരുന്നു സൗജന്യമായും പെട്ടെന്നും ലഭ്യമാക്കാനുള്ള ശ്രമമാണു നടത്തുന്നത്. ഹെൻഡ്ര വൈറസ് ബാധയെ തുടർന്നാണ് ക്വീൻസ്‌ലൻഡ് ആരോഗ്യവകുപ്പിലെ ഹെൻഡ്ര വൈറസ് ദൗത്യ സംഘം 2013 ൽ മരുന്ന് കണ്ടെത്തുന്നത്. മരുന്നുപയോഗിച്ച 11 പേരിൽ പത്തു പേരും രോഗം തരണം ചെയ്തു. ശരീരത്തിൽ ആന്റിബോഡികൾ ഉൽപാദിപ്പിക്കുന്ന രാസവസ്തുവാണിത്.
മരുന്നു കേരളത്തിനു ലഭ്യമാക്കുന്നതു സംബന്ധിച്ചു ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഇന്നലെ ആരോഗ്യ വകുപ്പു അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനുമായി ഫോണിൽ സംസാരിച്ചു. നിലവിൽ റൈബവൈറിൻ എന്ന മലേഷ്യൻ മരുന്നാണു നിപ്പ രോഗബാധിതരായവർക്കു നൽകുന്നത്. റൈബവൈറിൻ പൂർണമായി ഫലപ്രദമല്ലെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പു വേറെ മരുന്നിനായി അന്വേഷണം ആരംഭിച്ചത്.
Leave a Reply