സി.ആര്‍.നീലകണ്ഠന്‍

ഇ പി ജയരാജന്‍ വ്യവസായ വാണിജ്യ യുവജന ക്ഷേമ വകുപ്പ് മന്ത്രിയായി ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. അതിനെതിരെ പ്രതിപക്ഷം വളരെ ശക്തമായ രീതിയില്‍ ആക്ഷേപമുന്നയിച്ചു. വിഎസ് അച്യുതാനന്ദന്‍ ആകട്ടെ തന്റെ അസാന്നിധ്യം കൊണ്ട് പ്രതിഷേധം അറിയിക്കുന്നു എന്ന സൂചനകളും ഉണ്ടായി. ഏതു മന്ത്രിസഭയിലും ആരെ മന്ത്രിയാക്കണമെന്ന് തീരുമാനിക്കാനുള്ള അന്തിമമായ അവകാശം മുഖ്യമന്ത്രിക്കാണ്. അവരുടെ പാര്‍ട്ടിക്കാണ്.

ജയരാജന്‍ നിലവില്‍ എംഎല്‍എയാണ് എന്നുള്ളതും ജയരാജനു മേല്‍ ഇപ്പോള്‍ കേസുകള്‍ ഇല്ല എന്നുള്ളതും കണക്കാക്കിയാല്‍ ജയരാജനെ മന്ത്രിയാക്കുന്നതില്‍ നിയമപരമായി ഒരുതെറ്റും ചൂണ്ടിക്കാണിക്കാന്‍ ആര്‍ക്കും കഴിയില്ല.

ധാര്‍മികതയുടെ വിഷയമാണ് ഉന്നയിക്കുന്നത് എങ്കില്‍ അത് പ്രതിപക്ഷത്തിന് ഉന്നയിക്കാന്‍ എന്താണ് അവകാശം എന്ന ചോദ്യം ന്യായമാണ്. 21 മന്ത്രിമാരെ വച്ച് കേരളം ഭരിച്ചവരാണ് യുഡിഎഫ്. ഒപ്പം ചീഫ് വിപ്പ് സ്ഥാനം അടക്കം മറ്റു നിരവധി സ്ഥാനങ്ങളും അവരും നല്‍കിയിരുന്നു. അത്രത്തോളംതന്നെയേ ഇടതുപക്ഷവും ഇപ്പോള്‍ ചെയ്യുന്നുള്ളൂ.

അഴിമതിയാരോപണം ഏല്‍ക്കേണ്ടിവന്ന വിജിലന്‍സ് അന്വേഷണം നടന്നു കൊണ്ടിരുന്ന അഞ്ചു പേര്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഉണ്ടായിരുന്നു എന്നത് നമ്മള്‍ മറന്നുകൂടാ.

ജയരാജനെതിരെ അഴിമതി ആരോപണം ഉന്നയിക്കപ്പെട്ടു എങ്കിലും അത് വിജിലന്‍സ് അന്വേഷണത്തിലൂടെ തള്ളിക്കളയുകയും അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തിട്ടുള്ളതാണ്.ആ അര്‍ത്ഥത്തിലും പ്രതിപക്ഷത്തിന് ഇക്കാര്യത്തില്‍എന്തെങ്കിലും ധാര്‍മികത ഉന്നയിക്കാന്‍ അവകാശമുണ്ട് എന്ന് കരുതാനാവില്ല.

പക്ഷേ ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് പുറത്തു നിന്നുകൊണ്ട് ഒരു സാധാരണ മനുഷ്യന്‍ ഈ വിഷയത്തെ കാണുമ്പോള്‍ ഒട്ടനവധി പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരും എന്നത് തീര്‍ച്ചയാണ്.

കേരളം ഇന്നുവരെ കണ്ടിട്ടുള്ള ഏറ്റവും വലിയ പ്രളയ ദുരിതത്തില്‍ അകപ്പെട്ടു നില്‍ക്കുമ്പോള്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കാന്‍ വേണ്ട പണം സാധാരണ ജനങ്ങളില്‍ നിന്നു പോലും പിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുമ്പോള്‍, ഒരു വര്‍ഷം 10 മുതല്‍ 15 കോടി രൂപ വരെ അധികചിലവുവരുന്ന മന്ത്രിയുടെയും ചീഫ് വിപ്പിന്റേയും പുതിയ സ്ഥാനങ്ങള്‍ നല്‍കേണ്ടതുണ്ടോ എന്ന ചോദ്യം ഉയരാം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിജിലന്‍സ് അന്വേഷണമൊക്കെ നടക്കുന്നതിനു മുമ്പ് തന്നെ ജയരാജന്‍ തെറ്റു ചെയ്തു എന്ന് പാര്‍ട്ടി വിലയിരുത്തിയതാണ്. ആ തെറ്റ് ഇപ്പോള്‍ എങ്ങനെ ഇല്ലാതായി? ജയരാജന്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോള്‍ പകരം ഒരാളെ മന്ത്രിയാക്കി. ജയരാജന്‍ മന്ത്രിയാകുമ്പോള്‍ അദ്ദേഹത്തെ അല്ലെങ്കില്‍ മറ്റൊരു മന്ത്രിയെ ഒഴിവാക്കേണ്ടതില്ലേ എന്ന ചോദ്യവും ഉയര്‍ന്നുവരുന്നു.

പ്രതിപക്ഷത്ത് ആയിരുന്ന കാലത്ത് യുഡിഎഫ് ചീഫ് വിപ്പ് പദവി കൊണ്ടുവന്ന സമയത്തും ലീഗിന്റെ അഞ്ചാം മന്ത്രി വിവാദം വന്നപ്പോഴും അതിനെ ശക്തമായി എതിര്‍ത്തവരാണ് ഇന്നത്തെ ഭരണപക്ഷം. അന്നത്തെ അവരുടെ ധാര്‍മികത മറ്റൊന്നായിരുന്നു. ചീഫ് വിപ്പ് പദവി കൊണ്ടുവന്നതിനെ അന്ന് അതിനിശിതമായി വിമര്‍ശിച്ചതിന്റെ മുന്‍പന്തിയില്‍ നിന്നത് ഇടതു പക്ഷത്തു നിന്നുള്ള സിപിഐ ആണ്. ചീഫ് വിപ്പ് സ്ഥാനം ആഭരണമാണ്, അലങ്കാരമാണ്, അധികച്ചെലവാണ് എന്ന് സിപിഐ നേതാക്കള്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോഴും നമ്മുടെ ആര്‍ക്കൈവുകളില്‍ ഉണ്ടാവും.

ഇവിടെയാണ് സാധാരണമനുഷ്യര്‍ വല്ലാതെ വേവലാതിപ്പെടുന്നത്.
ഇന്ന് സംസ്ഥാനത്ത് വിജിലന്‍സ് എന്നൊരു സംവിധാനം തന്നെ ഉണ്ടെന്നു പറയാനാകില്ല മുന്‍ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ പ്രതിപക്ഷം ഉന്നയിച്ച മാണിക്കെതിരായ കേസ് പോലും ഇല്ലാതായി. ഒരു രാഷ്ട്രീയ നേതാവും അഴിമതി നടത്തിയതായി ഒരിക്കലും തെളിയില്ലെന്നു വീണ്ടും സ്ഥാപിക്കപ്പെട്ടു.

ഭരണത്തില്‍ ഇരിക്കുമ്പോള്‍ എല്ലാ കക്ഷികള്‍ക്കും ഒരേ ധാര്‍മികതയുടെ അളവുകോല്‍ ആണ്. പ്രതിപക്ഷത്ത് ഇരിക്കുമ്പോഴും ഇതേ പോലെ ഇരുകൂട്ടര്‍ക്കും ധാര്‍മികതയുടെ അളവുകള്‍ ഒന്നു തന്നെയാണ്. ഏതു കക്ഷി ഭരണത്തില്‍ വന്നാലും ഒരേ നിലപാടുകള്‍ സ്വീകരിക്കുന്നു. ഭരണത്തിലെത്തിയാല്‍ നയം മാറ്റുന്നു. ഒരു മനസ്സാക്ഷിക്കുത്തുമില്ല. ഇടതുപക്ഷം യുഡിഎഫില്‍ നിന്നും വ്യത്യസ്തമാണ് എന്ന് അവകാശപ്പെടാന്‍ ഇനിമേല്‍ ഒരു ധാര്‍മികതയും അവര്‍ക്കില്ല.

മറ്റൊരു പ്രശ്‌നമായി പറഞ്ഞുകേള്‍ക്കുന്നത് മുഖ്യമന്ത്രി കുറച്ചുനാളത്തേക്ക് ചികിത്സാര്‍ത്ഥം അമേരിക്കയിലേക്ക് പോകുന്നു എന്നും ആ സമയത്ത് ആ ചുമതല ഏല്‍പ്പിക്കാന്‍ ഏറ്റവും വിശ്വസ്തനായ ഒരാള്‍ തന്നെ വേണമെന്നും തീരുമാനിക്കപ്പെട്ടതിനാലാണ് ഇപി ജയരാജനെ മന്ത്രിയാക്കുന്നത് എന്നതാണ്. ഇത് ശരിയെങ്കില്‍ ജനങ്ങളോടും പാര്‍ട്ടിയോടും ചെയ്യുന്ന ഒരു വഞ്ചനയാണ്. പാര്‍ട്ടിയുടെ സ്ഥാനമാനങ്ങള്‍ അനുസരിച്ചച്ച് ജയരാജന്റ ഒപ്പം കേന്ദ്രകമ്മിറ്റി അംഗങ്ങളായ മൂന്നുപേരെങ്കിലും ഇപ്പോള്‍ തന്നെ മന്ത്രിസഭയില്‍ ഉണ്ട് ഷൈലജ ടീച്ചറും, തോമസ് ഐസക്കും, എ കെ ബാലനും.
അങ്ങനെയെങ്കില്‍ ഈ മൂന്നുപേരില്‍ ഒരാളെ ഏല്‍പ്പിക്കാതെ, പുറത്തുനില്‍ക്കുന്ന നാലാമത് ഒരാളെക്കൂടി ഏല്‍പ്പിക്കാന്‍ വേണ്ടി ഇങ്ങനെ ഒരു അഭ്യാസം നടത്തേണ്ടതുണ്ടോ? ഉണ്ടെങ്കില്‍ അത് പാര്‍ടിയുടെ ഏത് അവസ്ഥയാണ് സൂചിപ്പിക്കുന്നത് എന്ന് നാം ഓര്‍ക്കേണ്ടതുണ്ട്. പാര്‍ട്ടിക്ക് ആരെയും മന്ത്രിയാക്കാം എന്നത് ഒരു വാദമായി അംഗീകരിച്ചാല്‍ പോലും അതിന് 10 മുതല്‍ 15കോടി രൂപ വരെ സാധാരണക്കാരുടെ നികുതിപ്പണം അധികം ചെലവാക്കേണ്ടതു ണ്ടോ എന്ന ചോദ്യം വളരെ പ്രസക്തമാകുന്നു. അതും സര്‍ക്കാരിന്റെയും ജനങ്ങളുടേയും ഈ ക്ഷാമ കാലത്ത്.

ഈ വിഷയത്തില്‍ വി എസ് അച്യുതാനന്ദന്‍ തന്റെ അസാന്നിധ്യം കൊണ്ട് എതിര്‍പ്പു പ്രകടിപ്പിച്ചു എന്ന് പറയുന്നതിലും വലിയ അര്‍ത്ഥമില്ല . ഈ സര്‍ക്കാരില്‍ നിന്നും മുഖ്യമന്ത്രി പദത്തിനു പകരമായി അദ്ദേഹം ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ എന്ന ആലങ്കാരിക പദവി തന്നെയാണ് ക്യാബിനറ്റ് പദവികൊണ്ട് തൃപ്തിപ്പെട്ട ആളാണ്. തന്നെയുമല്ല ബാലകൃഷ്ണപിള്ള എന്ന അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ഏക രാഷ്ട്രീയ നേതാവിനെ ക്യാബിനറ്റ് പദവി നല്‍കി ല്‍കി മുന്നോക്ക കമ്മീഷന്‍ ചെയര്‍മാന്‍ ആക്കി നിയമിക്കുന്നതിനും അദ്ദേഹത്തിന് യാതൊരുവിധ ധാര്‍മിക രോഷവും ഉണ്ടായതായി നമുക്കറിവില്ല. ഈ സാഹചര്യത്തില്‍ പുതിയൊരാളെ മന്ത്രി ആക്കുകയും ഒരാളെ ചീഫ് വിപ്പ് ആക്കുകയും ചെയ്യുന്ന നടപടിയോട് വി എസ് അച്യുതാനന്ദന് പ്രതിഷേധമുണ്ട് എന്നുപറഞ്ഞാല്‍ അതില്‍ എന്തെങ്കിലും അര്‍ത്ഥം കാണാന്‍ സാധാരണ മനുഷ്യര്‍ക്കു കഴിയില്ല.

ഇവിടെ വലിയ ഒരു ചോദ്യം ഉയരുന്നു ഇടതില്‍നിന്നു വലതിലേക്കും, തിരിച്ച് വലതില്‍ നിന്ന് ഇടതിലേക്കും അയ്യഞ്ചു കൊല്ലം കൂടുമ്പോള്‍ ഭരണം മാറുന്ന കേരളത്തില്‍ ഈ മാറ്റം കൊണ്ട് ഫലത്തില്‍ ഒന്നും ഉണ്ടാവുന്നില്ല എന്നതാണ് ജനങ്ങള്‍ തിരിച്ചറിയേണ്ട ഒരു സത്യം. ധാര്‍മികതയുടെ അളവുകോല്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തും എത്തുമ്പോള്‍ വ്യത്യസ്തമാകുന്നു എന്ന ഈ അറിവ് രാഷ്ട്രീയ ധാര്‍മികത യെക്കുറിച്ചുള്ള നമ്മുടെ ചര്‍ച്ചകള്‍ മറ്റൊരു ദിശയിലേക്ക് തിരിച്ചുവിടാന്‍ സമയമായി എന്ന് കരുതുന്നു.