ലണ്ടന്‍: ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കിക്കൊണ്ട് അപകടങ്ങള്‍ കുറയ്ക്കാനുള്ള നീക്കങ്ങള്‍ക്ക് ജനങ്ങള്‍ പുല്ലുവിലയാണ് കല്‍പിക്കുന്നതെന്ന് കണക്കുകള്‍. മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിച്ച് പിടിക്കപ്പെടുന്നവരുടെ എണ്ണം ദിവസവും 200 ലേറെ വരുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷ വര്‍ദ്ധിപ്പിച്ച് ഒരു മാസം പിന്നിട്ടപ്പോള്‍ 6000 ആളുകളെ ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിടിക്കുകയും ശിക്ഷിക്കുകയും ചെയ്തുവെന്നാണ് കണക്കുകള്‍. പ്രസ് അസോസിയേഷന് ലഭിച്ച രേഖകളാണ് ഇത് വ്യക്തമാക്കുന്നത്.

ഓരോ ഏഴ് മിനിറ്റിലും നിയമലംഘനങ്ങള്‍ നടക്കുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. കടുത്ത ശിക്ഷകള്‍ ഏര്‍പ്പെടുത്തുകയും ശക്തമായ പ്രചാരണ പരിപാടികള്‍ ആരംഭിക്കുകയും ചെയ്‌തെങ്കിലും അപകടകരമായ ശീലങ്ങളില്‍ നിന്ന് വാഹനമോടിക്കുന്നവര്‍ പിന്തിരിയുന്നില്ല എന്നതാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. വളരെ ആശങ്കാജനകമാണ് ഈ പ്രവണതയെന്ന് ക്യാംപെയിന്‍ ഗ്രൂപ്പുകള്‍ പറയുന്നു. മാര്‍ച്ച് 1 മുതലാണ് മൊബൈല്‍ ഉപയോഗിച്ചുകൊണ്ടുള്ള ഡ്രൈവിംഗിന്റെ ശിക്ഷ വര്‍ദ്ധിപ്പിച്ചത്. 100 പൗണ്ടും മൂന്ന് പെനാല്‍റ്റി പോയിന്റും എന്ന മുന്‍ ശിക്ഷ 200 പൗണ്ടും 6 പെനാല്‍റ്റി പോയിന്റുമായാണ് വര്‍ദ്ധിപ്പിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുതുതായി ലൈസന്‍സ് നേടിയവര്‍ ഈ വിധത്തില്‍ പിടിക്കപ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. യുകെയിലെ പോലീസ് സേനകളില്‍ നിന്ന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച വിവരങ്ങളിലാണ് ഈ കണക്കുകള്‍ ഉള്ളത്. എന്നാല്‍ 7 സേനകള്‍ തങ്ങളുടെ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ല. അതു കൂടി കണക്കുകൂട്ടിയാല്‍ നിയമം ലംഘിക്കുന്നവരുടെ എണ്ണം ഞെട്ടിക്കുന്നതായിരിക്കുമെന്നാണ് വിലയിരുത്തല്‍.