അഫ്ഗാനിസ്താനിലെ സ്ത്രീകളെ കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് താലിബാന്‍ വ്യക്തമാക്കിയതിനു പിന്നാലെ മറുപടിയുമായി ക്രിക്കറ്റ് ഓസ്ട്രേലിയ. സ്ത്രീകളെ പിന്തുണക്കുന്നില്ലെങ്കില്‍ അഫ്ഗാനിസ്ഥാന്‍ പുരുഷ ടീമുമായി നവംബറില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരങ്ങളില്‍ നിന്നും പിന്മാറുന്നുവെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചത്.
ഈ വര്‍ഷം നവംബര്‍ 27 മുതല്‍ ഹൊബാര്‍ട്ടില്‍ നടക്കേണ്ടിയിരുന്ന മത്സരത്തിന് ആതിഥേയത്വം വഹിക്കില്ലെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രത്തിലെ ആദ്യ ടെസ്റ്റിനാണ് ഹൊബാര്‍ട്ട് വേദിയാവേണ്ടിയിരുന്നത്.
‘വനിതാ ക്രിക്കറ്റിന്റെ ആഗോള തലത്തിലെ വളര്‍ച്ചയ്ക്ക് ക്രിക്കറ്റ് ഓസ്ട്രേലിയ വളരെ അധികം പ്രാധാന്യം നല്‍കുന്നു. എല്ലാവര്‍ക്കും ഭാഗമാവാനാവുന്നതാണ് ക്രിക്കറ്റ്. അഫ്ഗാനിസ്ഥാനില്‍ വനിതാ ക്രിക്കറ്റിന് പിന്തുണ ലഭിക്കില്ല എന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഹൊബര്‍ട്ടില്‍ നടക്കാനിരുന്ന അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റില്‍ നിന്ന് ഞങ്ങള്‍ പിന്മാറുന്നു’- പ്രസ്താവനയില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.
ഒരു കായിക മത്സരങ്ങളിലും വനിതകളുടെ സാന്നിധ്യം അനുവദിക്കില്ലെന്ന് താലിബാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കായിക മത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ സ്ത്രീകള്‍ക്ക് മുഖവും ശരീരവും മറയ്ക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്നതിനാലാണ് താലിബാന്‍ ഇത്തരത്തിലുള്ള നിലപാട് എടുത്തിരിക്കുന്നത്. ഒരു കായിക ഇനത്തിലും പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നാണ് താലിബാന്‍ ബുധനാഴ്ച വിശദമാക്കിയത്.
‘കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്ന അവസ്ഥയില്‍ മുഖവും ശരീരവും മറയ്ക്കാത്ത ഒരു സാഹചര്യം അവര്‍ അഭിമുഖീകരിച്ചേക്കാം. സ്ത്രീകളെ ഇങ്ങനെ കാണാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. ഇത് മാധ്യമ യുഗമാണ്. ഫോട്ടോകളും വീഡിയോകളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ആളുകള്‍ അത് കാണാനും സാധ്യതയുണ്ട്. തുറന്നുകാണിക്കുന്ന രീതിയിലുള്ള ക്രിക്കറ്റ് അടക്കമുള്ള ഒരു കായിക മത്സരത്തിലും അതിനാല്‍ സ്ത്രീകളെ പങ്കെടുക്കാനനുവദിക്കില്ല’- താലിബാന്റെ സാംസ്‌കാരിക കമ്മീഷന്റെ ഡെപ്യൂട്ടി ചീഫായ അഹമ്മദുള്ള വാസിക് വിശദമാക്കി.
ഈ തീരുമാനം അഫ്ഗാനിസ്ഥാന്‍ പുരുഷ ടീമിന്റെ ടെസ്റ്റ് പദവിയും ഭീഷണിയിലാക്കിയിരിക്കുകയാണ്. ഐ സി സി അംഗങ്ങളായ രാജ്യങ്ങള്‍ക്ക് എല്ലാം ഒരു ദേശീയ വനിതാ ടീം ഉണ്ടായിരിക്കണമെന്നാണ് മാനദണ്ഡം. ഇത് പാലിക്കുന്നവര്‍ക്ക് മാത്രമാണ് ടെസ്റ്റ് പദവി ഐ സി സി അനുവദിക്കുക. അഫ്ഗാനില്‍ വനിതാ ക്രിക്കറ്റിന് വിലക്കു വന്നതിനാല്‍ അത് പുരുഷ ടീമിനെയും ബാധിച്ചേക്കും.
2020 നവംബറിലാണ് 25 വനിതാ ക്രിക്കറ്റ് താരങ്ങളുമായി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് കരാറില്‍ ഏര്‍പ്പെട്ടത്. 40 വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് 21 ദിവസം കാബൂളില്‍ വച്ച് പരിശീലന ക്യാംപും നടത്തിയിരുന്നു. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (എ സി ബി) തങ്ങളുടെ ആദ്യ വനിതാ ദേശീയ ടീമിനെ മത്സരിപ്പിക്കുവാന്‍ തയ്യാറെടുക്കുന്ന അവസരത്തിലാണ്, പുതുതായി രാജ്യം കീഴ്‌പ്പെടുത്തി ഭരണം സ്ഥാപിച്ച താലിബാന്‍ ഭീകരര്‍ വിലക്കുമായി എത്തിയത്.
Leave a Reply