വെല്ലിംഗ്ടണ്‍ ടെസ്റ്റില്‍ ഇന്ത്യയെ 10 വിക്കറ്റിന് പരാജയപ്പെടുത്തി ന്യുസീലന്‍ഡ്. രണ്ടാം ഇന്നിംഗ്‌സില്‍ 8 റണ്‍സിന്റെ ലീഡ് ഉയര്‍ത്തിയ ഇന്ത്യയെ ന്യൂസീലന്‍ഡ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ രണ്ട് ഓവറിനുള്ളില്‍ മത്സരം പൂര്‍ത്തിയാക്കി വിജയം സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്‌സില്‍ നാലിന് 144 എന്ന നിലയില്‍ തുടങ്ങിയ ഇന്ത്യ 191 റണ്‍സിന് പുറത്താകുകയായിരുന്നു. 47 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവസാന ആറ് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ടിം സൗത്തി അഞ്ചും ട്രെന്‍ഡ് ബോള്‍ട്ട് നാലും വിക്കറ്റ് വീഴ്ത്തി. രണ്ട് ഇന്നിംഗ്‌സിലുമായി 9 വിക്കറ്റ് നേടിയ ടിം സൗത്തിയാണ് മാന്‍ ഓഫ് ദ മാച്ച്. രണ്ടാം ടെസ്റ്റ് 29ന് ഓവലില്‍ തുടങ്ങും.

ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 165 റണ്‍സ് നേടിയപ്പോള്‍ ആതിഥേയര്‍ ഒന്നാം ഇന്നിംഗ്‌സില്‍ 348 റണ്‍സിന് ഓള്‍ഔട്ടായി. 183 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി മായങ്ക് അഗര്‍വാള്‍ മാത്രമാണ് കാര്യമായ ചെറുത്തുനില്‍പ്പ് നടത്തിയത്. അഗര്‍വാള്‍ 58 റണ്‍സ് നേടിയപ്പോള്‍ രഹാനെ 29 ഉം പന്ത് 25 ഉം റണ്‍സ് നേടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരിക്കല്‍ കൂടി പൃഥ്വി ഷാ പരാജയപ്പെട്ടപ്പോള്‍ ചേതേശ്വര്‍ പൂജാര 11 റണ്‍സിനും നായകന്‍ വിരാട് കോലി 19 റണ്‍സിലും ബാറ്റുതാഴ്ത്തി. കിവിസ് മണ്ണിലെ പരാജയം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ അപരാജിത കുതിപ്പിന് തിരിച്ചടിയായി. അതേസമയം തോല്‍വി ഇന്ത്യയെ നാണക്കേടിലേക്കും തള്ളിവിട്ടു.52 വര്‍ഷങ്ങള്‍ക്കു ശേഷം വെല്ലിംഗ്ടണില്‍ ഒരു ജയം പ്രതീക്ഷിച്ച് ഇറങ്ങിയ ടീം ഇന്ത്യയ്ക്ക് വിജയിക്കാനായില്ല. 1968 ല്‍ വിജയം നേടിയ ശേഷം ഇവിടെ 2020 ലും ഇന്ത്യ ടെസ്റ്റ് ജയിച്ചില്ല. 1968-ല്‍ ആയിരുന്നു ഈ വേദിയില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരം. അതില്‍ ഇന്ത്യ എട്ടു വിക്കറ്റിന്റെ ജയം നേടുകയും ചെയ്തു. ഇവിടെ കളിച്ച ഏഴ് ടെസ്റ്റുകളില്‍ പട്ടൗഡിയുടെ നേതൃത്വത്തിലുള്ള ഒരേയൊരു വിജയം മാത്രമാണ് ഇന്ത്യയ്ക്കുള്ളത്. ന്യൂസീലന്‍ഡ് മണ്ണില്‍ ഇതുവരെ 24 ടെസ്റ്റ് കളിച്ച ഇന്ത്യയ്ക്ക് അഞ്ച് എണ്ണത്തില്‍ മാത്രമാണ് വിജയിക്കാനായത്. ഒമ്പത് മത്സരങ്ങള്‍ തോറ്റപ്പോള്‍ 10 എണ്ണം സമനിലയിലായി.