ബാലഭാസ്കറിന്റെയും മകളുടെയും ജീവൻ കവർന്ന കാറപകടത്തിൽ വാഹനം ഓടിച്ചിരുന്നത് ഡ്രൈവർ അർജുൻ ആണെന്ന നിഗമനത്തിലേയ്ക്ക് ക്രൈംബ്രാഞ്ച്. സംഭവം നടന്നയുടൻ സ്ഥലത്തെത്തിയ നാട്ടുകാരും കെഎസ്ആർടിസി ഡ്രൈവറും അടക്കമുള്ളവർ, കാർ ഓടിച്ചിരുന്നത് ബാലഭാസ്കർ ആണെന്നാണു മൊഴി നൽകിയതെങ്കിലും ബാലഭാസ്കറിനെ അപ്പോൾത്തന്നെ തിരിച്ചറിയാൻ കഴിയുന്ന നന്ദു എന്ന സാക്ഷിയുടെ മൊഴി കൂടുതൽ വിശ്വസനീയമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി നൽകിയ മൊഴിയനുസരിച്ചും കാർ ഓടിച്ചിരുന്നത് അർജുനാണ്.
അർജുൻ കാറോടിച്ചുവെന്നും മുന്നിലെ ഇടത്തേ സീറ്റിൽ കുഞ്ഞിനൊപ്പം താൻ ഇരുന്നു എന്നുമാണ് ലക്ഷ്മിയുടെ മൊഴി. ബാലഭാസ്കർ പിന്നിലെ സീറ്റിൽ ഉറങ്ങുകയായിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് നന്ദുവിന്റെയും മൊഴി. അപകടം നടക്കുമ്പോൾ വിമാനത്താവളത്തിൽ നിന്നു ബന്ധുക്കളെ കൂട്ടി മടങ്ങുകയായിരുന്നു നന്ദു. രക്ഷാപ്രവർത്തനത്തിലും ഇയാൾ പങ്കാളിയായി. കാർ ഓടിച്ചിരുന്നതാരെന്നു വ്യക്തമാക്കുന്ന 2 നിർണായക തെളിവുകൾക്കായി കാക്കുകയാണ് അന്വേഷണസംഘം. ഒന്ന്, ബാലഭാസ്കറും കുടുംബവും അവസാന യാത്രയ്ക്കിടെ കൊല്ലത്തെ ഷോപ്പിൽ നിന്നു ജ്യൂസ് കുടിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ.
എതിർവശത്തെ ഷോപ്പിൽ സിസിടിവി ഉണ്ടായിരുന്നെങ്കിലും 15 ദിവസത്തേയ്ക്കു മാത്രമേ ഇതിൽ ദൃശ്യങ്ങളുണ്ടാകൂ. ആദ്യം കേസ് അന്വേഷിച്ച പൊലീസ് സംഘം ഇതു ശേഖരിച്ചിരുന്നില്ല. സിസിടിവിയുടെ ഹാർഡ് ഡിസ്കിൽ നിന്ന് പഴയ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കാറിലെ ഓരോ സീറ്റിൽ നിന്നും ശേഖരിച്ച രക്ത സാംപിളുകളുടെ പരിശോധനാ ഫലമാണ് രണ്ടാമത്തെ തെളിവ്. ഡ്രൈവിങ് സീറ്റിൽ നിന്നുള്ള രക്തക്കറ ആരുടേതെന്നു കണ്ടെത്തിയാൽ കാറോടിച്ചത് ആരെന്നും വ്യക്തമാകും
കാർ ഓടിച്ചിരുന്നത് ബാലഭാസ്കർ തന്നെയെന്ന് ആദ്യം അപകടസ്ഥലത്തെത്തിയ സമീപവാസി ദേവദാസൻ. സംഭവദിവസം രാവിലെ നടക്കാനിറങ്ങുമ്പോഴാണ് വാഹനമിടിക്കുന്ന ശബ്ദം കേട്ടത്. ഓടിയെത്തിയപ്പോൾ വീട്ടിൽ നിന്ന് 10 മീറ്റർ മാത്രം അടുത്തുള്ള റോഡരികിലെ മഹാഗണി മരത്തിൽ വാഹനം ഇടിച്ചു നിൽക്കുകയായിരുന്നു. പരിസരത്ത് പുക പടർന്നു. ആദ്യം ഒന്നും കാണാനായില്ല. 10 മിനിറ്റിനുള്ളിൽ ഹൈവേ പൊലീസ് എത്തി. ഇടിയിൽ തകർന്നതിനാൽ മുന്നിലെ വാതിൽ തുറക്കാനായില്ല. വീട്ടിൽ നിന്ന് പാരയെടുത്ത് കുത്തിയാണ് പിറകിലെ വാതിൽ തുറന്നത്. ബാലഭാസ്കറിനെ പിന്നിലെ സീറ്റിലൂടെയാണ് പുറത്തെടുത്തതെന്നും ദേവദാസൻ പറഞ്ഞു.
കൂടുതൽ തെളിവ് ശേഖരണത്തിന് ക്രൈംബ്രാഞ്ച് നടപടി തുടങ്ങി. ഇതിനായി ഡിവൈ.എസ്.പി K. ഹരികൃഷ്ണന്റെ നേതൃത്വത്തിലെ സംഘം തൃശൂരിലേക്ക് പുറപ്പെട്ടു. സെപ്തംബർ 25 ന് തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിലെ പൂജക്ക് ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോളായിരുന്നു മരണത്തിനിടയാക്കിയ അപകടമുണ്ടായത്. അതിനാൽ ക്ഷേത്രത്തിലെത്തി പൂജാ വിവരങ്ങളും അവിടെ നടന്ന കാര്യങ്ങരും അന്വേഷിക്കും. ഇവർ താമസിച്ച ഹോട്ടലലും പരിശോധിക്കും. അപകട സമയത്ത് കൂടെയുണ്ടായിരുന്ന ഡ്രൈവർ അർജുൻ തൃശൂർ സ്വദേശിയാണ്. അർജുന്റെ മൊഴിയുമെടുക്കും. വാഹനം ഓടിച്ചത് ആരാണന്നതിൽ പരസ്പര വിരുദ്ധമായ മൊഴികളാണ് അർജുനും ബാലഭാസ്കറിന്റെ ഭാര്യ ലക്ഷമിയും നൽകിയിരിക്കുന്നത്. ഇക്കാര്യത്തിൽ വ്യക്തതയുണ്ടാക്കാനും ശ്രമിക്കുന്നുണ്ട്. നാളെ പാലക്കാട് പൂന്തോട്ടം ആയൂർവേദാശ്രമം ഉടമകളുടെ മൊഴിയുമെടുക്കും
Leave a Reply