മഹാരാഷ്ട്ര – ഛത്തീസ്ഗഡ് അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ നദിയിൽ ഒഴുകി നടക്കുകയാണ്. ഇന്ദ്രാവതി നദിയുടെ തീരത്ത് നിന്നും ഒഴിഞ്ഞ സോപ്പു കൂടും, ഉപയോഗിച്ച സോപ്പുകളും, ടൂത്ത്‌പേസ്റ്റ് ട്യുബുകളും ബ്രഷുകളും പോലെയുള്ള സാധനങ്ങളെല്ലാം കിടന്നിരുന്നു. അതായത് പ്രഭാത കൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനിടയില്‍ പോലീസ് ഇവരെ ആക്രമിച്ചിരിക്കാമെന്നാണ് കരുതുന്നത്.

അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ച അര്‍ദ്ധനഗ്നരായ നിലയിലാണ് സ്ത്രീകളുടെ മൃതദേഹങ്ങള്‍. കുളിക്കാനോ മറ്റോ ഒരുങ്ങുന്നത് പോലെ. പാതി വെന്ത ഉപ്പുമാവും മറ്റും ചിതറിക്കിടക്കുന്നുണ്ട്. പ്രഭാത ഭക്ഷണം ഒരുക്കുന്നതിനിടെയായിരിക്കാം ആക്രമണം. പാത്രങ്ങളും മരുന്നുകളും ഒരുങ്ങാനുള്ള സാധനങ്ങള്‍, പെന്‍ ഡ്രൈവ് എന്നിവയാണ് മറ്റ് വസ്തുക്കള്‍. ഏറ്റുമുട്ടലിന് പിന്നാലെ പോലീസ് 16 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതിന് ശേഷം ഗാഡ് ചിരോലിയിലെ ഇന്ദ്രാവതി നദിയില്‍ അഴുകിയ നിലയില്‍ 11 മൃതദേഹങ്ങള്‍ കൂടി ഒഴുകി നടക്കുന്നതി​ന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതോടെ മൊത്തം കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 27 ആയി. ഞായറാഴ്ചത്തെ എന്‍കൗണ്ടറിന് ശേഷം കാണാതായ മൃതദേഹങ്ങളായിരിക്കാം ഇതെന്നാണ് സൂചനകള്‍. നക്‌സലൈറ്റുകള്‍ ഉപയോഗിക്കുന്ന തരം തോക്കുകളും ഉപയോഗിക്കാത്ത തിരകളും കിടപ്പുണ്ടായിരുന്നു. നേരത്തേ രണ്ടു കമാന്റര്‍മാരും ഒരു ഡിവിഷണല്‍ കമ്മറ്റി അംഗങ്ങളും ഉള്‍പ്പെടെ 16 മൃതദേഹങ്ങളാണ് പോലീസ് കണ്ടെത്തിയത്.

ഒമ്പതു പുരുഷന്മാരും ഏഴു സ്ത്രീകളും അടങ്ങുന്ന മൃതദേഹങ്ങളായിരുന്നു അവ. ഓപ്പറേഷനില്‍ ജവാന്മാരും ഉള്‍പ്പെട്ടിരുന്നതിനാല്‍ 11 മൃതദേഹങ്ങള്‍ നദിയില്‍ കണ്ടെത്തിയത് പാലായനം ചെയ്തപ്പോള്‍ കയത്തില്‍ വീണിരിക്കാമെന്നാണ് അധികൃതര്‍ പറയുന്നത്.