നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളെ നാളെ മുതല്‍ മൂന്ന് ദിവസം ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി. രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ട് വരെയാണ് ചോദ്യം ചെയ്യാന്‍ അനുവദിച്ചിരിക്കുന്ന സമയം. വ്യാഴാഴ്ച വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ഉത്തരവ്.

ചോദ്യം ചെയ്യലിന് ശേഷം വിവരങ്ങള്‍ കോടതിയെ അറിയിക്കണം. വ്യാഴാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കും. ദിവസം അഞ്ചോ ആറോ മണിക്കൂര്‍ ചോദ്യം ചെയ്യലിന് തയ്യാറാകാമെന്നും അറസ്റ്റ് ഒഴിവാക്കണമെന്നും ദിലീപ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ദിലീപിന് പുറമേ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി എന്‍ സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ സുഹൃത്ത് ആലുവ സ്വദേശി ശരത് എന്നിവരാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിരുന്നത്. ഇവരും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരാകണം.

പ്രോസിക്യൂഷന്‍ കൈമാറിയ തെളിവുകളില്‍ പലതും അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. നിയമവിരുദ്ധമായ കാര്യങ്ങള്‍ക്കായി ഗൂഢാലോചന നടത്തുന്നത് കുറ്റകരമാണെന്നും ദിലീപിനെതിരെയുള്ള ആരോപണങ്ങള്‍ ഗൗരവതരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാനോ കേസില്‍ യാതൊരു തരത്തിലുള്ള ഇടപെടലുകളും നടത്താനോ പാടില്ലെന്ന് ദിലീപിന് കോടതി കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.