സർപ്രൈസ് പിറന്നാൾ സമ്മാനമായി മാതാപിതാക്കൾ വാങ്ങിയ കാർ കുറച്ച് ദിവസങ്ങൾ ടാക്‌സ് അടയ്‌ക്കാതെ പോയത് കാരണം 18 -കാരിക്കെതിരെ ക്രിമിനൽ കേസ് ചുമത്തി പിഴ ഈടാക്കി . ദക്ഷിണ വെയിൽസിലെ പോർത്തിൽ ആണ് കുറച്ച് ദിവസങ്ങൾ വെറും £1.67 ടാക്‌സ് അടയ്‌ക്കാതിരുന്നത് മൂലം പെൺകുട്ടി കേസിൽ കുടുങ്ങിയത്. കാർ സ്വന്തം പേരിൽ എത്തിയെന്ന കാര്യം പോലും അറിയാതെ ഇരിക്കുമ്പോഴാണ് തെറ്റ് നടന്നതെന്ന് യുവതി കോടതിയിൽ വിശദീകരിച്ചെങ്കിലും, സിംഗിൾ ജസ്റ്റിസ് പ്രോസീജർ വഴി കേസ് പരിഗണിച്ച മജിസ്‌ട്രേറ്റ് ശിക്ഷ വിധിക്കുകയായിരുന്നു.

മാതാപിതാക്കൾ മകൾ ഡ്രൈവിങ് ടെസ്റ്റ് പാസാകുമോ എന്നറിയാത്തതിനാൽ 20 പൗണ്ടിന്റെ വാർഷിക ടാക്‌സ് അടയ്ക്കുന്നത് താമസിപ്പിച്ചതായിരുന്നു കുരുക്കായത് . ഏപ്രിൽ–മേയ് മാസങ്ങളിൽ കാർ ടാക്‌സേഷൻ വ്യവസ്ഥ പാലിക്കാത്തത് കൊണ്ടാണ് കേസ് ചുമത്തിയത്. സംഭവം നടന്ന സമയത്ത് കാർ സ്വന്തമാണെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്ന് യുവതി കത്തിൽ പറഞ്ഞു. പക്ഷേ £1.67 അടയ്ക്കാനും ആറുമാസത്തെ കണ്ടീഷണൽ ഡിസ്ചാർജും കോടതി വിധിച്ചു.

കുറഞ്ഞ തുകയിലുള്ള ഇത്തരം കേസുകളിൽ മാനുഷിക പരിഗണന നൽകാത്തത് അനീതിയാണെന്നാണ് കേസിനെ കുറിച്ച് നിരവധിപേർ അഭിപ്രായപ്പെട്ടത്. പ്രതികളുടെ വിശദീകരണ കത്തുകൾ പലപ്പോഴും പ്രോസിക്യൂഷൻ കാണാതിരിക്കുകയും, പൊതു താൽപര്യം പരിശോധിക്കാതെ മജിസ്‌ട്രേറ്റുമാർ കേസുകൾ തീർപ്പാക്കുകയും ചെയ്യുന്ന രീതിയാണ് ഇപ്പോഴും തുടരുന്നത്. സമാനമായ മറ്റൊരു കേസും ഈ വർഷം പുറത്തുവന്നതോടെ സർക്കാർ പരിഷ്‌കരണങ്ങൾക്കായി നിർദ്ദേശം തേടിയെങ്കിലും ആറു മാസം കഴിഞ്ഞിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല.











Leave a Reply