ആലുവ∙ വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ വടക്കൻ പറവൂർ സിഐ ക്രിസ്പിൻ സാമിന്റെ അറസ്റ്റ് ഉടനുണ്ടാകും. ക്രിസ്പിനെ കേസിൽ പ്രതി ചേർക്കാൻ തീരുമാനമായിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇദ്ദേഹത്തെ ആലുവ പൊലീസ് ക്ലബിലേക്കു വിളിപ്പിച്ചു. ഐജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണു ചോദ്യം ചെയ്യുന്നത്. ഇതിനു പിന്നാലെ അറസ്റ്റുണ്ടാകുമെന്നാണ് അറിയുന്നത്.
ശ്രീജിത്തിനെ മർദിച്ചവരുടെ കൂട്ടത്തിൽ ഇല്ലാതിരുന്നതിനാൽ ക്രിസ്പിനെതിരെ കൊലക്കുറ്റം ചുമത്താന്‍ സാധ്യതയില്ല. അന്യായ തടങ്കല്‍, രേഖകളിലെ തിരിമറി എന്നിവയ്ക്കാകും സിഐ പ്രതിയാകുക. ശ്രീജിത്തിനെ രാത്രിയാണു വീട്ടിലെത്തി കൊണ്ടുപോയതെങ്കിലും പിറ്റേന്നു രാവിലെയാണ് അറസ്റ്റ് ചെയ്തതെന്ന മട്ടിൽ രേഖകളിൽ തിരിമറിക്കു ശ്രമിച്ചു എന്നാണ് സിഐയ്ക്കെതിരെയുള്ള പരാതികളിലൊന്ന്.
എസ്ഐയും മറ്റു പൊലീസുകാരും നടത്തിയ കൊടിയ മര്‍ദനത്തെക്കുറിച്ച് ക്രിസ്പിൻ അറിഞ്ഞില്ല; അറിയാന്‍ ആ ഭാഗത്തേക്കു തിരിഞ്ഞുനോക്കിയതേയില്ല. മേല്‍നോട്ടത്തിലെ ഈ പിഴവാണു സിഐ ക്രിസ്പിന്‍ സാമിനു വിനയാകുന്നത്. രാത്രിയില്‍ കസ്റ്റഡിയില്‍ എടുത്ത യുവാക്കളെ അറസ്റ്റ് ചെയ്തത് രാവിലെ എന്ന മട്ടില്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ രേഖകളില്‍ ഒപ്പിട്ടുനല്‍കുകയും ചെയ്തു. ഇങ്ങനെ അന്യായ തടങ്കലിന് സിഐ ഒത്താശ ചെയ്തുവെന്നു കണക്കുകൂട്ടിയാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം.
കസ്റ്റഡിമരണത്തിന്റെ തെളിവ് ഇല്ലാതാക്കാന്‍ കൂട്ടുനിന്നതിനുള്ള കുറ്റവും സിഐയുടെ പേരില്‍ വന്നേക്കാം. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തെത്തുടർന്ന് നിലവിൽ സസ്പെൻഷനിലാണ് ക്രിസ്പിൻ സാം.
Leave a Reply