ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കറബാവോ കപ്പ് മത്സരത്തിൽ വെസ്റ്റ് ഹാമിനോട് എതിരില്ലാത്ത ഒരു ഗോളിന്റെ പരാജയം ഏറ്റുവാങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ടൂർണമെന്റിൽ നിന്നും പുറത്തായി. സൂപ്പർ താരം റൊണാൾഡോ ഇല്ലാതെയാണ് യുണൈറ്റഡ് മത്സരത്തിനിറങ്ങിയത്. മൂന്നാം റൗണ്ടിൽ തന്നെ ടീം പുറത്തായതിന്റെ നിരാശയിലാണ് ആരാധകർ. ടീം പുറത്തായതിന് ശേഷം ലീഗ് മത്സരങ്ങൾക്കായുള്ള പരിശീലനത്തിനായി റൊണാൾഡോ തിരികെയെത്തിയത് തന്റെ പുതുപുത്തൻ ആഡംബര കാറായ ബെന്റലിയിലാണ്. 164,000 പൗണ്ട് വിലമതിക്കുന്ന കാറാണത്. 1.4 മില്യൺ വിലമതിക്കുന്ന ഫെരാരി മോൺസയും 2.15 മില്യൺ പൗണ്ടിന്റെ ബുഗാട്ടി ചിറോണും 1.7 മില്യൺ പൗണ്ട് വിലവരുന്ന ബുഗാട്ടി വെയ്‌റോൺ ഗ്രാൻഡ് സ്‌പോർട്ടും റൊണാൾഡോ സ്വന്തമാക്കിയിട്ടുണ്ട്.
മത്സരത്തിൽ ജെസ്സെ ലിംഗാർഡ്, ആന്റണി മാർഷ്യൽ, ജാഡൻ സാഞ്ചോ എന്നിവരാണ് മുന്നേറ്റനിരയിൽ ഇറങ്ങിയത്. റൊണാൾഡോ കളിക്കാതിരുന്നതിന്റെ കാരണം മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷെയർ വെളിപ്പെടുത്തുകയുണ്ടായി. എല്ലാ താരങ്ങളും ഉന്മേഷത്തോടെ തുടരുന്നതിനു വേണ്ടിയാണ് ഈ തീരുമാനം എടുത്തതെന്നാണ് മത്സരത്തിനു മുമ്പ് പരിശീലകൻ പറഞ്ഞത്. “ഞായറാഴ്ച്ചയ്ക്കു മുൻപു തന്നെ ഞങ്ങളീ തീരുമാനത്തിൽ എത്തിയിരുന്നു. കൂടുതൽ താരങ്ങളെ ഞങ്ങൾക്ക് മത്സരങ്ങൾക്ക് ഫിറ്റാക്കിയെടുക്കേണ്ടതുണ്ട്. ഇതൊരു നീളമേറിയ സീസൺ ആണ്.” സോൾഷെയർ വ്യക്തമാക്കി.
മത്സരത്തിനുള്ള സ്‌ക്വാഡിലും റൊണാൾഡോയെ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ കഴിഞ്ഞ മൂന്നു മത്സരങ്ങളിലും യുണൈറ്റഡിനു വേണ്ടി ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിൽ പോലും ഉൾപ്പെടുത്തേണ്ടെന്ന സോൾഷെയറിന്റെ തീരുമാനം തെറ്റാണെന്നു തെളിയിച്ചാണ് മത്സരത്തിൽ വെസ്റ്റ് ഹാം വിജയിച്ച് കറബാവോ കപ്പിന്റെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയത്. ഒമ്പതാം മിനിറ്റിൽ അർജന്റീനിയൻ താരം മാനുവൽ ലാൻസിനിയാണ് വെസ്റ്റ്ഹാമിന്റെ വിജയഗോൾ നേടിയത്. വർഷങ്ങൾക്ക് ശേഷം ഓൾഡ് ട്രാഫോർഡിലേക്കുള്ള റൊണാൾഡോയുടെ തിരിച്ചുവരവിൽ ക്ലബ്ബും ആരാധകരും ആവേശത്തിലാണ്.
Leave a Reply