മുഖ്യമന്ത്രി പിണറായി വിജയന്‍റെ ദില്ലി സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് നിർണ്ണായക കൂടിക്കാഴ്ച നടക്കും. കേരളത്തിന്‍റെ വിവിധ ആവശ്യങ്ങൾ കേന്ദ്രസർക്കാരിന്റെ മുന്നിൽ അവതരിപ്പിച്ച് സാധിച്ചെടുക്കുകയാണ് സന്ദർശനത്തിന്റെ മുഖ്യ ലക്ഷ്യം. ദുരന്തം തകർത്ത വയനാടിന്‍റെ പുനർനിർമ്മാണത്തിനായി കൂടുതൽ കേന്ദ്ര സഹായം, സംസ്ഥാനത്തിന് എയിംസ് ലഭ്യമാക്കൽ തുടങ്ങിയ ആവശ്യങ്ങൾ ആണ് മുഖ്യമായി ഉന്നയിക്കുന്നത് . ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമൻ, കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചകളെ തുടർന്നാണ് പ്രധാനമന്ത്രിയുമായി ഇന്ന് നടക്കുന്ന കൂടിക്കാഴ്ച.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടന്ന ചർച്ചയിൽ കേരളത്തിന്‍റെ ആഭ്യന്തര സുരക്ഷ, തീരദേശ സുരക്ഷ, സ്ത്രീ സുരക്ഷ, ഫോറൻസിക് ഇൻഫ്രാസ്ട്രക്ചർ, അടിയന്തര സേവനങ്ങളുടെ നവീകരണം എന്നിവ പ്രധാന വിഷയങ്ങളായിരുന്നു . ധനമന്ത്രി നിര്‍മല സീതാരാമനുമായി നടന്ന കൂടിക്കാഴ്ചയിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി, ക്ഷേമ പ്രവർത്തനങ്ങളുടെ തടസ്സരഹിത തുടർച്ച, ജി എസ് ടി വരുമാന നഷ്ട പരിഹാരം തുടങ്ങിയ വിഷയങ്ങൾ കേന്ദ്ര മന്ത്രിയ്ക്ക് മുന്നോട്ടുവെച്ചു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി നടന്ന ചർച്ചയിൽ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളെ വേഗത്തിലാക്കുന്നതിന് വേണ്ട സഹായവും, ദേശീയപാത-66 വികസനം ഉടൻ പൂർത്തിയാക്കാനുള്ള ആവശ്യവും ഉയർത്തി.
ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി നടന്ന കൂടിക്കാഴ്ചയിൽ കേരളത്തിന് എയിംസ് അനുവദിക്കണമെന്നും, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെറിയാട്രിക് കെയർ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുമായി നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുൻപായി സംസ്ഥാനത്തിന്റെ എല്ലാ ആവശ്യങ്ങളും വിശദീകരിക്കുന്ന മെമ്മോറണ്ടം ഓരോ മന്ത്രിക്കും കൈമാറി. ഈ സന്ദർശനത്തിലൂടെ കേരളത്തിന്‍റെ വികസന പദ്ധതികൾക്ക് കേന്ദ്രസഹായം ലഭിക്കാനുള്ള സാധ്യത ശക്തമാക്കുകയാണ് പ്രധാനമന്ത്രി സാന്നിധ്യത്തോടെയുള്ള ലക്ഷ്യം.
Leave a Reply