സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയിൽ വിമർശനവുമായി നടൻ ജയസൂര്യ. മഴയാണ് റോഡ് അറ്റകുറ്റപ്പണിയുടെ തടസം എന്ന സർക്കാർ വാദം ജനം അറിയേണ്ട. കുഴികളിൽ വീണ് ജനം മരിക്കുമ്പോൾ കരാറുകാരനാണ് ഉത്തരവാദിത്വമെന്നും ജയസൂര്യ പറഞ്ഞു.
പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോഡിൽ പ്രസിദ്ധപ്പെടുത്തുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിലാണ് ജയസൂര്യയുടെ വിമർശനം. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിലായിരുന്നു താരം വിമർശനം നടത്തിയത്.
എന്നാൽ ജയസൂര്യക്ക് മറുപടിയുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളത്തിലെ റോഡ് പ്രവൃത്തിക്ക് മഴ തടസം തന്നെയാണ്. ജയസൂര്യ പറഞ്ഞ ചിറാപുഞ്ചി ഉൾപ്പെട്ട മേഘാലയയിൽ കേരളത്തേക്കാൾ റോഡ് കുറവാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ചിറാപുഞ്ചി ഉൾപ്പെട്ട മേഘാലയയിൽ 10,000 കിലോമീറ്റർ റോഡാണുള്ളത്. കേരളത്തിൽ മൂന്നരലക്ഷം കിലോമീറ്റർ റോഡ് ഉണ്ടെന്ന് ഓർക്കണം. ജയസൂര്യയുടേത് സ്വാഭാവിക പ്രതികരണം മാത്രമെന്നും മന്ത്രി മറുപടിയിൽ വ്യക്തമാക്കി.
കാലാവധി അവസാനിക്കാത്ത റോഡുകളില്‍ അപാകത ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് വിവരം അറിയിക്കാനാണ് പുതിയ സംവിധാനം നിലവില്‍ വരുത്തുന്നതെന്ന് മന്ത്രി റിയാസ് പറഞ്ഞു.
ഡിഫക്ട് ലയബിലിറ്റി കാലാവധിയിലുള്ള റോഡുകളുടെ കരാറുകാര്‍, കരാറുകാരുടെ ഫോണ്‍ നമ്പര്‍, ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെ ഫോണ്‍ നമ്പര്‍ എന്നിവ പുതിയ പദ്ധതി പ്രകാരം ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും.
Leave a Reply