മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ പ്രതി ചേര്‍ത്തുളള സി എം ആര്‍ എല്‍ കേസിനെ രാഷ്ട്രീയമായി നേരിടാനാണ് സിപിഎം തീരുമാനം. സിപിഎം കേരളാ ഘടകവും പ്രകാശ് കാരാട്ടും അടക്കമുള്ളവര്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പിന്തുണയുമായി രംഗത്തുണ്ട്. എന്നാല്‍, പാര്‍ട്ടി പ്രതിരോധിക്കേണ്ട കാര്യമല്ലെന്ന ഒറ്റപ്പെട്ട നിലപാടാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിം സ്വീകരിച്ചത്. ആര്‍ക്കെതിരെയാണോ കേസ് അവര്‍ നിയമപരമായി നേരിടണമെന്ന നിലപാടാണ് ബംഗാള്‍ പാര്‍ട്ടി സെക്രട്ടറി കൂടിയായ മുഹമ്മദ് സലിം സ്വീകരിച്ചത്. പാര്‍ട്ടി പാര്‍ട്ടിയുടെ രീതിയില്‍ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

കമ്ബനിയും വീണയും കേസ് നടത്തുമെന്നും പാര്‍ട്ടി തല്‍ക്കാലം ഏറ്റെടുക്കില്ലെന്നും ചര്‍ച്ച ചെയ്യുന്നില്ലെന്നും എം.വി.ഗോവിന്ദന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. നടപടി രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും മുഖ്യമന്ത്രിക്കെതിരേ ഒരു തെളിവും കണ്ടെത്താനായിട്ടില്ലെന്നും മുഖ്യമന്ത്രിയോ സര്‍ക്കാരോ സിഎംആര്‍എല്‍ കമ്ബനിക്ക് വഴിവിട്ട ഒരു സഹായവും നല്‍കിയിട്ടില്ലെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി

പാര്‍ട്ടി നേതൃത്വം ഒന്നടങ്കം മുഖ്യമന്ത്രിയുടെ മകള്‍ക്കായി രംഗത്ത് വന്നു. തെളിവുകള്‍ ഉണ്ടെങ്കില്‍ പുറത്തുവിടട്ടേ എന്നും കേന്ദ്ര നേതൃത്വം പറഞ്ഞു. ഗൂഡാലോചന സംശയിക്കപ്പെടേണ്ട സാഹചര്യമുണ്ടെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബി പ്രതികരിച്ചു. കേന്ദ്ര ഏജന്‍സിയുടെ നടപടി പാര്‍ട്ടിയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനാണെന്നും പറഞ്ഞു.

പിണറായിക്കെതിരായുള്ള നീക്കങ്ങള്‍ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പ്രകാശ് കാരാട്ടും പ്രതികരിച്ചു. മകളെ പ്രതിയാക്കി മുഖ്യമന്ത്രിയിലേക്ക് എത്താനുള്ള നീക്കമാണ് നടത്തുന്നതെന്ന് കാരാട്ട് പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ടുള്ള നീക്കമാണെന്നും ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രതികരിച്ചു. രാഷ്ട്രീയ പ്രേരിതമെന്ന് കെകെ ശെലജയുടെ പ്രതികരണം. പാര്‍ട്ടിക്ക് ഒരുതരത്തിലുള്ള അഭിപ്രായ ഭിന്നതയും ഈ വിഷയത്തിലില്ലെന്നും ഏകകണ്ഠമായി നിന്നുകൊണ്ട് പിണറായി വിജയന്റെ നേതൃത്വത്തെ അംഗീകരിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പിണറായി വിജയന്റെ മകള്‍ക്കെതിരായ ആരോപണം ഒറ്റക്കെട്ടായി പ്രതിരോധിക്കുന്ന പാര്‍ട്ടിയെ ആയിരുന്നില്ല കോടിയേരി ബാലകൃഷ്ണന്റെയും ഇ പി ജയരാജന്റെയും മക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ കണ്ടത്. വീണയ്‌ക്കെതിരായ കേസ് ആദ്യംജനശ്രദ്ധയില്‍ വന്നപ്പോള്‍ തന്നെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രശ്‌നത്തെ നിസാരവത്കരിച്ചുു. രണ്ടുസ്വകാര്യ സ്ഥാപനങ്ങള്‍ തമ്മിലുളള ബിസിനസ് ഇടപാടില്‍ മുഖ്യമന്ത്രിക്ക് എതിരെ ആരോപണ മുന നീട്ടേണ്ട എന്നായിരുന്നു സെക്രട്ടേറിയറ്റിന്റെ നിലപാട്.

ബിനീഷ് ഒരു വ്യക്തിയാണെന്നും പാര്‍ട്ടിയുടെ ഒരു പിന്തുണയും ബിനീഷിനെ കിട്ടില്ലെന്നും ആയിരുന്നു കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിച്ച നിലപാട്. മകനെതിരെ ലഹരി കേസില്‍ ഇ ഡി നീങ്ങിയപ്പോള്‍ അത് രാഷ്ട്രീയ പ്രേരിതമാണെന്നോ കെട്ടിച്ചമച്ചതാണെന്ന് പറയാന്‍ കോടിയേരി തയ്യാറായിരുന്നില്ല. ബിനീഷിനെതിരായ കേസ് ബിനീഷ് നോക്കും എന്നായിരുന്നു നിലപാട്. ആ നിലപാട് മറ്റ് നേതാക്കളും സ്വീകരിച്ചു.

ബിനീഷ് കോടിയേരി ജയിലില്‍ കിടന്നപ്പോള്‍ സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് ഒരു പിന്തുണയും കുടുംബത്തിന് ലഭിച്ചിട്ടില്ലെന്ന് ഭാര്യ റെനീറ്റ ഒരിക്കല്‍ പറഞ്ഞിരുന്നു. ബിനീഷിനെതിരായ അന്വേഷണം രാഷ്ട്രീയമായിരുന്നു. പാര്‍ട്ടി ഇടപെട്ടിരുന്നുവെങ്കില്‍ ഒരുവര്‍ഷം ജയിലില്‍ കിടക്കേണ്ടി വരില്ലായിരുന്നു. ഇ.ഡി ആരുടെയൊക്കെയോ പേരുപറയാന്‍ നിര്‍ബന്ധിച്ചിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണന് ഒരുതരത്തിലും ഇടപെടാന്‍ സാധിച്ചില്ല. അത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി തനിക്കുണ്ട്. അച്ഛന്‍ നില്‍ക്കുന്ന സ്ഥാനത്ത് നിന്നുകൊണ്ട് ഇടപെടാന്‍ കഴിയില്ല. ഇത്തരം ആരോപണം ഉയര്‍ന്നപ്പോഴും ബിനീഷിനെ ഒരിക്കല്‍ പോലും സംശയിച്ചിട്ടില്ലെന്നും കോടിയേരിയെന്നുള്ള പേര് കൊണ്ട് മാത്രമാണ് വേട്ടയാടുന്നതെന്നും റെനീറ്റ സ്വകാര്യ ചാനലിനോട് പറഞ്ഞിരുന്നു.

2020 ഒക്ടോബര്‍ 29നാണ് ബിനീഷിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. ഏഴുമാസത്തെ വാദ പ്രതിവാദങ്ങള്‍ക്കൊടുവിലായിരുന്നു ജാമ്യം. എന്തായാലും രണ്ടുതരം നീതിയാണ് സിപിഎം നടപ്പാക്കുന്നത് എന്ന തരത്തില്‍ മുറുമുറുപ്പുകള്‍ പാര്‍ട്ടി അണികളിലുണ്ട്.