കൂട്ടത്തിലൊരാളെ മുതലകൊന്നുതിന്നു, ദേഷ്യം തീർക്കാൻ ഗ്രാമവാസികൾ വെട്ടിക്കൊന്നത് 300 മുതലകളെ. ഇൻഡോനേഷ്യയിലെ പശ്ചിമപപ്പുവ ഗ്രാമവാസികളാണ് ‘മുതലപക’ കൊന്നുതള്ളിയത്.
പശ്ചിമപപ്പുവയിലുള്ള സൊരംഗിലെ ഫാക്ടറി ജീവനക്കാരൻ സുഗിറ്റ എന്നയാളെയാണ് മുതല ശനിയാഴ്ച കടിച്ചുകൊന്നത്. കന്നുകാലികളെ മേയ്ക്കാനായി സ്വകാര്യ മുതലഫാമിന്റെ അടുത്തു പോയതാണ് സുഗിറ്റ. അപ്രതീക്ഷിതമായാണ് മുതലയുടെ ആക്രമണമുണ്ടായത്. നിലവിളികേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും രക്ഷിക്കാനായില്ല.
നാട്ടുകാർക്ക് പ്രിയപ്പെട്ടവനായിരുന്ന സുഗിറ്റ. അപ്രതീക്ഷിതമായ വിയോഗം നാട്ടുകാരെ രോക്ഷാകുലരാക്കി. രോക്ഷം മുഴുവൻ തീർത്തത് മുതലകളോടായിരുന്നു. മൂർച്ചയേറിയ ആയുധങ്ങളും വടവുമായി ജനക്കൂട്ടി മുതല ഫാമിൽ ഇരച്ചെത്തി.
മുതലകളെ ഓരോന്നായി വെട്ടിയും നിലത്തടിച്ചും ദേഷ്യം തീരുന്നതുവരെ കൊന്നുതള്ളി. ജനരോക്ഷം അടങ്ങിയപ്പോഴേക്കും ഗ്രാമത്തിൽ അടിഞ്ഞത് 300 മുതലകളുടെ ജഡം.
പൊലീസ് എത്തിയെങ്കിലും ജനരോക്ഷം തണുപ്പിക്കാനായില്ല. പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയോടുകൂടി തന്നെയാണ് ഫാം പ്രവർത്തിച്ചിരുന്നത്. നിയമം ലംഘനം നടത്തിയെന്ന് പരാതിപ്പെട്ടെങ്കിലും ആരൊക്കെയാണ് മുതലകളെ കൊന്നുതള്ളിയതെന്ന് കൃത്യമായി അറിയാത്തതിനാൽ പൊലീസ് നടപടികളൊന്നുമെടുത്തിട്ടില്ല.
Leave a Reply