അനുപമ എസ് ബട്ട്,  മലയാളം യുകെ ന്യൂസ് ടീം

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ സ്വകാര്യ ജീവിതത്തിലേക്ക് മാധ്യമങ്ങൾ കടന്നു കയറുന്നത് ആദ്യത്തെ സംഭവമല്ല. അതിന്റെ ഏറ്റവും ഒടുവിലത്തെ ഇരകളാണ് ഹാരി-മേഗൻ രാജദമ്പതികൾ. മേഗൻ തന്റെ പിതാവിന് അയച്ച കത്തിലെ വിവരങ്ങൾ ഒരു പ്രമുഖ മാധ്യമം അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് പത്രത്തിനെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങിയ മേഗന്റെ തീരുമാനം വലിയ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് മേഗന് പിന്തുണ അറിയിച്ച് വിവിധ രാഷ്ട്രീയ പാർട്ടികളിലെ എംപിമാർ കത്തെഴുതിയിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലേബർ പാർട്ടിയിലെ ജെസ് ഫിലിപ്പ്സ്, ഡൈൻ അബ്ബോട്ട്, തുലിപ് സിദ്ധിക്ക് , ഡെമോക്രാറ്റിക് പാർട്ടിയിലെ വേരാ ഹോബ്ഹോസ്സ്,ലൈല മോറാൻ തുടങ്ങി വിവിധ രാഷ്ട്രീയ ആശയങ്ങളിൽ വിശ്വസിക്കുന്ന എഴുപതോളം എംപിമാർ ആണ് ഇപ്പോൾ മേഗന് വേണ്ടി ഒന്നിച്ചിരിക്കുന്നത്.

മനുഷ്യത്വ വിരുദ്ധവും കാലഹരണപ്പെട്ടതുമായ മാധ്യമ രീതികളാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ രാജകുടുംബത്തിന് നേരെ ഉപയോഗിക്കുന്നതെന്ന് കത്തിൽ പറയുന്നു. ” മാധ്യമ സ്വാതന്ത്ര്യം എന്ന അധികാരം ഉപയോഗിച്ച് തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് മാന്യതയ്ക്ക് നിരക്കുന്നതല്ല. ഒരുതരത്തിലും അനുവദിച്ചു കൊടുക്കാൻ കഴിയുന്നതുമല്ല. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ എന്ന നിലയിൽ സമാനമായ അനുഭവങ്ങൾ ഞങ്ങൾക്കും ഉണ്ടായിട്ടുണ്ട്. അതിനാൽ തന്നെ വ്യക്തി ജീവിതത്തിലേക്കുള്ള മാധ്യമ കടന്നു കയറ്റത്തിനെതിരെ ഏതു നിയമ പോരാട്ടത്തിനും മേഗനൊപ്പം ഞങ്ങളുണ്ടാകും. “