ന്യൂസ് ഡെസ്ക് മലയാളം യുകെ

ബെൽഫാസ്റ്റിൽ താമസിക്കുന്ന ജോബി തോമസിൻ്റെ ആകസ്മിക വിയോഗത്തിൻ്റെ ഞെട്ടലിലാണ് യുകെ മലയാളികൾ. 46 വയസ്സ് മാത്രമുള്ള ജോബി തോമസിൻ്റെ മരണം ഹൃദയാഘാതം മൂലമാണെന്നാണ് പ്രാഥമികനിഗമനം. ഇന്നലെ വൈകിട്ട് 7.20pm ന് ഭാര്യ റിനി നൈറ്റ് ഡ്യൂട്ടിക്ക് പോകാൻ തയ്യാറെടുക്കുന്ന അവസരത്തിലാണ് ജോബി തോമസിനെ അബോധാവസ്ഥയിൽ കാണുന്നത്. ആംബുലൻസ് വിളിച്ച് വരുത്തിയെങ്കിലും ജോബിയുടെ ജീവൻ രക്ഷിക്കാനാവാത്തതിൻ്റെ ദുഃഖത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ജോബിയ്ക്ക് ഉണ്ടായിരുന്നില്ല.

മരണവിവരം അറിഞ്ഞ ആൻട്രിം മലയാളികൾ സഹായഹസ്തവുമായി ഓടിയെത്തി. വിവരമറിഞ്ഞ ഫാദർ ജെയിൻ പത്തുമണിയോടെ പരേതന്റെ ഭവനത്തിൽ എത്തിച്ചേർന്നു ഒപ്പീസും പ്രാർത്ഥനയും നടത്തുന്നതിന് നേതൃത്വം കൊടുത്തു. സ്ഥലത്തെത്തിയ പോലീസ്, ആംബുലൻസ് സർവീസ് എന്നിവർ ചേർന്ന് അടുത്തുള്ള ബെൽഫാസ്റ്റ് റോയൽ ആശുപത്രി മോർച്ചറിയിലേക്ക് മൃതദേഹം മാറ്റുകയും ചെയ്‌തു.

സംസ്‌കാര ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിനായി ബെന്നി ജോർജിന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി നിലവിൽ വന്നു. സംസ്കാര ചടങ്ങുകൾ സംബന്ധിച്ച കാര്യങ്ങൾ  ഇന്ന് വൈകീട്ട് നടക്കുന്ന കമ്മിറ്റിയിൽ തീരുമാനിക്കപ്പെടും എന്നാണ് അറിയുന്നത്. എന്നിരുന്നാലും നാളെയോ മറ്റെന്നാളോ നടക്കുന്ന  പോസ്റ്റുമോർട്ടതിനനുസരിച്ചു ചടങ്ങുകൾക്ക് മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് കമ്മിറ്റി അറിയിച്ചിരിക്കുന്നത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നില്ല എന്നാണ് കിട്ടുന്ന പ്രാഥമിക വിവരം.

മാടശ്ശേരി കുടുംബാംഗമായ ജോബി കേരളത്തിൽ അങ്കമാലി മൂക്കന്നൂർ സ്വദേശിയാണ്. ആന്‍ട്രിം ഏരിയാ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന റിനി ആണ് ജോബിയുടെ ഭാര്യ. മക്കളായ അനില എ ലെവലിലും ജോവിറ്റ പ്രൈമറി വിദ്യാർത്ഥിനിയുമാണ്.

മലയാളി അസോസിയേഷൻ ഓഫ് അൻട്രിം പ്രസിഡന്റ് ജെയിംസ് ജേക്കബ്, സെക്രട്ടറി സുബാഷ് സൈമൺ എന്നിവർക്കൊപ്പം ഓ ഐ സി സി നോർത്തേൺ അയർലൻഡ് പ്രസിഡന്റ് ചെറിയാൻ സ്കറിയ എന്നിവർ ജോബിയുടെ അകാല വേർപാടിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുകയുണ്ടായി.

ജോബി തോമസിൻ്റെ  നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.