ഒരു വാട്‌സ് ആപ്പ് സന്ദേശം ഝാര്‍ഖണ്ഡിലെ ശോഭാപൂരില്‍ നാലുപേരുടെ ജീവനെടുത്തു. സംശയത്തിന്റെ പേരിൽ അതിക്രൂരമായ കൊല നടത്തിയത് നാട്ടുകൂട്ടം. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവര്‍ ചുറ്റിക്കറങ്ങുന്നുണ്ടെന്ന വ്യാജ വാട്സ് ആപ്പ് സന്ദേശം പരന്നതോടെ പൊട്ടിപ്പുറപ്പെട്ട ആക്രമണങ്ങളാണ് നാലുപേരുടെ കൊലപാതകത്തിൽ കലാശിച്ചത്.
സെരായ്‌ക്കേല-ഘര്‍സാവന്‍, കിഴക്കേ സിംങ്ഭും-പടിഞ്ഞാറേ സിംങ്ഭും തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങളിലെ ഗ്രാമീണര്‍, അധികവും ഗോത്രവര്‍ഗക്കാര്‍, ആയുധങ്ങളുമായി അപരിചിതരെ ആക്രമിക്കുകയായിരുന്നു. മുഹമ്മദ് നയീമും മൂന്നു കൂട്ടുകാരും അതിരാവിലെ ശോഭാപൂര്‍ വഴി കടന്നു പോകുമ്പോഴായിരുന്നു ആക്രമണം. കാലിക്കച്ചവടക്കാരായിരുന്നു ഇവർ. എന്നാൽ ചില കുബുദ്ധികൾ ഇവർക്കെതിരെ വ്യാജ വാട്സ് ആപ്പ് സന്ദേശം പ്രചരിപ്പിച്ചു. തുടർന്ന് ഗ്രാമീണര്‍ ആയുധങ്ങളുമായി സംഘം ചേർന്ന് അപരിചിതരെ മൃഗീയമായി കൊലപ്പെടുത്തി; വെറും സംശയത്തിന്റെ പേരിൽ.
റ്റാറ്റാ-ചൈബസ റോഡില്‍ വച്ചാണ് ഗ്രാമീണര്‍ ഇവരുടെ വണ്ടി തടഞ്ഞത്. നാലു പേരെ പുറത്തേയ്ക്കു വലിച്ചിറക്കി. വിശദീകരിക്കാൻ സമയം നൽകാതെ മര്‍ദ്ദിക്കാന്‍ തുടങ്ങി. നാലു മണിക്കൂർ നീണ്ട പീഡനത്തെ തുടർന്നാണ് അവർ മരിച്ചത്. കുറച്ചു നേരം കഴിഞ്ഞപ്പോൾ പൊലീസ് സ്ഥലത്തെത്തിയിരുന്നു. എന്നാൽ പൊലീസ് ഇടപെട്ടതേയില്ല എന്നാണു റിപ്പോർട്ടുകൾ.
സംശയത്തിന്റെ പേരില്‍ ഈ ആഴ്ച രണ്ടു പേര്‍ കൂടി ഇവിടെ കൊല്ലപ്പെട്ടിരുന്നു. ഇരകളില്‍ ആരും തന്നെ തട്ടിക്കൊണ്ടുപോകലില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഗ്രാമീണര്‍ തല്ലിക്കൊന്ന നാലു പേരില്‍ അവസാനത്തെ ആളായിരുന്നു മുഹമ്മദ് നയീം. കിഴക്കേ സിംങ്ഭും ജില്ലയിലെ ഘാട്‌സില സ്വദേശിയാണ്. ഇരുപതു കിലോമീറ്റര്‍ അകലെ കൊണ്ടുപോയാണ് മറ്റു മൂന്നു പേരെ ഗ്രാമീണര്‍ പീഡിപ്പിച്ചു കൊന്നത്.
ഝാര്‍ഖണ്ഡിലെ ശോഭാപൂരില്‍ നിന്നെടുത്ത മുഹമ്മദ് നയീമിന്റെ അവസാനത്തെ ഫോട്ടോ മാധ്യമങ്ങൾ വഴി പുറത്തുവന്നു. അതിൽ നയീം തലയില്‍ നിന്നും ചോരയൊലിപ്പിച്ചു കൊണ്ടു ഗ്രാമീണരോടു ജീവനു വേണ്ടി യാചിക്കുകയാണ് എന്നത് മനസ്സിലാക്കാം. അയാളുടെ ശരീരം പകുതിയും ചോരയില്‍ കുളിച്ചിരിക്കുന്നു. കുപ്പായം ഊരിയെറിഞ്ഞ നിലയില്‍, കാലുറയിലെ അഴുക്കു കണ്ടാലറിയാം അയാളെ തുടര്‍ച്ചയായി തൊഴിച്ചിട്ടുണ്ടെന്ന്. കൈകള്‍ കൂപ്പി, മൂന്നു കുട്ടികളുടെ പിതാവ് താന്‍ നിരപരാധിയാണെന്നു ചുറ്റുമുള്ള ആള്‍ക്കൂട്ടത്തെ ബോധ്യപ്പെടുത്താന്‍ കഷ്ടപ്പെടുകയാണ്.
നയീമിന്റെ അവസാന നിമിഷങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നതു ഗുജറാത്തിലെ തുന്നല്‍ക്കാരന്‍ കുത്തബുദ്ദീന്‍ അന്‍സാരിയെയാണ്. 2002 ലെ ഗുജറാത്ത് കലാപത്തിന്റെ സമയത്തു കലാപകാരികളോടു കൈകള്‍ കൂപ്പി യാചിക്കുന്ന അന്‍സാരിയുടെ ചിത്രം. അന്‍സാരിയുടെ ജീവന്‍ രക്ഷപ്പെടുകയായിരുന്നു. പക്ഷേ, നയീമിനു ആ ഭാഗ്യമുണ്ടായില്ല.
നയീമിനെ കുറിച്ച് അറിയാവുന്നവർ പറഞ്ഞത് നയീം ഒരു മര്യാദക്കാരന്‍ ആയിരുന്നെന്നാണ്. തന്റെ വയസ്സായ മാതാപിതാക്കളേയും കുട്ടികളേയും നയീം നന്നായി നോക്കിയിരുന്നു. നയീമിന്റെ ഭാര്യ അവരുടെ ഗ്രാമത്തിലെ ഉപാധ്യക്ഷയാണ്. ജില്ലാ ഭരണകൂടം നല്‍കിയ രണ്ടു ലക്ഷം രൂപയുടെ നഷ്ടപരിഹാരം നയീമിന്റെ കുടുംബം നിരാകരിച്ചു. മുഖ്യമന്ത്രി നേരിട്ടു വന്നു നീതി നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
Leave a Reply