ന്യൂസ് ഡെസ്ക്, മലയാളം യുകെ
എക്സെറ്ററിലെ നേഴ്സിംഗ് ഹോമിലെ അന്തേവാസിയെ ശാരീരികമായി ഉപദ്രവിച്ചതിന് മലയാളിയായ കെയർ ഹോം ജീവനക്കാരന് ജയിൽ ശിക്ഷ വിധിച്ചു. എക്‌സെറ്ററിലെ ലാംഗ്‌ഫോർഡ് പാർക്ക് നഴ്‌സിംഗ് ഹോമിലെ ജീവനക്കാരനായിരുന്ന ജിനു ഷാജുവിനാണ് ശിക്ഷ ലഭിച്ചത്. 94 വയസ്സുകാരനായ ഒരു വയോധികനോട് ഇയാൾ മോശമായി പെരുമാറുന്നതിന്റെ സിസിടിവി ദൃശ്യങ്ങളിൽ ഉൾപ്പെടെയാണ് പോലീസിൽ പരാതി ലഭിച്ചത്. വൃദ്ധന്റെ കാലുകൾ പിടിച്ച് തലയ്ക്ക് മുകളിലൂടെ പിന്നിലേയ്ക്ക് തള്ളുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. വയോധികന്റെ വേദന കൊണ്ടുള്ള കരച്ചിലും നിർത്താതെയുള്ള അഭ്യർത്ഥനയും ഇയാൾ അവഗണിക്കുകയും നാലു മിനിറ്റോളം ശാരീരിക ഉപദ്രവം തുടരുകയും ചെയ്തു. കെയർ ഹോമിലെ താമസക്കാരന്റെ ബന്ധുക്കൾ സ്ഥാപിച്ച ഒളിക്യാമറയിലൂടെയാണ് ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്തുവന്നത്.
കെയർ ഹോമിലെ ശാരീരിക പീഡനം പരാതിയായതോടെ 26 വയസ്സുകാരനായ പ്രതി കേരളത്തിലേക്ക് കടന്നു കളഞ്ഞിരുന്നു. മൂന്നുമാസങ്ങൾക്ക് ശേഷം കേരളത്തിൽ നിന്ന് തിരിച്ചെത്തിയപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തത് . വിചാരണയ്ക്ക് ശേഷം എക്സെറ്റർ ക്രൗൺ കോടതിയാണ് ഇയാൾക്ക് ഒരു വർഷത്തേയ്ക്ക് തടവ് ശിക്ഷ വിധിക്കുകയും ചെയ്തത് . ക്രൂരതയ്ക്ക് ഇരയായ വയോധികൻ പിന്നീട് മരണമടഞ്ഞിരുന്നു. 38 വർഷത്തെ തന്റെ കെയർ ഹോം പരിചരണകാലത്ത് ജിനു ഷാജു ചെയ്തതു പോലെയുള്ള ക്രൂരത ഒന്നും താൻ കണ്ടിട്ടില്ലെന്നാണ് കെയർ ഹോം മാനേജർ വിചാരണ വേളയിൽ പറഞ്ഞത്. മുത്തച്ഛൻ വേദന കൊണ്ട് യാചിക്കുന്ന ശബ്ദം മരണം വരെ തന്റെ കാതുകളിൽ മുഴങ്ങുമെന്നാണ് ഈ വയോധികന്റെ കൊച്ചുമകൻ സംഭവത്തെ കുറിച്ച് പ്രതികരിച്ചത്.
യുകെയിൽ ഉടനീളം ഏകദേശം 17 , 110 കെയർ ഹോമുകളിലായി 4 ലക്ഷം അന്തേവാസികൾ ഉണ്ട്. ഒട്ടേറെ മലയാളികൾ ആണ് യുകെയിലെ കെയർ ഹോമുകളിൽ ജോലി ചെയ്യുന്നത്. കെയർ വിസയ്ക്കായി ലക്ഷങ്ങൾ കൈക്കൂലി മേടിക്കുന്ന ഏജൻസികളെ കുറിച്ച് വൻ ആക്ഷേപം ഉയർന്നു വന്നിരുന്നു. ഇതിൻ്റെയെല്ലാം അടിസ്ഥാനത്തിലാണ് പുതിയ കുടിയേറ്റ നയവുമായി യുകെ സർക്കാർ മുന്നോട്ടുവന്നത്. മാർച്ച് 11 മുതൽ കെയർ വിസയിൽ എത്തുന്നവർക്ക് ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരാൻ സാധിക്കില്ലെന്ന നിയമം ഏറ്റവും കൂടുതൽ തിരിച്ചടിയായത് മലയാളികൾക്കാണ് .
യാതൊരു ജോലി പരിചയവും ആത്മാർത്ഥതയും അർപ്പണബോധവുമില്ലാതെ എങ്ങനെയും യുകെയിലെത്താൻ മാത്രമായി കെയർ ജോലിക്കാരൻ്റെ കുപ്പായം അണിഞ്ഞ് ഒട്ടേറെ മലയാളികളാണ് യുകെയിലെത്തിയത്. ഇതു കൂടാതെ കെയർ മേഖലയിൽ പാർട്ട് ടൈമായി ജോലി ചെയ്യുന്ന മലയാളി വിദ്യാർത്ഥികളുടെ എണ്ണവും കുറവല്ല. അന്തേവാസികളായ വ്യക്തികളെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുന്ന ജീവനക്കാർക്ക് എതിരെ ക്രിമിനൽ കുറ്റം ചുമത്തുകയും ശക്തമായ നടപടികളുമാണ് കാത്തിരിക്കുന്നത്
Leave a Reply