സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ പീഡനത്തിന് ഇരയായത് 34 പെണ്‍കുട്ടികള്‍, മയക്ക് മരുന്ന് നല്‍കിയും അല്ലാതെയും പീഡനത്തിന് ഇരയാക്കിയത് ഏഴു മുതല്‍ പതിനെട്ട് വരെ പ്രായമുള്ള കുട്ടികളെ

സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ പീഡനത്തിന് ഇരയായത് 34 പെണ്‍കുട്ടികള്‍, മയക്ക് മരുന്ന് നല്‍കിയും അല്ലാതെയും പീഡനത്തിന് ഇരയാക്കിയത് ഏഴു മുതല്‍ പതിനെട്ട് വരെ പ്രായമുള്ള കുട്ടികളെ
July 29 14:33 2018 Print This Article

പട്ന∙ ബിഹാറിലെ മുസഫർപുരിലുള്ള സർക്കാർ അഭയകേന്ദ്രത്തിൽ 34 പെൺകുട്ടികൾ പീഡനത്തിനിരയായ സംഭവം സിബിഐ അന്വേഷിക്കും. ഏഴിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള, സംസാരശേഷിയില്ലാത്ത പെൺകുട്ടികൾ പോലും അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായ സംഭവം രാജ്യവ്യാപകമായി വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തത്. മാത്രമല്ല, അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട ഒരു പെൺകുട്ടിയെ ജീവനക്കാർതന്നെ കൊന്നു കുഴിച്ചുമൂടിയതായി മറ്റ് അന്തേവാസികൾ മൊഴി നൽകി. ഈ മൊഴിയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തി.

അന്തേവാസികളായ പെൺകുട്ടികൾ പീഡനത്തിനിരയാകുന്നതായി പരാതിയുയർന്നതിനെ തുടർന്ന് അഭയകേന്ദ്രം അടച്ചുപൂട്ടിയിരുന്നു. ബ്രജേഷ് താക്കൂർ എന്നയാളുടെ നേതൃത്വത്തിൽ സങ്കൽപ് ഇവാൻ വികാസ് സമിതി എന്ന എൻജിഒയാണ് അഭയകേന്ദ്രം നടത്തിയിരുന്നത്. 2013 ഒക്ടോബറിലാണ് ബിഹാർ സമൂഹ്യക്ഷേമ വകുപ്പ് ഈ അഭയകേന്ദ്രത്തിന്റെ നടത്തിപ്പ് ബ്രജേഷ് താക്കൂറിന്റെ എൻജിഒയ്ക്കു കൈമാറിയത്. അതിനുശേഷം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഏതാണ്ട് 470 അന്തേവാസികൾ ഈ അഭയകേന്ദ്രത്തിൽ വന്നിട്ടുണ്ടെന്നാണ് കണക്ക്.

പീഡനവിവരം പുറത്തായതിനെ തുടർന്ന് പൊലീസ് പരിശോധന നടത്തുമ്പോൾ 42 അന്തേവാസികളാണ് ഇവിടെ ഉണ്ടായിരുന്നത്. പൊലീസ് രക്ഷപ്പെടുത്തിയ പെൺകുട്ടികളിൽ 16 പേർ പീഡനത്തിനിരയായതായി ആദ്യഘട്ട വൈദ്യപരിശോധനയിൽ തെളിഞ്ഞിരുന്നു. എന്നാൽ, പിന്നീട് നടത്തിയ വിശദമായ പരിശോധനയിൽ ആകെ 34 പെൺകുട്ടികൾ പീഡനത്തിന് ഇരയായതായി വ്യക്തമായെന്ന് പൊലീസ് അറിയിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാരും ജില്ലാ ശിശുസംരക്ഷണ ഓഫിസറും ഉൾപ്പെടെ 10 പേർ അറസ്റ്റിലായിട്ടുണ്ട്.

സംരക്ഷകർ തന്നെ വേട്ടക്കാരായി മാറിയ ഞെട്ടിക്കുന്ന കഥയാണ് അഭയകേന്ദ്രത്തിൽനിന്ന് രക്ഷപ്പെട്ട പെൺകുട്ടികൾ പ്രത്യേക പോസ്കോ കോടതിക്കു മുന്നിൽ വെളിപ്പെടുത്തിയത്. മയക്കുമരുന്ന് കലർത്തിയ ഭക്ഷണമാണ് മിക്ക ദിവസവും ലഭിച്ചിരുന്നതെന്ന് ഇവർ കോടതിക്കു മുന്നിൽ കണ്ണീരോടെ ഏറ്റുപറഞ്ഞു. ഭക്ഷണശേഷം മയക്കം അനുഭവപ്പെടുന്ന തങ്ങളെ പൂർണ നഗ്നരാക്കിയാണു മിക്ക ദിവസവും കിടത്തിയിരുന്നത്.

ഊഴമനുസരിച്ച് ഓരോരുത്തരെയും ഓരോ മുറിയിലേക്ക് പറഞ്ഞയയ്ക്കുന്ന പതിവുമുണ്ടായിരുന്നു. ‘ഇന്ന് ബ്രജേഷ് സാറിന്റെ മുറിയിൽ കിടക്കാൻ ആന്റിമാർ ഇടയ്ക്ക് പറയും. ചില സന്ദർശകർ വരുമെന്ന് അവർ പരസ്പരം പറയുന്നതു കേൾക്കാം. രാവിലെ എഴുന്നേൽക്കുമ്പോൾ മിക്ക ദിവസവും എന്റെ വസ്ത്രങ്ങൾ ഊരിമാറ്റിയ നിലയിലായിരിക്കും. ദേഹമാകെ വല്ലാത്ത നീറ്റലും’ – പത്തുവയസ്സുകാരിയായ ഒരു പെൺകുട്ടി കോടതിയിൽ വെളിപ്പെടുത്തി.

പീഡനത്തെ എതിർക്കുന്നവരെ അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാർ അതിക്രൂരമായാണ് പീഡിപ്പിച്ചിരുന്നതെന്നും ഇവർ വെളിപ്പെടുത്തുന്നു. ‘തിളച്ച വെള്ളവും എണ്ണയും ദേഹത്തൊഴിച്ച് പൊള്ളിക്കും. വയറ്റിൽ തൊഴിക്കും. വസ്ത്രങ്ങളഴിച്ചുമാറ്റി അതിക്രൂരമായി മർദ്ദിക്കും’ – പെൺകുട്ടികൾ പറയുന്നു. ലൈംഗിക പീഡനം സഹിക്കവയ്യാതെ പൊട്ടിയ കുപ്പിച്ചില്ലുകൾ ഉപയോഗിച്ച് ദേഹത്ത് മുറിവുണ്ടാക്കിയിരുന്ന കാര്യവും ഇവർ കോടതിക്കു മുന്നിൽ കണ്ണീരോടെ ഏറ്റുപറഞ്ഞു.

അതേസമയം, അഭയകേന്ദ്രത്തിൽനിന്ന് പെൺകുട്ടികളുടെ കരച്ചിൽ പതിവായി കേൾക്കാറുണ്ടായിരുന്നെന്നു പേരുവെളിപ്പെടുത്താത്ത, സമീപവാസിയായ സ്ത്രീ ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി. അവിടെ നടക്കുന്നത് എന്താണെന്ന് അയൽക്കാർക്കുപോലും കാര്യമായ ധാരണയുണ്ടായിരുന്നില്ല. അവിടെ നിന്നും കരച്ചിൽ കേട്ടാലും പോയി നോക്കാൻ ഞങ്ങൾക്ക് ഭയമായിരുന്നു. ബ്രജേഷ് താക്കൂറിനോടുള്ള (അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാരൻ) ഭയമായിരുന്നു കാരണം – ഇവർ പറയുന്നു.

അഭയകേന്ദ്രത്തിലെ പെൺകുട്ടികളെ പുറത്തുകാണുന്നതുപോലും വിരളമായിരുന്നു. ഇവരെ താമസിപ്പിച്ചിരുന്ന ക്വാർട്ടേഴ്സിന് ജനാലകൾ ഇല്ലായിരുന്നുവെന്നും ചെറിയ വെന്റിലേറ്ററുകൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും അയൽവാസികൾ ചൂണ്ടിക്കാട്ടി.

മുസാഫര്‍പൂറിലെ സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ ഒരു സന്നദ്ധ സംഘടന നടത്തിയ കൗണ്‍സലിങ്ങിലാണ് രാജ്യത്തെ ഞെട്ടിച്ച ക്രൂരത മറനീക്കി പുറത്തുവന്നത്. മുസഫര്‍പുരില്‍ സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രത്തില്‍ 42 കുട്ടികളാണുള്ളത്. ഇതില്‍ ഏഴുവയസുകാരി ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാവാത്ത 34 പെണ്‍കുട്ടികളാണ് ക്രൂരമായ ബലാല്‍സംഗത്തിനും മാനസിക പീഡനത്തിനും ഇരയായത്.

പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സന്നദ്ധ സംഘടനയാണ് പൊലീസിനെയും വനിതാകമ്മിഷനെയും സമീപിച്ചത്. തുടര്‍ന്ന് അഭയകേന്ദ്രത്തിലെത്തിയ സാമുഹ്യക്ഷേമവകുപ്പ് മന്ത്രി മജ്ജു വര്‍മ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. പെണ്‍കുട്ടികളെ വൈദ്യപരിശോധനയ്ക്കും വിധേയമാക്കി. പട്ന മെഡിക്കല്‍ കോളജ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ 16 പേരും ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയായെന്ന് വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടികളുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ട്. മാനസിക അസ്വാസ്ഥ്യം കാണിച്ച പത്തുപെണ്‍കുട്ടികളെ കൂടി വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

അഭയകേന്ദ്രത്തിലെ ചുമതലക്കാരാണ് പീഡനത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതുകൂടാതെ ആവശ്യക്കാരെ അഭയകേന്ദ്രത്തില്‍ വിളിച്ചുവരുത്തി പെണ്‍കുട്ടികളെ കാഴ്ചവയ്ക്കുന്ന രീതിയുമുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും എഫ്ഐആറിലുണ്ട്. ഹോട്ടലുകളിലും വീടുകളിലും പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്തതും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൂടിയായ ചുമതലക്കാര്‍ തന്നെ. ഇതൊക്കെ നടന്നത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാരുടെ പൂര്‍ണസമ്മതത്തോടെയാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

സംഭവം വിവാദമായതോടെ അഭയകേന്ദ്രത്തിലെ കൂടുതല്‍ കെടുകാര്യസ്ഥതകള്‍ പുറത്തായി. ചെറിയ തെറ്റുകള്‍ക്കുപോലും പെണ്‍കുട്ടികള്‍ക്ക് ക്രൂരമായ പീഡനം ഏറ്റുവാങ്ങേണ്ടിവന്നിരുവത്രെ. ഇതിനിടെയാണ് അന്തേവാസിയായ പത്തുവയസുകാരിയെ കാണാതാകുന്നത്. രണ്ടാഴ്ച മുമ്പ് കാണാതായെങ്കിലും പൊലീസിനെ അറിയിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. പെണ്‍കുട്ടിയെ ജീവനക്കാര്‍ തന്നെ കൊന്നതാണെന്ന് നാട്ടുകാരും സന്നദ്ധ സംഘടനകളും ആരോപിച്ചു.

ഇതിനെതുടര്‍ന്ന് അഭയകേന്ദ്രത്തില്‍ പൊലീസ് പരിശോധന നടത്തി. മൃതദേഹത്തിനായി പരിസരപ്രദേശങ്ങളില്‍ മണ്ണുമാന്ത്രിയന്ത്രം ഉപയോഗിച്ച് കുഴിച്ചുനോക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles