ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം.

ന്യൂകാസിൽ : മിസ്റ്ററി യാത്രയ്ക്കായി ഗ്രേറ്റ്യാർമോതിലേക്ക് ലക്ഷ്വറി കപ്പലിൽ പുറപ്പെട്ട ടൂറിസ്റ്റുകൾ തങ്ങൾക്ക് ലഭിച്ച സേവനത്തിൽ തൃപ്തരല്ലാത്തതിനാലാണ് പ്രതിഷേധിച്ചത്. 11 രാത്രി നീളുന്ന യാത്രയ്ക്ക് ഏകദേശം 1400 പൗണ്ട് ചെലവാക്കിയ യാത്രികർ ബാൽ മോറൽ എന്ന കപ്പലിൽ നിന്ന് ഇറങ്ങാൻ വിസമ്മതിക്കുകയും കപ്പൽ ജീവനക്കാരോട് കയർക്കുകയും ചെയ്തു. 710 മുറികളുള്ള ആഡംബര കപ്പലിൽ പോകേണ്ട സ്ഥലങ്ങളുടെ വിവരങ്ങൾ മുൻകൂട്ടി വെളിപ്പെടുത്താത്ത മിസ്റ്ററി യാത്രയ്ക്ക് പുറപ്പെട്ട ഒരുകൂട്ടം ടൂറിസ്റ്റുകളാണ് അപ്രധാനമായ സ്ഥലങ്ങളിൽ കൊണ്ടുപോയി തങ്ങളുടെ മൂല്യമേറിയ പണവും സമയവും നഷ്ടപ്പെടുത്തി എന്ന പരാതിയുമായി രംഗത്തെത്തിയത്.

ന്യൂകാസിലിൽ നിന്ന് പുറപ്പെട്ട കപ്പലിൽ ധാരാളം സ്വപ്നങ്ങളുമായി കയറിയ യാത്രക്കാർക്കാണ് ദുർവിധി. ആദ്യ സ്റ്റോപ്പ് നോർഫോക് ആയിരുന്നു, രണ്ടാമത്തേത് ഫ്രാൻസിലെ രണ്ടാം ലോക മഹായുദ്ധം നടന്ന ഡങ്കിർക്കും, മൂന്നാമത്തേത് ബെൽജിയത്തിന് അടുത്തുള്ള ടൂറിസ്റ്റ് സ്പോട്ടും ആയിരുന്നു.തങ്ങൾ ഇത്ര അധികം പണം ചെലവാക്കിയത് ഈ സ്ഥലങ്ങൾ സന്ദർശിക്കാൻ ആയിരുന്നില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു.

എന്നാൽ യാത്രക്കാർ എല്ലാവരും അസംതൃപ്തർ അല്ലെന്നും സംതൃപ്തരായ ഒട്ടനവധി യാത്രക്കാരുടെ റിവ്യു തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നും ഒരിക്കൽ തങ്ങളുടെ ഒപ്പം യാത്ര ചെയ്തവർ വീണ്ടും വരാറുണ്ടെന്നും കപ്പൽ അധികൃതർ പ്രതികരിച്ചു.