മരണം ഒരു യാഥാര്‍ഥ്യമാണ്. അതിനെ അതിജീവിക്കാന്‍ മനുഷ്യന് ഇന്നേവരെ സാധിച്ചിട്ടില്ല. ജീവന്റെ അന്ത്യമാണത്. മനുഷ്യന് മാത്രമല്ല. ഈ ലോകത്തെ സര്‍വചരാചരങ്ങള്‍ക്കും മരണം സംഭവിക്കുന്നുമുണ്ട്. എന്നാല്‍ മരിച്ചാലും പുനരുജ്ജീവനം സാധ്യമായെങ്കില്‍ എന്നൊരു ആഗ്രഹം എക്കാലത്തും മനുഷ്യനുള്ളിലുണ്ട്. ഉയിര്‍ത്തെഴുന്നേല്‍പ്പ്, ചിരഞ്ജീവിത്വം, അമരത്വം തുടങ്ങിയ ഫാന്റസികള്‍ സംബന്ധിച്ച ഒട്ടേറെ കഥകള്‍ നമ്മള്‍ കേട്ടിട്ടുള്ളതാണ്.

എന്നാല്‍ അസംഭവ്യം എന്ന് തോന്നുന്ന ഈ ഫാന്റസി എന്നെങ്കിലും യാഥാര്‍ത്ഥ്യമാവുമോ? ഒരിക്കലും ഇല്ല എന്ന് ഉറപ്പിച്ച് പറയാനാവില്ല എന്നതാണ് സത്യം. ശാസ്ത്രം അങ്ങനെയാണ്. അങ്ങനെ വിശ്വസിച്ചിരുന്ന പലതും യാഥാര്‍ത്ഥ്യമായത് നമ്മള്‍ കണ്ടറിഞ്ഞതുമാണ്. അതുകൊണ്ടുതന്നെ പുനരുജ്ജീവനം സാധ്യമാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ശാസ്ത്രലോകവും.

ജനനം, മരണം, പുനരുജ്ജീവനം

മരിച്ചാലും വീണ്ടും ജീവന്‍ തിരിച്ചെടുക്കാനുള്ള മനുഷ്യന്റെ ആഗ്രഹം ഇന്നൊരു വിദൂര സ്വപ്‌നം മാത്രമാണെങ്കിലും അത് എന്നെങ്കിലുമൊരിക്കല്‍ യാഥാര്‍ത്ഥ്യമാവുമെന്ന പ്രതീക്ഷയിലാണ് മിഷിഗനിലെ ക്രയോണിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു കൂട്ടം ഗവേഷകര്‍. അതിനായി മൃതദേഹങ്ങളെ ശാസ്ത്രീയമായി കാത്തുസൂക്ഷിക്കുകയാണിവര്‍. ക്രയോണിക് പ്രിസര്‍വേഷനിലൂടെ. ഭാവിയില്‍ പുനരുജ്ജീവിപ്പിക്കുന്നതിനായി മനുഷ്യശരീരം തണുപ്പിച്ച് സൂക്ഷിച്ചുവെക്കുന്ന രീതിയാണിത്.

കേള്‍ക്കുമ്പോള്‍ ഭ്രാന്തമെന്ന് തോന്നുന്ന ആശയത്തിന് പുറകെയാണ് ഈ ഗവേഷകര്‍ എങ്കിലും തങ്ങളുടെ ഈ ശ്രമത്തെ കുറിച്ച് സമ്പൂര്‍ണ ശുഭാപ്തിവിശ്വാസമുണ്ട് അവര്‍ക്ക്.

തങ്ങള്‍ സയന്‍സ് ഫിക്ഷന്‍ പ്രേമികളാണെന്നും ഒപ്പം ശുഭാപ്തിവിശ്വാസം കാത്തുസൂക്ഷിക്കുന്നവരാണെന്നും മിഷിഗനില്‍ പ്രവര്‍ത്തിക്കുന്ന ലാഭേതര സ്ഥാപനമായ ക്രയോണിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റ് ഡെന്നിസ് കോവാള്‍സ്‌കി പറയുന്നു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന വളരെ ചുരുക്കം കമ്പനികളില്‍ ഒന്നാണിത്.

“ശുഭാപ്തി വിശ്വാസമൊക്കെ ഉണ്ട്. ക്രയോണിക് പ്രിസര്‍വേഷനിലൂടെ മൃതദേഹങ്ങളെ സംരക്ഷിക്കുക, പിന്നീടതിന് ജീവന്‍ നല്‍കുക എന്നെല്ലാം പറയുന്നത് നൂറ് ശതമാനവും ഇന്ന് യാഥാര്‍ത്ഥ്യമല്ല. എന്നാല്‍ നമ്മള്‍ നമ്മളുടെ അറിവിന്റെ പരമോന്നതിയിലൊന്നുമല്ല ഇപ്പോള്‍ നില്‍ക്കുന്നത്. ഇനിയുമേറെ പഠിക്കാനുണ്ട്. ഭാവിയില്‍ ഇനിയുമേറെ കണ്ടുപിടിക്കാനുണ്ട്. ഹൃദയമിടിപ്പ് നിലച്ചയാളെ രക്ഷിക്കാന്‍ ഒരു വഴിയുമില്ലെന്ന് വിശ്വസിച്ചിരുന്ന കാലം മാറിയത് സിപിആര്‍, കാര്‍ഡിയാക് ഡീഫിബ്രിലേഷന്‍ പോലുള്ള കണ്ടുപിടിത്തങ്ങളിലൂടെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇന്നത് സര്‍വസാധാരണമായ ജീവന്‍രക്ഷാപ്രവര്‍ത്തനങ്ങളാണ്”, കൊവാള്‍സ്‌കി പറയുന്നു.

ഈ സാഹചര്യത്തില്‍ നിന്നുകൊണ്ടാണ് എന്നെങ്കിലും ഒരിക്കല്‍ മരണം സ്ഥിരീകരിച്ച വ്യക്തിക്ക് ജീവന്‍ തിരികെ നല്‍കാന്‍ സാധിക്കുമെന്ന് ക്രയോണിസിസ്റ്റുകള്‍ കരുതുന്നത്. ജൈവികമായ നാശത്തിന് ശാസ്ത്രം പരിഹാരം കണ്ടെത്തുമെന്ന് അവര്‍ വിശ്വസിക്കുന്നു.

ആ മെഡിക്കല്‍ സാങ്കേതിക വിദ്യ കണ്ടെത്തുന്നത് വരെ മൃതശരീരങ്ങളെ സംരക്ഷിച്ചുനിര്‍ത്തുകയാണ് ക്രയോണിസിസ്റ്റുകള്‍ ചെയ്തുവരുന്നത്. ഭാവിയില്‍ ഉണ്ടാവാനിടയുള്ളതും അല്ലാത്തതുമായ ഒരു ആശുപത്രിയിലേക്കുള്ള ആംബുലന്‍സാണ് ക്രയോണിക്‌സ് എന്ന് കൊവാള്‍സ്‌കി വിശദീകരിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സയന്‍സ് ഫിക്ഷന്‍ സിനിമകള്‍

റോബോട്ടിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മൊബൈല്‍ ഫോണുകള്‍, കംപ്യൂട്ടറുകള്‍ അങ്ങനെ പലതും ഒരു കാലത്തെ സാങ്കല്‍പിക ശാസ്ത്ര കഥകളിലെ പ്രവചനങ്ങളായിരുന്നു. മരണം സംഭവിച്ച മനുഷ്യനെ പുനരുജ്ജീവിപ്പിക്കുക എന്ന ആശയത്തിന് പിറകെ ഗവേഷകര്‍ ഇറങ്ങിത്തിരിക്കുന്നതിലും ശാസ്ത്ര സാങ്കല്‍പിക കഥകളുടെ സ്വാധീനമുണ്ടെന്ന് അവര്‍ തന്നെ പറയുന്നു. കോവാള്‍സ്‌കിയും സംഘവും നടത്തിവരുന്ന ക്രയോണിക് പ്രിസര്‍വേഷനും വർഷങ്ങൾക്കുമുമ്പേ സയൻസ് ഫിക്ഷൻ സിനിമകളിലൂടെ കടന്നു പോയിട്ടുണ്ട്.

ഇന്റര്‍സ്റ്റെല്ലര്‍, കാപ്റ്റന്‍ അമേരിക്ക, ഡിമോളിഷന്‍ മാന്‍, ഫ്യൂച്ചറാമ (futurama) സീരീസ് പോലുള്ളവ ക്രയോണിക് പ്രിസര്‍വേഷന്‍ പ്രക്രിയയെ പലവിധത്തില്‍ ദൃശ്യവത്കരിച്ചിട്ടുണ്ട്. അനന്തഭദ്രം എന്ന മലയാള സിനിമയില്‍ പരകായ പ്രവേശത്തിനായി ദികംബരന്‍ തയ്യാറാക്കുന്ന എണ്ണത്തോണിപോലും ഈ പറയുന്ന ക്രയോണിക് പ്രിസര്‍വേഷന്‍ എന്ന ആശയത്തിന്റെ മറ്റൊരു തലത്തിലുള്ള ഭാവനയാണെന്ന് വേണമെങ്കില്‍ പറയാം.

മൃതദേഹം സൂക്ഷിക്കാന്‍ മാത്രമല്ല. മനുഷ്യന്റെ ജീവന്‍ താത്കാലികമായി നിര്‍ത്തിവെക്കുകയും ശരീരം കേടുവരാതെ സൂക്ഷിക്കുകയും ചെയ്യുന്നതിനുള്ള മാര്‍ഗമായും ക്രയോണിക് പ്രിസര്‍വേഷന്‍ എന്ന ആശയത്തെ സിനിമകളും കഥകളും അവതരിപ്പിക്കുന്നുണ്ട്.

ക്രയോണിക് പ്രിസര്‍വേഷന്‍ എന്ത്? എങ്ങനെ?

ഒരാളുടെ മരണശേഷം അയാളുടെ ശരീരം ഭാവിയിലുണ്ടാകാവുന്ന പുനരുജ്ജീവനത്തിനായി പ്രത്യേക രീതിയില്‍ തണുപ്പിച്ച് സൂക്ഷിക്കുന്ന രീതിയാണിത്. മൃതദേഹം ഐസ് വെള്ളത്തില്‍ തണുപ്പിക്കുകയും ഓക്‌സിജന്‍ മാസ്‌കുകളും സിപിആറും ഉപയോഗിച്ച് ശരീര ചര്‍മത്തില്‍ ഓക്‌സിജന്‍ സാന്നിധ്യം നിലനിര്‍ത്തുകയും ചെയ്യും. പ്രത്യേകം സീല്‍ ചെയ്ത കണ്ടെയ്‌നറുകളില്‍ സൂക്ഷിച്ച് ക്രയോണിക് കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോവും. അവിടെ വെച്ച് മൃതശരീരത്തില്‍ രക്തപ്രവാഹം തുടരുന്നതിനും ഓക്‌സിജൻ നിലനിർത്താനുമായി അതിനെ ഒരു പ്രത്യേക യന്ത്രത്തിലേക്ക് മാറ്റും. ശരീര ചര്‍മം മരവിച്ച് ഐസാവാതിരിക്കാന്‍ ഒരു വിട്രിഫിക്കേഷന്‍ ലായനിയും പമ്പ് ചെയ്യും. ഇതിന് ശേഷം ദ്രവ നൈട്രജന്‍ വേപ്പര്‍ ചേമ്പറില്‍ മൃതശരീരം -320 ഡിഗ്രിയില്‍ തണുപ്പിക്കും. ശരീരം ആവശ്യത്തിന് തണുത്തുകഴിഞ്ഞാല്‍ അതിനെ ഒരു ദ്രവ നൈട്രജന്‍ ടാങ്കിലേക്ക് മാറ്റും. ഇതാണ് ഭാവിയിലേക്കായി സൂക്ഷിക്കുന്നത്.

മനുഷ്യന്റെ മൃതശരീരത്തിന് ജീവന്‍ തിരികെ നല്‍കാന്‍ സാധിക്കുന്ന ഒരു സാങ്കേതിക വിദ്യ ജന്മമെടുക്കുന്നത് വരെയുള്ള കാലത്തോളം ഈ ടാങ്കുകളില്‍ ശരീരങ്ങള്‍ സൂക്ഷിക്കപ്പെടുമെന്നാണ് ക്രയോണിക് സാങ്കേതിക വിദ്യയ്ക്ക് നേതൃത്വം വഹിക്കുന്ന കൊവാള്‍സ്‌കി പറയുന്നത്.

എന്നാല്‍ വെല്ലുവിളികള്‍ ഏറെയുണ്ടിതില്‍. തണുപ്പിക്കുന്നതിലൂടെ മൃതശരീരത്തിനുണ്ടാവുന്ന ആഘാതങ്ങള്‍ പരിഹരിക്കണം. വ്യക്തിയുടെ മരണകാരണമായ രോഗം പരിഹരിക്കണം. മൃതശരീരം യുവാവിന്റേതാണെങ്കില്‍ അതിന് പ്രായമാകുന്നത് നിയന്ത്രിക്കണം. ഇങ്ങനെ ഒരു പുനര്‍ജന്മത്തില്‍ ആരോഗ്യദൃഢഗാത്രരായിരിക്കാനുള്ള ശുശ്രൂഷകള്‍ ഈ ശരീരങ്ങള്‍ക്ക് നല്‍കണം. അത് ഏറെ ചിലവേറിയ പ്രക്രിയയാണെന്ന് സാരം.