ഷിബു മാത്യൂ
ലോകത്തെവിടെയായാലും മലയാളികള്‍ തങ്ങളുടെ പതിവ് ശൈലികള്‍ പുറത്തെടുക്കുന്നത് പതിവാണ്. ‘മലയാളിയോടാ കളി’ എന്ന് തമാശയ്ക്കാണങ്കില്‍ പോലും പഴമക്കാര്‍ പറയാറുള്ളത് അക്ഷരാര്‍ത്ഥത്തില്‍ ശരി തന്നെയാണ് എന്ന് തെളിയിച്ചിരിക്കുകയാണ് യുകെയിലെ ഡെര്‍ബിയില്‍ താമസിക്കുന്ന മലയാളി കുടുംബം. ‘കറിയിലെ കറിവേപ്പില പോലെ, അവശ്യം കഴിയുമ്പോള്‍ വലിച്ചെറിയുന്നത്’ എന്ന പേരുദോഷം പരമ്പരാഗതമായി കറിവേപ്പിലയ്ക്കുണ്ടെങ്കിലും യൂറോപ്യന്‍ മാര്‍ക്കറ്റില്‍ കറിവേപ്പിലയ്ക്കിപ്പോള്‍ കിലോയ്ക്ക് നൂറ് പൗണ്ട് കടന്നു. ഏകദേശം പതിനായിരം രൂപയോളും വരും. വില വളരെ കൂടുതലും ലഭ്യത വളരെ കുറവും ആയതു കൊണ്ട് വീടുകളില്‍ തന്നെ കറിവേപ്പ് നട്ട് വളര്‍ത്താം എന്ന ഒരു പുതിയ പരീക്ഷണത്തിലേയ്ക്ക് അടുത്ത കാലത്തായി മലയാളികള്‍ തിരിഞ്ഞു. കൃഷിയേക്കുറിച്ചുള്ള പരിമിതമായ അറിവ് മൂലം പല സംരഭങ്ങളും പരാജയപ്പെടുക മാത്രമാണുണ്ടായിട്ടുളളത്. എന്നാല്‍ വളരെ ഫലപ്രദമായി തന്നെ യൂറോപ്പിലെ അതിശൈത്യത്തിലും കറിവേപ്പ് വളരും എന്ന് തെളിയിച്ചിരിക്കുകയാണ് ഡെര്‍ബിയില്‍ താമസിക്കുന്ന ബിജോയും സിനിയും.

ഇന്ന് തിരുവോണം. ഭക്ഷണപ്രിയരായ മലയാളികള്‍ കറികളാല്‍ സമൃദ്ധമായ ഓണസദ്യ ഒരുക്കുന്ന ദിവസം. ഉപ്പിലും ഉപ്പേരിയിലും തുടങ്ങി അടപ്രഥമനില്‍ അവസാനിക്കുന്ന ഓണസദ്യ. എല്ലാ കറികളിലും കറിവേപ്പിലയുടെ സാന്നിധ്യം. അടുക്കളയില്‍ വളരുന്ന കറിവേപ്പില്‍ നിന്ന് ഇലകള്‍ പറിച്ചെടുത്ത് ഓണസദ്യയ്ക്ക് രുചി കൂട്ടാനൊരുങ്ങുകയാണ് ബിജോയും സിനിയും. സ്വന്തം അടുക്കള തോട്ടത്തിലെ കറിവേപ്പില ഉപയോഗിച്ചുള്ള ആദ്യ ഓണം എന്ന പ്രത്യേകതകൂടിയും ഇവരുടെ ഓണാഘോഷത്തിനുണ്ട്.

കേരളത്തില്‍ കോട്ടയം ജില്ലയിലെ പ്രസിദ്ധമായ അതിരമ്പുഴയില്‍ തെക്കേപ്പുറം കുടുംബാംഗമാണ് ബിജോ. പാരമ്പര്യമായി പച്ചക്കറിയുമായി വളരെയടുത്ത ബന്ധമാണ് ബിജോയുടെ കുടുംബത്തിനുള്ളത്. വര്‍ഷങ്ങളായി അതിരമ്പുഴയില്‍ പച്ചക്കറി ബിസിനസ്സ് നടത്തുകയാണ് ബിജോയുടെ പിതാവ് ജേക്കബ്ബ്. രണ്ടായിരത്തിയേഴില്‍ ബിജോയും സിനിയും യുകെയിലെത്തി. ഇപ്പോള്‍ ഡെര്‍ബിയിലാണ് താമസം. രണ്ട് മക്കള്‍ ഇവര്‍ക്കുണ്ട്. അനീനയും അനികയും. വളരെ യാതൃശ്ചികമായി, തഴച്ചുവളരുന്ന കറിവേപ്പ് ചെടികളാണ് ബിജോയുടെ വീട്ടില്‍ ഞങ്ങള്‍ മലയാളം യുകെ ന്യൂസ് ടീം കണ്ടത്. ഞങ്ങള്‍ നേരിട്ട് കണ്ട കറിവേപ്പിന്റെ വിശേഷങ്ങള്‍ ഈ ഓണക്കാലത്ത് പ്രിയ വായനക്കാരുമായി പങ്കുവെയ്ക്കുകയാണ്.

കേരളത്തിലെ പറമ്പുകളില്‍ വളരുന്നതിനെക്കാള്‍ വളരെ നന്നായിട്ടാണ് ബിജോയുടെ വീട്ടിലെ ചെടിചട്ടിയില്‍ കറിവേപ്പ് ചെടികള്‍ വളരുന്നത്. ഒന്നല്ല. ഒരു പാട്. വളര്‍ന്ന് വലുതായി വീടിന്റെ സീലിംഗില്‍ കറിവേപ്പ് മുട്ടിയപ്പോള്‍ ചെടികളുടെ മുകള്‍ ഭാഗം മുറിച്ചു. പിന്നീട് അത് പൊട്ടി തളിര്‍ത്ത് ശിഖരങ്ങളായി വളരാന്‍ തുടങ്ങി. ഇപ്പോള്‍ അടുക്കളയ്ക്കുളളില്‍ ഒരു അടുക്കളത്തോട്ടം. എണ്ണയൊഴിച്ച് കടുക് മൂക്കുമ്പോള്‍ അടുക്കളയ്ക്കുള്ളില്‍ വളരുന്ന കറിവേപ്പ് മരത്തില്‍ നിന്ന് കറിവേപ്പില നേരിട്ട് പറിച്ച് കടുക് പൊട്ടിച്ച് രുചികരമായ കറികള്‍ ഉണ്ടാക്കുകയാണ് ബിജോയുടെ ഭാര്യ സിനി ബിജോ. സിനിയുടെ പരിശ്രമവും താല്പര്യവും ഒന്നു മാത്രം കൊണ്ടു തന്നെയാണ് ഇങ്ങനെ ഒരു സംരഭം വിജയിപ്പിച്ചെടുക്കാന്‍ സാധിച്ചത് എന്ന് ബിജോ പറയുന്നു. ആദ്യകാലങ്ങളില്‍ അവധിക്കാലത്ത് നാട്ടില്‍ നിന്ന് മടങ്ങുമ്പോള്‍ ധാരാളം കറിവേപ്പില കൊണ്ടു വരുമായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള കറിവേപ്പിലയ്ക്ക് യുകെയില്‍ വിലക്കേര്‍പ്പെടുത്തിയപ്പോള്‍ മുതല്‍ നാട്ടില്‍ നിന്ന് കൊണ്ടുവരുന്നത് കൂടുതല്‍ ബുദ്ധിമുട്ടായി മാറി. സെക്യൂരിറ്റി ചെക്കിംഗില്‍ പലപ്പോഴും പിടിക്കപ്പെടും. ഇതെല്ലാം കൂടുതല്‍ ബുദ്ധിമുട്ടായതു കൊണ്ട് നാട്ടില്‍ നിന്ന് കൊണ്ടുവരുന്നത് അവസാനിപ്പിച്ചു എന്ന് സിനി പറയുന്നു.

എന്തുകൊണ്ടാണ് ഇങ്ങനെയൊരു പരീക്ഷണത്തിന് മുതിര്‍ന്നത് എന്ന ഞങ്ങളുടെ ചോദ്യത്തോട് സിനി പ്രതികരിച്ചത് ഇങ്ങനെ. ‘കിട്ടാന്‍ പ്രയാസമുള്ളത് വളര്‍ത്താന്‍ ശ്രമിച്ചു’ എന്നാണ്. നാട്ടിലെ സുഹൃത്തുക്കള്‍ പറഞ്ഞു യൂറോപ്പിലെ തണുത്ത കാലാവസ്ഥയില്‍ കറിവേപ്പ് പിടിക്കത്തില്ല എന്ന്. സത്യത്തില്‍ അതായിരുന്നു പ്രചോദനം. ഒന്നു പരീക്ഷിക്കാമെന്നു തോന്നി. പരീക്ഷണമല്ലേ, അതു കൊണ്ട് തന്നെ ആരോടും പറഞ്ഞതുമില്ല. അവധിക്കാലം കഴിഞ്ഞ് നാട്ടില്‍ നിന്ന് തിരിച്ചു വന്നപ്പോള്‍ നാല് കറിവേപ്പിന്‍ തൈകള്‍ മണ്ണോടു കൂടി പറിച്ച് പ്ലാസ്റ്റിക് കൂടിലാക്കി നന്നായി പൊതിഞ്ഞ് ആരും കാണാതെ ഡ്രസ് വെയ്ക്കുന്ന പെട്ടിയിലാക്കി. മറ്റു കുഴപ്പങ്ങള്‍ ഒന്നുമില്ലാതെ എല്ലാ ചെക്കിംഗും കഴിഞ്ഞ് ഏയര്‍പോര്‍ട്ടില്‍ നിന്നും പുറത്ത് വന്നു. വീട്ടില്‍ വന്നപ്പോഴാണ് സത്യത്തില്‍ ബിജോയും ഇക്കാര്യം അറിയുന്നത്. എങ്കിലും പിന്നീട് എല്ലാ സഹായവും ചെയ്തു തന്നത് ബിജോ ആയിരുന്നു. എല്ലാ ചെടികളേയും ചെറുചട്ടികളിലാക്കി സൂര്യപ്രകാരം നേരിട്ടടിക്കാത്ത അടുക്കളയുടെ ജനാലക്കരികില്‍ സ്ഥാപിച്ചു. മള്‍ട്ടിപര്‍പ്പസ് കംബോസ്റ്റ് വാങ്ങി അതിലായിരുന്നു എല്ലാ ചെടികളും കുഴിച്ച് വെച്ചത്. ഉണങ്ങിപ്പോകുന്ന അവസ്ഥയിലായിരുന്നു എല്ലാ കറിവേപ്പിന്‍ചെടികളും. രണ്ടു മൂന്നു ദിവസം കൂടുമ്പോള്‍ വെള്ളമൊഴിക്കും. അങ്ങനെ ആഴ്ചകള്‍ പിന്നിട്ടു. കിളിര്‍ക്കാന്‍ തുടങ്ങുന്ന ചില പച്ചപ്പുകള്‍ തണ്ടില്‍ കണ്ടു തുടങ്ങി. ക്രമേണ അത് ഇലകളായി.. ഇതളുകളായി. ആറ് മാസങ്ങള്‍ കൊണ്ട് ഉണങ്ങാന്‍ തുടങ്ങിയ കറിവേപ്പിന്‍ തണ്ട് ഒരു കറിവേപ്പിന്‍ചെടിയായി മാറി. കൃത്യമായ പരിചരണമായിരുന്നു കറിവേപ്പിന്‍ ചെടിയെ ഇതു പോലെ വളരാന്‍ സഹായിച്ചതെന്ന് സിനി പറയുന്നു. കൃത്യമായി വെള്ളമൊഴിച്ചു കൊടുക്കുക. ചുവട് ഇളക്കിക്കൊടുക്കുക. പ്ലാന്റ് ഫുഡ് അതിന്റെ നിര്‍ദ്ദേശപ്രകാരം വെള്ളത്തില്‍ ലയിപ്പിച്ച് മാസത്തില്‍ രണ്ടു പ്രാവശ്യം വളമായി മണ്ണിലൊഴിച്ച് കൊടുക്കുക. വളമായ ഈ മിശ്രിതം ചെടികള്‍ വളരുന്ന കംമ്പോസ്റ്റിലല്ലാതെ ഇലയിലോ തണ്ടിലോ പറ്റാതെ ശ്രദ്ധിക്കുക. അങ്ങനെയുള്ള കൃത്യമായ പരിചരണത്തിലൂടെ ചെടികള്‍ വളര്‍ന്നുതുടങ്ങി.

ആറു മാസം കഴിഞ്ഞു. ചെടികളുടെ വളര്‍ച്ചയില്‍ കാര്യമായ വ്യത്യാസം കണ്ടുതുടങ്ങി. വളരുന്ന ചട്ടികള്‍ പോരാതെ വന്നു. എല്ലാ ചെടികളെയും വലുപ്പം കൂടിയ ചട്ടികളിലേയ്ക്ക് മാറ്റി. എങ്കിലും പരിചരണങ്ങള്‍ പതിവ് പോലെ തന്നെയായിരുന്നു. പക്ഷേ പിന്നീടുള്ള വളര്‍ച്ച കൂടുതല്‍ അതിശയിപ്പിക്കുന്ന തരത്തിലായിരുന്നു. ഇതളുകള്‍ പറിച്ചെടുത്താല്‍ ഉണങ്ങിപ്പോകുമോ എന്ന ആശങ്കയായിരുന്നു ആദ്യമുണ്ടായിരുന്നത്. അതു കൊണ്ട് അതിന് തുനിഞ്ഞില്ല. പക്ഷേ ഉയരം കൂടിയപ്പോള്‍ വെട്ടി വിടാം എന്നു തീരുമാനിച്ചു. ആദ്യം വെട്ടിമാറ്റിയ കറിവേപ്പിന്റെ ഇതളുകളാണ് ആദ്യമായി കറിക്ക് ഉപയോഗിച്ചതും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വര്‍ഷം രണ്ട് കഴിഞ്ഞു. അടുക്കള ഇപ്പോള്‍ ഒരു കറിവേപ്പിന്‍ തോട്ടമായി മാറി. ഒരു വീട്ടമ്മ എന്ന നിലയില്‍ അടുക്കളയില്‍ എത്താന്‍ ഉത്സാഹമാണെന്ന് സിനി പറയുന്നു. ദിവസവും ധാരാളം സമയം കറിവേപ്പിന്‍ചെടികളുമായി ചെലവഴിക്കാറുണ്ട്. അതിനെ തൊടുക, പരിചരിക്കുക, കറികള്‍ക്ക് കടുക് പൊട്ടിക്കുമ്പോള്‍ ഇലകള്‍ നേരിട്ട് പറിച്ച് ചീന ചട്ടിയില്‍ ഇടുക. കറികള്‍ ഉണ്ടാക്കുക. വീട്ടിലുള്ളവര്‍ക്ക് അത് വിളമ്പുക. ഇതിലപ്പുറം എന്ത് സന്തോഷമാണുണ്ടാകേണ്ടത്. സിനി ചോദിക്കുന്നു.

കറിവേപ്പിന് അടുക്കളയുമായി ഒരു മാനസീക ബന്ധമുണ്ട് എന്നാണ് സിനി അഭിപ്രായപ്പെടുന്നത്. അടുക്കളയിലെ ചൂടും ആഹാരം പാകം ചെയ്യുമ്പോള്‍ അടുക്കളയില്‍ ഉണ്ടാകുന്ന ഈര്‍പ്പവും മനുഷ്യര്‍ പുറപ്പെടുവിക്കുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡും സൂര്യപ്രകാശത്തില്‍ നിന്നു കിട്ടുന്ന ഊര്‍ജ്ജവുമാണ് കറിവേപ്പിന്‍ചെടികളുടെ വളര്‍ച്ചയ്ക്ക് കാരണം. ആ രീതിയില്‍ | കറിവേപ്പിന്‍ചെടികളെ പരിചരിക്കാന്‍ മലയാളികള്‍ തയ്യാറാകാത്തതു കൊണ്ടാണ് യൂറോപ്പില്‍ കറിവേപ്പിന്‍ചെടികള്‍ പിടിക്കാതെ പോകുന്നത്.

വീട്ടിലെത്തുന്ന പല മലയാളി സുഹൃത്തുക്കളും വളര്‍ന്ന് നില്ക്കുന്ന കറിവേപ്പിന്‍ചെടികളെ കണ്ട് അഭിനന്ദിക്കാറുണ്ട്. അത് ഒരു പാട് സന്തോഷത്തിന് കാരണമാകുന്നുണ്ട്. കറിവേപ്പിന്‍ചെടികള്‍ ചോദിച്ചെത്തുന്നവരും ധാരാളം. ഒരിക്കല്‍, ഞാന്‍ കൊടുത്തു വിട്ട കറിവേപ്പിന്‍ചെടി ഉണങ്ങാന്‍ തുടങ്ങിയപ്പോള്‍ അവര്‍ തിരിച്ചേല്പിച്ചു. കാരണം പറഞ്ഞതിങ്ങനെ! ഞങ്ങള്‍ നോക്കിയിട്ട് നടക്കുന്നില്ല എന്ന്. പക്ഷേ, എന്റെ അടുക്കളയില്‍ തിരിച്ചെത്തിയപ്പോള്‍ അത് വീണ്ടും വളര്‍ന്നുതുടങ്ങി.

യൂറോപ്പിലെ നേരിട്ടുള്ള സൂര്യപ്രകാശം കറിവേപ്പിന്റെ വളര്‍ച്ചയ്ക്ക് യോചിച്ചതല്ല. എന്റെ വീട്ടില്‍ വളര്‍ന്ന കറിവേപ്പിനെ സൂര്യപ്രകാശം നേരിട്ട് കിട്ടുന്ന സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിച്ചപ്പോള്‍ ഇലകള്‍ വാടുന്ന അവസ്ഥയിലേയ്ക്ക് ചെടികള്‍ മാറുകയായിരുന്നു. പിന്നീട് ഞങ്ങള്‍ ചെടികളെ സൂര്യപ്രകാശം നേരിട്ട് കിട്ടാത്ത അടുക്കളയിലേയ്ക്ക് മാറ്റുകയായിരുന്നു.

അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞാല്‍, യുകെയില്‍ കറിവേപ്പ് വളരും. ആവശ്യമായ പരിചരണമാണ് പ്രധാനം. ഇന്ത്യയില്‍ നിന്നുള്ളതാണെന്ന ലേബലില്‍ പതിനഞ്ച് ഗ്രാം പോലുമില്ലാത്ത ഒരു കറിവേപ്പില പായ്ക്കറ്റിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ കൊടുത്തത് ഒരു പൗണ്ട് മുപ്പത്തൊമ്പത് പെന്‍സ്. അതായിരുന്നു എന്റെ പ്രചോദനം. അടുക്കളയില്‍ കറിവേപ്പ് തോട്ടം വളര്‍ത്തി വിജയിച്ച സിനിയുടെ വാക്കുകളാണിത്. തികഞ്ഞ കര്‍ഷക കുടുംബമായ അതിരമ്പുഴ പുതുശേരില്‍ വീട്ടില്‍ വളര്‍ന്ന സിനിയുടെ വാക്കുകള്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് വഴിയൊരുക്കാന്‍ യൂറോപ്പിലെ മലയാളികള്‍ക്ക് ഈ ഓണക്കാലത്ത് പ്രചോദനമാകട്ടെ എന്നാശംസിക്കുന്നു.

മലയാളം യുകെ ന്യൂസ് ടീമിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു.