കൊച്ചി: കന്യാസ്ത്രീ പീഡനത്തില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നു. വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത ബിഷപ്പിനെ ശനിയാഴ്ച പാലാ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. പോലീസ് മൂന്നു ദിവസം കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും രണ്ടു ദിവസമാണ് അനുവദിച്ചത്. ഇന്ന് ബിഷപ്പിനെ വീണ്ടും കോടതിയില്‍ ഹാജരാക്കും. ബിഷപ്പ് ഇന്ന് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കും.
ശനിയാഴ്ച ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. ഇന്ന് ഉച്ചക്ക് 2.30 വരെയാണ് ബിഷപ്പിന്റെ കസ്റ്റഡി കാലാവധി. അതുകൊണ്ടുതന്നെ ജാമ്യഹര്‍ജി ഇന്ന് കോടതി പരിഗണിച്ചേക്കില്ല. അന്വേഷണവുമായി ബിഷപ്പ് പൂര്‍ണമായും സഹകരിച്ചെന്നും അറസ്റ്റ് അനാവശ്യമായിരുന്നെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ. എന്നാല്‍ ബിഷപ്പ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പോലീസ് അറിയിച്ചിരുന്നു.
മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നതാണെന്നും അതില്‍ തീരുമാനമെടുക്കാന്‍ കോടതി മാറ്റിവെച്ചിരുന്നതാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കും. ഇന്നലെ കുറവിലങ്ങാട് മഠത്തില്‍ തെളിവെടുപ്പിന് ശേഷം ബിഷപ്പിനെ പോലീസ് ക്ലബ്ബില്‍ എത്തിച്ചിരുന്നു. ഇന്നലെ വൈകിട്ടും ബിഷപ്പിനെ പോലീസ് ചോദ്യംചെയ്തിരുന്നു. ഉച്ചയ്ക്കു ശേഷമായിരിക്കും ബിഷപ്പിനെ പാലാ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നത്.
Leave a Reply