സ്വർണ്ണക്കടത്താണെന്ന് സംശയിച്ച് യാത്രക്കാരന്റെ വിലപിടിപ്പുള്ള വാച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ ഹാമർ ഉപയോഗിച്ച് അടിച്ചു തകർത്തതായി പരാതി. മലബാർ ഡെവലപ്‌മെന്റ് ഫോറം പ്രസിഡന്റ് കെഎം ബഷീർ ആണ് സംഭവം ഫേസ്ബുക്ക് ലൈവിലൂടെ പുറത്ത് വിടുന്നത്. 48 ലക്ഷം രൂപ വിലയുള്ള ‘AUDEMARS PIGUET’ എന്ന കമ്പനിയുടെ ആഢംബര വാച്ചാണ് അടിച്ചു തകർത്തത്.

48 ലക്ഷം രൂപ വിലയുള്ള വാച്ചാണ് അടിച്ചു തകർത്തതെന്ന് പരാതിക്കാരനായ മംഗലാപുരം ബട്കൽ സ്വദേശി മുഹമ്മദ് ഇസ്മായിൽ പറഞ്ഞു. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. 2.45ന് ദുബായിയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ IX 1952 എന്ന വിമാനത്തിലായിരുന്നു ഇസ്മായിൽ എത്തിയത്.

ഒരു വാച്ചിനുള്ളിൽ എത്ര കിലോ സ്വർണം കടത്താൻ കഴിയുമെന്നാണ് കെഎം ബഷീർ ലൈവിലൂടെ ചോദ്യം ചെയ്തു. വാച്ചിനുള്ളിൽ സ്വർണ്ണം കടത്തുന്നതായി സംശയമുണ്ടെങ്കിൽ വിദഗ്ധരെ വിളിച്ചുവരുത്തി അത് അഴിച്ചു പരിശോധിക്കുകയായിരുന്നു വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എട്ടുവർഷത്തോളം പഴക്കമുള്ള വാച്ച് ഇസ്മായിലിന് നൽകിയത് അദ്ദേഹത്തിന്റെ സഹോദരനാണെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും കെഎം ബഷീർ പറഞ്ഞു. കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഇസ്മായിലിന് നീതി ലഭിക്കും വരെ കേസുമായി മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം. നഷ്ടപരിഹാരം നൽകുന്നത് വരെ കേസുമായി മുന്നോട്ട് പോകും. കരിപ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതായും എയർപ്പോർട്ട് കമ്മിറ്റി അതോറിറ്റി കസ്റ്റംസ് സൂപ്രണ്ടിനും പരാതി നൽകിയതായും അഭിഭാഷകനായ കെകെ മുഹമ്മദ് പറഞ്ഞു.