സ്വർണ്ണകടത്തു കേസിൽ കോഴിക്കോട്, കൊടുവള്ളി നഗരസഭാ കൗണ്സിലർ കാരാട്ട് ഫൈസലിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. അതിനിടെ, സ്വര്‍ണക്കടത്തിൽ കോഴിക്കോട് കൊടുവളളിയിലെ സ്വകാര്യആശുപത്രിയില്‍ കസ്റ്റംസ് റെയ്ഡ് നടത്തി. കാരാട്ട് ഫൈസല്‍ ഡയറക്ടറായ ആശുപത്രിയിലാണ് കസ്റ്റംസ് പരിശോധന.
ഫൈസലിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഫോണിലെ ശബ്ദ സന്ദേശങ്ങളും രേഖകളും പിടിച്ചെടുത്തിരുന്നു. ഫൈസലുമായി അടുത്ത ബന്ധമുള്ള കുന്ദമംഗലം, കൊടുവള്ളി എംഎൽഎ മാരെ ചോദ്യം ചെയ്യണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്നും ആരോപണങ്ങളിൽ കഴമ്പില്ലെന്നും കാരാട്ട് റസാഖ് എംഎൽഎ പറഞ്ഞു.
രാവിലെ ആറരയോടെ കാരാട്ട് ഫൈസലിന്റെ കൊടുവള്ളിയിലെ വീട്ടിൽ എത്തിയ കസ്റ്റംസ് ഒന്നര മണിക്കൂർ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റഡിയിൽ എടുത്തത്. രണ്ടു വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. ഒന്ന്. സ്വർണകടത്തുകേസ് പ്രതികളുമായി കാരാട്ട് ഫൈസൽ പല തവണ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ഫോണിലെ ശബ്ദ സന്ദേശങ്ങൾ പിടിച്ചെടുത്തത്. കടത്തിയ സ്വർണ്ണം വിതരണം ചെയ്യാൻ കാരാട്ട് ഫൈസൽ സഹായിച്ചതിന്റെ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖുമായും കുന്ദമംഗലം എംഎൽഎ പി.ടി.എ റഹീമുമായും അടുത്ത ബന്ധമാണ് ഉള്ളത്. ഫൈസലിനെ കസ്റ്റഡിയിൽ എടുത്തതോടെ രണ്ട് എംഎൽമാരെയും ചോദ്യം ചെയ്യണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു. സ്വർണകടത്തുകാരെ സിപിഎം സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് സിപിഎം ഓഫിസിലേക്ക് മുസ്‌ലിം ലീഗ് പ്രതിഷേധപ്രകടനം നടത്തി.
Leave a Reply