ലോകത്തെ ഞെട്ടിച്ച് വമ്പന്‍ സൈബര്‍ ആക്രമണം. ബ്രിട്ടന്‍, യുഎസ്, റഷ്യ, ചൈന തുടങ്ങിയ വമ്പന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ ലോകത്തെ നൂറ് രാജ്യങ്ങളിലെ കംപ്യൂട്ടര്‍ ശൃംഖലകളെ ആക്രമണം ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ കമ്പ്യൂട്ടറുകളെ ബാധിച്ചതായി ഇതുവരെ അറിവില്ല. ബ്രിട്ടനിലെ പൊതു ആശുപത്രി ശൃംഖലയായ എന്‍എച്ച്എസ് ആണ് സൈബര്‍ ആക്രമണം ബാധിച്ച പ്രധാന സ്ഥാപനങ്ങളില്‍ ഒന്ന്. ഇതോടെ ബ്രിട്ടനിലെ ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറായി.

ആക്രമണം നടത്തിയ ശേഷം ഫയലുകള്‍ തിരികെ ലഭിക്കാന്‍ പണം ആവശ്യപ്പെടുന്ന ‘റാന്‍സംവെയര്‍’ ( Ransomware ) ആക്രമണമാണ് ഉണ്ടായിരിക്കുന്നത്. ബിറ്റ്‌കോയിന്‍ ( Bitcoin ) വഴി 300 ഡോളര്‍ മുതല്‍ 600 ഡോളര്‍ വരെയാണ് (ഏകദേശം 19,000 രൂപ മുതല്‍ 38,000 രൂപ വരെ) ആക്രമണകാരികള്‍ ആവശ്യപ്പെടുന്നത്.  ഡിജിറ്റല്‍ കറന്‍സി ആയതിനാല്‍ ബിറ്റ്‌കോയിന്‍ നേടിയ കുറ്റവാളികളെ കണ്ടെത്തുക ദുഷ്‌കരമാണ്. ആക്രമണത്തിന് ശേഷം ബിറ്റ്‌കോയിന്‍ വഴി വന്‍തോതില്‍ പണം കൈമാറ്റം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. റാന്‍സംവെയര്‍ ബാധിച്ച 75,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി സൈബര്‍ സുരക്ഷാ കമ്പനിയായ അവാസ്റ്റ് ( Avast ) പറയുന്നു.

മൈക്രോസോഫ്റ്റിലെ സുരക്ഷാ പഴുത് മുതലെടുക്കുന്നതിനായി അമേരിക്കന്‍ ചാര സംഘടനയായ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍എസ്എ) രൂപപ്പെടുത്തിയ ടൂള്‍ കവര്‍ന്നെടുത്താണ് ആക്രമണം നടത്തിയതെന്നാണ് വിദഗ്ധര്‍ കരുതുന്നത്. എന്‍എസ്എ ടൂള്‍ ആയ എറ്റേണല്‍ ബ്ലൂ ( Eternal Blue ) ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു. അതേസമയം, നേരത്തേ കണ്ടെത്തിയ മൈക്രോസോഫ്റ്റ് സുരക്ഷാ പിഴവാണ് ഹാക്കര്‍മാര്‍ മുതലെടുത്തിരിക്കുന്നതെന്നും ഒരു വിഭാഗം പറയുന്നു. മാര്‍ച്ചില്‍ ഇത് പരിഹരിച്ച് മൈക്രോസോഫ്റ്റ് അപ്‌ഡേറ്റ് പുറത്തിറക്കിയിരുന്നെങ്കിലും എല്ലാ കംപ്യൂട്ടറുകളും അപ്‌ഡേറ്റ് ചെയ്യപ്പെടാത്തതാണ് ആക്രമണത്തിന് കാരണമെന്നും ഇവര്‍ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

WannaCry എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന കമ്പ്യൂട്ടര്‍ വേമിന്റെ പേര്. മറ്റു പ്രോഗ്രാമുകളെ അപേക്ഷിച്ച് നെറ്റ്‌വര്‍ക്കില്‍ പ്രവേശിച്ചാല്‍ സുരക്ഷാ പഴുതുള്ള ഏത് കംപ്യൂട്ടറിലേക്കും കടക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. സുരക്ഷാ പിഴവ് മുതലെടുത്ത് സൈബര്‍ ആക്രമണം ഉണ്ടായിരിക്കുന്നതായി മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. കംപ്യൂട്ടറുകള്‍ തിരിച്ചെടുക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് തങ്ങളെന്നും മൈക്രോസോഫ്റ്റ് അറിയിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര ഷിപ്പിങ് കമ്പനിയായ ഫെഡെക്‌സ് ഉള്‍പ്പെടെയുള്ളവരെ ആക്രമണം ബാധിച്ചിട്ടുണ്ട്. അര്‍ജന്റീന, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളിലെ വാര്‍ത്താവിനിമയ സംവിധാനങ്ങളെയും യുഎസിലെയും യൂറോപ്പിലെയും സ്ഥാപനങ്ങളെയും ആക്രമണം ബാധിച്ചു.