വിദ്യാര്‍ഥിനി ഹനാന്‍ ഹന്നയ്ക്കെതിരായ അധിക്ഷേപത്തിന് തുടക്കമിട്ട വയനാട്ടുകാരന്‍ നൂറുദ്ദീന്‍ ഷെയ്ക്ക് അറസ്റ്റിലായി. ഹനാന്‍ യൂണിഫോമില്‍ മീന്‍ വിറ്റത് സമൂഹമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതിന് പിന്നാലെയാണ് നൂറുദ്ദീന്‍ അധിക്ഷേപവുമായി രംഗത്തെത്തിയത്.
ഹനാന്‍ പാലാരിവട്ടം പൊലീസിന് നല്‍കിയ പ്രാഥമിക മൊഴിയില്‍ നൂറുദ്ദീനെതിരെ പരാമര്‍ശങ്ങളുണ്ടായിരുന്നു. ഇന്നലെ രാത്രിയാണ് കൊച്ചിയില്‍ താമസിക്കുന്ന ഈ വയനാട്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വിശദമായ മൊഴി രേഖപ്പെടുത്തി. ഹനാന്‍റെ മീന്‍ വില്‍പന നാടകമാണ് എന്നായിരുന്നു പ്രതിയുടെ ഫെയ്സ്ബുക്ക് ലൈവ്.
അരുണ്‍ ഗോപിയുടെ സിനിമയ്ക്കായുള്ള പ്രചാരണ തന്ത്രമാണ് ഇതെന്നും പ്രതി വിഡിയോയില്‍ ആരോപിച്ചു. സംഭവം വിവാദമായതിന് പിന്നാലെ മാപ്പുപറച്ചില്‍ വിഡിയോയുമായി നൂറുദ്ദീന്‍ രംഗത്തെത്തി. പിന്നീട് പക്ഷേ ആ വിഡിയോ ഡിലീറ്റ് ചെയ്തു. ഇന്നലെ മുഖ്യമന്ത്രി ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നപടിക്ക് നിര്‍ദേശം നല്‍കിയതിന് പിന്നാലെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്‍റെ ചതിക്കുഴിയില്‍ താന്‍ പെടുകയായിരുന്നു എന്ന വിശദീകരണവുമായും പ്രതി രംഗത്തെത്തി.
കൂടുതൽ പേരെ കണ്ടെത്താൻ പോലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലും സൈബർ ടോമും ജില്ലകളിലെ സൈബർ സെല്ലുകളും പരിശോധന തുടങ്ങി. ഹനാന്റെ കേസിന് പുറമേയും സമൂഹ മാധ്യമങ്ങളിൽ വ്യക്തികളെ അധിക്ഷേപിക്കുന്നവരെ നിരീക്ഷിക്കാൻ പൊലിസ് നടപടി തുടങ്ങുന്നുണ്ട്. മുഖ്യമന്ത്രി പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ നന്ദി പറഞ്ഞ് ഹനാനും രംഗത്തെത്തിയിരുന്നു.
Leave a Reply