ബുറെവി ചുഴലിക്കാറ്റിന്‍റെ സഞ്ചാരപാതയില്‍ കേരളവും. നാലാം തീയതി രാവിലെ ചുഴലിക്കാറ്റ് തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ക്കിടയിലൂടെ കടന്നുപോകുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളവും തമിഴ്നാടും അതീവ ജാഗ്രതയിലാണ്. ശക്തമായ മഴയും കാറ്റും മുന്നില്‍കണ്ട് മുന്‍കരുതല്‍ നടപടിയെടുക്കാന്‍ ജില്ലാകലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
ബുറെവി ചുഴലിക്കാറ്റിന്‍റെ പാത തിരുവനന്തപുരം കൊല്ലം ജില്ലകള്‍ക്കിടയിലൂടെ യാണെന്നാണ് കാലാവസ്ഥാ വകുപ്പ് ഒടുവില്‍ പുറത്തുവിട്ട മാപ്പ് വ്യക്തമാക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലും കേന്ദ്രകാലാവസ്ഥാ വകുപ്പ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ശ്രീലങ്കന്‍തീരത്തു നിന്ന് ചുഴലിക്കാറ്റ് തൂത്തുക്കുടിക്കടുത്തുകൂടി തമിഴ്നാട്ടിലേക്കെത്തും. തിരുനെല്‍വേലിക്ക് അടുത്തുകൂടി നീങ്ങി അത് തെന്‍മല, പുനലൂര്‍ഭാഗത്തുകൂടി കേരളത്തിലേക്ക് നീങ്ങാനാണ് സാധ്യത.
ഇപ്പോഴുള്ള കാലാവസ്ഥാ മുന്നറിയിപ്പനുസരിച്ച് മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും അതിശക്തമായ മഴക്കും സാധ്യതയുണ്ട്. വെള്ളക്കെട്ടിനും മണ്ണിടിച്ചിലിനും ഇടയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അതിശക്തമായ മഴ പ്രതീക്ഷിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കടല്‍ അതീവ പ്രക്ഷുബ്ധമാണ്. ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. വെള്ളിയാഴ്ച രാത്രിവരെ അതീവ ജാഗ്രത പുലര്‍ത്താനാണ് കാലാവസ്ഥാ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
ബുറെവി ചുഴലിക്കാറ്റിനെ നേരിടാന്‍ മുന്നൊരുക്കങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. ഏഴുജില്ലകളില്‍ ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയെ വിളിച്ച് സ്ഥിതി വിലയിരുത്തി. ശബരിമല തീര്‍ത്ഥാടനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരും. ചെറുഡാമുകള്‍ തുറന്നുവിടേണ്ടിവരുമെന്നും സംസ്ഥാനത്ത് അതീവജാഗ്രത വേണമെന്നും മുഖ്യമന്ത്രി അവലോകനയോഗത്തിനുശേഷം പറഞ്ഞു.
നാളെ മുതല്‍ ശനിയാഴ്ച വരെ ഏഴുജില്ലകളില്‍ ശക്തമായ കാറ്റും മഴയും തീരപ്രദേശങ്ങളില്‍ അഞ്ച് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ക്കും സാധ്യതയെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലും ഇടുക്കി ജില്ലയുടെ ചില ഭാഗങ്ങളിലും മണിക്കൂറില്‍ അറുപതുകിലോമീറ്ററിന് മുകളില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. എറണാകുളത്തും ഇടുക്കി ജില്ലയുടെ ചിലഭാഗങ്ങളിലും 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും അതിതീവ്രമഴയ്ക്കും സാധ്യത. താഴ്ന്ന പ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും വെള്ളപ്പൊക്കവും മലയോരമേഖലകളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാം. മല്‍സ്യത്തൊഴിലാളികള്‍ ശനിയാഴ്ച വരെ കടലില്‍ പോകരുത്. ശനിയാഴ്ച വരെ അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ ജനം പുറത്തിറങ്ങരുത്. ഹൈറേഞ്ചുകളിലേക്ക് യാത്ര ഒഴിവാക്കണം. മാറ്റിപാര്‍പ്പിക്കേണ്ടവര്‍ക്കായി 2849 ക്യാംപുകള്‍ കണ്ടെത്തിയിട്ടുണ്ട്. 23 ക്യാംപുകളിലായി 175 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചുകഴിഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയദുരന്തനിവാരണ സേനയുടെ എട്ട് ടീമുകള്‍ സംസ്ഥാനത്തെത്തി. തമിഴ്നാട്ടിലെ സുലൂര്‍ എയര്‍ഫോഴ്സ് ബേസിലാണ് വ്യോമസേനാ സജ്ജീകരണങ്ങള്‍. നാവികസേനയും സജ്ജമാണ്. നെയ്യാര്‍, കല്ലട, കക്കി ഡാമുകളുടെ സംഭരണശേഷി 80 ശതമാനമായി കുറയ്ക്കും. അതിതീവ്രമഴയുണ്ടായാല്‍ ചെറുഡാമുകള്‍ തുറന്നുവിടേണ്ടിവരും. നെയ്യാര്‍, അരുവിക്കര, കല്ലട, മലങ്കര, കുണ്ടള, ശിരുവാണി, കാഞ്ഞിരപ്പുഴ, വാളയാര്‍, പോത്തുണ്ടി, കാരാപ്പുഴ ഡാമുകള്‍ നിലവില്‍ തുറന്നുവിട്ടിട്ടുണ്ട്.
പത്തനംതിട്ടയില്‍ ശക്തമായ കാറ്റുംമഴയും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ശബരിമല തീര്‍ത്ഥാടനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരും. ഇക്കാര്യത്തില്‍ സാഹചര്യം വിലയിരുത്തി പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് തീരുമാനമെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Leave a Reply