സ്വന്തം ലേഖകന്‍

നോട്ടിംഗ്ഹാം: ഓഗസ്റ്റ് 26-ാം തീയതി യുകെയിലെ എം 1-ല്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞ നോട്ടിംഗ്ഹാം സ്വദേശിയായ ബെന്നിചേട്ടന്റെ ( സിറിയക് ജോസഫ്‌ ) മൃതസംസ്‌കാര ശുശ്രൂഷകള്‍ അദ്ദേഹത്തിന്റെ മാതൃ ഇടവകയായ കോട്ടയം ജില്ലയിലെ ചേര്‍പ്പുങ്കല്‍ പള്ളി സെമിത്തേരിയില്‍ ഇന്നു നടന്നു. യുകെയിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും അടക്കം അനേകം യുകെ മലയാളികള്‍ അന്തിമോപചാരം അര്‍പ്പിക്കാനായി ചേര്‍പ്പുങ്കല്‍ പള്ളിയില്‍ എത്തിയിരുന്നു. ആയിരക്കണക്കിന് ആളുകള്‍ ആണ് കണ്ണീരോടെ സംസ്കാര ശുശ്രൂഷയില്‍ പങ്കെടുത്തത്.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പിആര്‍യും നോട്ടിംഗ്ഹാം ഇടവക വികാരിയുമായ  ഫാ. ബിജു കുന്നയ്‌ക്കാട്ട് അന്ത്യശുശ്രുഷയിൽ പങ്കെടുത്തു നടത്തിയ പ്രസംഗം കുടുബാംഗങ്ങൾക്കും ബന്ധുമിത്രാദികൾക്കും ആശ്വാസം നല്‍കുവാനായി. ദൈവവചനങ്ങൾ കൊണ്ട് നിറഞ്ഞിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ശബ്ദവും ദുഃഖഭാരത്താൽ ഇടറിയിരുന്നു. ‘ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട മകനായിരുന്നതുകൊണ്ടാണ് ദൈവസന്നിധിയിലേക്ക് ബെന്നിയെ ദൈവം കൂട്ടിക്കൊണ്ടുപോയത് ‘ എന്ന് പറഞ്ഞു അദ്ദേഹം എല്ലാവരെയും ആശ്വസിപ്പിച്ചു.

യുകെയില്‍ കഴിഞ്ഞ വെള്ളിയാഴ്ച, (8-ാം തീയതി) നോട്ടിംഗ്ഹാമിലുള്ള ഗുഡ് ഷെപ്പേര്‍ഡ് കത്തോലിക്കാ ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് 2 മണിക്ക് ദിവ്യബലിയും മറ്റു പ്രാര്‍ത്ഥനാ ശുശ്രൂഷകളും ഉള്‍പ്പെടെ ബെന്നി ചേട്ടന്‍റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറു കണക്കിന് മലയാളികള്‍ ഇവിടെ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പോലീസ് – ആശുപത്രി നടപടികള്‍ പൂര്‍ത്തിയാക്കി വളരെ വേഗത്തില്‍ തന്നെ മൃതദേഹം ഫ്യൂണറല്‍ ഡയറക്ടേഴ്സിന് കൈമാറിയിരുന്നു. യു കെ ജനതയെ ഒന്നാകെ നടുക്കിയ ഈ വലിയ ദുരന്തത്തിന്റെ തുടര്‍ നടപടികള്‍ പോലീസ് പതിവിലും വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ദുരന്തത്തില്‍ മരണമടഞ്ഞ ബാക്കിയുള്ളവരുടെയും മൃതദേഹങ്ങള്‍ വിട്ടുകിട്ടുന്നതിനുള്ള നിയമ നടപടികള്‍ പൂര്‍ത്തിയായികൊണ്ടിരിക്കുകയാണ്.

ഞായറാഴ്ചയാണ് യുകെയിലെ  അന്തിമോപചാരത്തിനും പൊതുദര്‍ശനത്തിനു ശേഷം എമിറേറ്റ്സ് വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയത്.

ബെന്നിയുടെ ഭാര്യ ആന്‍സിയും മക്കളായ ബെന്‍സണ്‍, ബെനീറ്റ എന്നിവരും യുകെയിലുള്ള മറ്റു കുടുംബാംഗങ്ങളും ഞായറാഴ്ച നാട്ടിലെത്തിയിരുന്നു. മറുനാട്ടിലും തന്‍റേതായ വ്യക്തിത്വം മറ്റുള്ളവര്‍ക്ക് മാതൃകയായി ജീവിതത്തിലൂടെ പ്രകടമാക്കിയ ബെന്നി നോട്ടിംഗ്ഹാം മലയാളി സമൂഹത്തില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു. ഒരിക്കലും നികത്താനാവാത്ത വിടവ് ഇവര്‍ക്ക് നല്‍കിക്കൊണ്ട് കടന്നു പോയ ബെന്നിയുടെ ആകസ്മിക മരണം ഇവിടുത്തെ ഓരോ മലയാളിക്കും താങ്ങാനാവാത്ത ആഘാതമാണ് ഉണ്ടാക്കിയത്.

എബിസി ട്രാവല്‍സ് എന്ന പേരില്‍ മിനി ബസ് സര്‍വ്വീസ് നടത്തിക്കൊണ്ടിരുന്ന തങ്ങളുടെ പ്രിയ സുഹൃത്തിന്റെ അകാല വേര്‍പാടിന്റെ നടുക്കത്തില്‍ നിന്ന് നോട്ടിംഗ്ഹാമിലുള്ളവര്‍ ഇനിയും വിമുക്തരായിട്ടില്ല. കഴിഞ്ഞ 26-ാം തീയതി നോട്ടിംഗ്ഹാമില്‍ നിന്ന് ലണ്ടനിലേയ്ക്ക് മറ്റു പതിനൊന്നു പേരുമായി യാത്ര ചെയ്യുമ്പോഴാണ് നാടിനെ നടുക്കിയ വന്‍ ദുരന്തമുണ്ടായതും ബെന്നിക്കും 7 സഹയാത്രികര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടതും.

നോട്ടിംഗ്ഹാം മലയാളികളെ പ്രതിനിധീകരിച്ച് ഇടവക വികാരി ഫാ. ബിജു കുന്നക്കാട്ടിലും അഡ്വ. ജോബി പുതുക്കുളങ്ങരയും, സോയിമോനും കുടുംബവും ബെന്നിയുടെ കുടുംബത്തോടൊപ്പം സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നാട്ടില്‍ എത്തിയിരുന്നു. യുകെയിലെ സ്പോര്‍ട്സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സ് അക്കാദമിക്ക് വേണ്ടി പ്രശസ്ത സിനിമാ താരം ചാലി പാല മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചു. നിര്‍മ്മാതാക്കളായ ഷൈജു, രാജേഷ്‌ തോമസ്‌, ജോസഫ്, രഞ്ജി എന്നിവരും നോട്ടിംഗ്ഹാമിലെ വിവിധ കലാ സാംസ്കാരിക സംഘടനകളായ എന്‍.എം.സി.എ, മുദ്ര എന്നിവയ്ക്ക് വേണ്ടിയും മൃതദേഹത്തില്‍ റീത്തുകള്‍ സമര്‍പ്പിക്കപ്പെട്ടു.