ക്യാന്‍സര്‍ ചികിത്സക്കിടെയുണ്ടായ സങ്കീര്‍ണ്ണതയെത്തുടര്‍ന്ന് രോഗിയുടെ സ്ഥിതി ഗുരുതരമായെന്ന പരിശോധനാഫലം അറിയിക്കുന്നതില്‍ പിഴവ്. മതിയായ ചികിത്സ കിട്ടാതെ രോഗി മരിച്ചു. മെറ്റലോക ഹല്‍വാല എന്ന 58കാരനാണ് രോഗത്തേക്കുറിച്ചുള്ള വിവരമറിയാതെ ഹോട്ടല്‍ മുറിയില്‍ മരിച്ചത്. ഹോഡ്കിന്‍സ് ലിംഫോമ എന്ന ക്യാന്‍സറിന് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് കീമോതെറാപ്പി നടന്നു വരികയായിരുന്നു. അതിലെ സങ്കീര്‍ണ്ണതകള്‍ മൂലം രോഗിക്ക് ശ്വാസകോശത്തില്‍ വിഷവസ്തുക്കള്‍ അടിഞ്ഞു കൂടുന്ന അവസ്ഥയുണ്ടായിരുന്നു. ഗുരുതരമായ ഈ അവസ്ഥ കണ്ടെത്താനായി ഡോക്ടര്‍ സ്‌കാനിംഗിന് നിര്‍ദേശിച്ചെങ്കിലും അതിന്റെ റിസല്‍ട്ട് ഹല്‍വാലക്കോ ഡോക്ടര്‍ക്കോ കാണാന്‍ സാധിച്ചില്ല. തെറ്റായ നമ്പറിലേക്ക് ആശുപത്രി ജീവനക്കാര്‍ ഈ റിസല്‍ട്ട് അയച്ചു കൊടുക്കുകയായിരുന്നു.
മെല്‍ബോണിലെ ഓസ്റ്റിന്‍ ഹോസ്പിറ്റലിലാണ് ഈ ഗുരുതരമായ പിഴവുണ്ടായത്. മരിക്കുന്നതിന് നാല് ദിവസം മുമ്പാണ് ഹല്‍വാല സ്‌കാനിംഗിന് വിധേയനായത്. ഹല്‍വാല മരിച്ചത് മെഡിക്കല്‍ പ്രൊഫഷനിലുണ്ടായ വീഴ്ച മൂലമാണെന്ന് കൊറോണര്‍ റോസ്‌മേരി കാര്‍ലിന്‍ പറഞ്ഞു. ചികിത്സ നടത്തിയാലും അദ്ദേഹം കൂടുതല്‍ കാലം ജീവിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പു പറയാനാകില്ലെങ്കിലും ഈ പിഴവ് ചികിത്സയിലൂടെ കുറച്ചു കാലമെങ്കിലും ജീവിതം നീട്ടിക്കിട്ടാനും ബന്ധുക്കളുടെയും ഉറ്റവരുടെയും സാന്നിധ്യത്തില്‍ സമാധാനത്തോടെ മരിക്കാനുമുള്ള അവസരമാണ് അദ്ദേഹത്തിന് നിഷേധിച്ചതെന്നും കൊറോണര്‍ പറഞ്ഞു.
മെഡിക്കല്‍ പ്രൊഫഷനില്‍ വിവരങ്ങള്‍ കൈമാറാന്‍ കാലഹരണപ്പെട്ട രീതികള്‍ ഉപയോഗിക്കുന്നതിനെയും കൊറോണര്‍ വിമര്‍ശിച്ചു. ഒരു കാരണവശാലു വിശ്വസിച്ച് ഉപയോഗിക്കാന്‍ കഴിയാത്ത ഫാക്‌സ് പോലെയുള്ള സാങ്കേതികവിദ്യകള്‍ വൈദ്യശാസ്ത്രരംഗത്ത് ഉപയോഗിക്കുന്നുണ്ടെന്നത് അവിശ്വസനീയമാണെന്നും അവര്‍ പറഞ്ഞു. മെല്‍ബോണ്‍ ഓസ്റ്റിന്‍ ഹോസ്പിറ്റലിലെ റിസല്‍ട്ടുകള്‍ ഫാക്‌സ് ചെയ്യുന്ന രീതി അവസാനിപ്പിക്കാനും കൊറോണര്‍ നിര്‍ദേശിച്ചു.
Leave a Reply