ന്യൂസ് ഡെസ്ക്

ഭീമ കോറിഗോൺ യുദ്ധത്തിന്റെ ഇരു നൂറാം വാർഷിക അനുസ്മരണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ പൂനെയിൽ തിങ്കളാഴ്ച ഉടലെടുത്ത സംഘർഷം സംസ്ഥാനമാകെ വ്യാപിക്കുന്നു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കുണ്ട്. നൂറു കണക്കിന് പേരെ മുബൈ പോലീസ് അറസ്റ്റ് ചെയ്തു. ദളിത് മറാത്ത വിഭാഗങ്ങൾ തമ്മിലാണ് സംഘർഷം ഉണ്ടായത്. ചെമ്പൂരിനും ഗോവണ്ടിയ്ക്കും ഇടയിൽ ലോക്കൽ ട്രെയിനുകൾ പ്രക്ഷോഭകാരികൾ തടഞ്ഞു. മഹാരാഷ്ട്രാ ഗവൺമെൻറിന്റെ 134 ട്രാൻസ്പോർട്ട് ബസുകൾ ഇന്നത്തെ സംഘർഷത്തിനിടെ തകർക്കപ്പെട്ടു. കുർളയ്ക്കും വാഷിയ്ക്കും ഇടയിലുള്ള ട്രെയിൻ സർവീസ് റെയിൽവേ നിറുത്തി വച്ചിരിക്കുകയാണ്. നിരവധി വാഹനങ്ങൾ അഗ്നിക്കിരയായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡ് ഉപരോധിക്കപ്പെട്ടു. ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേ പ്രതിഷേധക്കാർ ഉപരോധിച്ചു.

 നാളെ മഹാരാഷ്ട്രാ ബന്ദിന് ദളിത് സംഘടനകൾ ആഹ്വാനം നല്കിയിട്ടുണ്ട്. ബാബാ സാഹിബ് അംബേദ്കറിന്റെ ചെറുമകൻ പ്രകാശ് അംബേദ്കർ ആണ് ബന്ദ് പ്രഖ്യാപിച്ചത്. സംഘർഷത്തെ തുടർന്ന് നിരവധി സ്കൂളുകൾ അടച്ചിരിക്കുകയാണ്. മുംബയിലും മറ്റു പ്രധാന നഗരങ്ങളിലും സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. 1818 ൽ ജനുവരി ഒന്നിന് ബ്രിട്ടീഷ് സൈന്യം പെഷവാ ബജീറോ വിഭാഗത്തിനുമേൽ നേടിയ വിജയ സ്മരണ ആഘോഷിക്കുന്നതിനെതിരെ ഒരു വിഭാഗം ജനങ്ങൾ പ്രതിഷേധിച്ചതാണ് സംഘർഷത്തിന് കാരണം. ദളിത് വിഭാഗമായ മഹർ സമുദായക്കാർ അക്കാലത്ത് ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായിരുന്നു. ബ്രിട്ടന്റെ വിജയം ആഘോഷിക്കുന്നതിനെതിരെ വലതു പക്ഷ ഗ്രൂപ്പുകൾ പ്രതിഷേധമുയർത്തിയതോടെ സംഘർഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു.

പുനെ സംഭവത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ജനങ്ങൾ ശാന്തരാകണമെന്നും സംഘർഷം നിർത്താൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുംബൈ പോലീസ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.