അഞ്ചുവര്‍ഷത്തിനിടെ അറുപതിലേറെപ്പേര്‍ പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ കാമുകനുള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. കായികതാരം കൂടിയായ ദളിത് പെണ്‍കുട്ടിയുടെ മൊഴിയിലാണ് ഇലവുംതിട്ട പോലീസ് പ്രതികളെ അറസ്റ്റുചെയ്തത്. പട്ടികജാതി-പട്ടികവര്‍ഗ പീഡനനിരോധനവകുപ്പും ചുമത്തും. ആറ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട 64 പേര്‍ പ്രതികളാവുമെന്നാണ് പ്രാഥമികനിഗമനം. ഇതില്‍ 34 ആളുകളുടെ പേരുകള്‍ പെണ്‍കുട്ടി എഴുതിവെച്ചിട്ടുണ്ടായിരുന്നു. ഇപ്പോള്‍ 18 വയസ്സുള്ള വിദ്യാര്‍ഥിനിക്ക് 13 വയസ്സുമുതല്‍ പീഡനം നേരിട്ടെന്നാണ് മൊഴി.
പ്രക്കാനം വലിയവട്ടം പുതുവല്‍തുണ്ടിയില്‍ വീട്ടില്‍ സുബിന്‍ (24), സന്ദീപ് ഭവനത്തില്‍ എസ്. സന്ദീപ് (30), കുറ്റിയില്‍ വീട്ടില്‍ വി.കെ. വിനീത് (30), കൊച്ചുപറമ്പില്‍ കെ. അനന്ദു (21), ചെമ്പില്ലാത്തറയില്‍ വീട്ടില്‍ സുധി (ശ്രീനി-24) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റിമാന്‍ഡുചെയ്തു. ഇതില്‍ സുധി പോക്‌സോകേസില്‍ ജയില്‍വാസം അനുഭവിക്കുകയാണ്. അച്ചു ആനന്ദ് എന്നയാള്‍ക്കായി തിരച്ചില്‍നടത്തുന്നതായും പോലീസ് പറഞ്ഞു. മറ്റുള്ളവരുടെ പേരുവിവരങ്ങളും കുട്ടിയില്‍നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. എല്ലാവരുടെയുംപേരില്‍ പോക്‌സോചുമത്തി.
ബാക്കിയുള്ള 30 ആളുകളുടെ ഫോണ്‍നമ്പറുകളാണുള്ളത്. ഇതില്‍ കുറേനമ്പറുകളും കുട്ടി എഴുതിസൂക്ഷിച്ചിരുന്നു. ശേഷിക്കുന്നവ ഫോണില്‍നിന്നാണ് പോലീസ് മനസ്സിലാക്കിയത്. പ്രതികളില്‍ മിക്കവരും 20-നും 30-നും ഇടയ്ക്കുള്ളവരാണ്. പ്രായപൂര്‍ത്തിയാകാത്തവരും ഉണ്ടെന്ന് സൂചനയുണ്ട്. 2019 മുതലാണ് പീഡനംതുടങ്ങിയത്. വിവാഹവാഗ്ദാനം നല്‍കിയാണ് പെണ്‍കുട്ടിയെ കാമുകന്‍ ആദ്യം പീഡിപ്പിച്ചത്. പലയിടത്തും കൊണ്ടുപോയി ഉപദ്രവിച്ചെന്നാണ് മൊഴി.
പെണ്‍കുട്ടിയുടെ നഗ്‌നചിത്രവും വീഡിയോയുമെടുത്ത പ്രതി അത് സുഹൃത്തുക്കളെ കാണിച്ചു. തുടര്‍ന്ന് അവരും പീഡിപ്പിച്ചെന്നാണ് പ്രാഥമികവിവരം. പന്തളത്ത് കുടുംബശ്രീയുടെ കീഴിലുള്ള സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കിലാണ് പീഡനവിവരം കുട്ടി ആദ്യം പറയുന്നത്. അവര്‍ ജില്ലാ ശിശുക്ഷേമസമിതിയെ അറിയിച്ചു. അവര്‍ വനിത-ശിശുക്ഷേമ വകുപ്പിന്റെ കീഴിലുള്ള കോന്നിയിലെ നിര്‍ഭയയില്‍ എത്തിച്ചശേഷം സൈക്കോളജിസ്റ്റുവഴി വിശദാംശങ്ങള്‍ മനസ്സിലാക്കുകയായിരുന്നു. തുടര്‍ന്ന് വിവരം ജില്ലാ പോലീസ് മേധാവിക്ക് കൈമാറി.
Leave a Reply