കൊച്ചി മെട്രോ പാളത്തിന് ചരിവ് കണ്ടെത്തിയതിനെ തുടർന്ന് പില്ലറിൽ പരിശോധന ആരംഭിച്ചു. കളമശ്ശേരി പത്തടിപ്പാലത്തിനു സമീപം 347ാം നമ്പർ തൂണിനടുത്താണ് പാളത്തിൽ നേരിയ ചരിവ് കണ്ടെത്തിയിരിക്കുന്നത്. പത്തടിപ്പാലത്തുള്ള 347-ാം നമ്പർ പില്ലറിന് ചുറ്റുമുള്ള മണ്ണ് നീക്കിയശേഷമാണ് കെ.എം.ആർ.എൽ. പരിശോധന നടത്തുന്നത്. കെ.എം.ആർ.എൽ. നടത്തിയ പതിവ് പരിശോധനയ്ക്കിടെ ആണ് നേരിയ ചരിവ് ശ്രദ്ധയിൽപ്പെട്ടത്. പരിശോധന കുറച്ചുദിവസം കൂടി തുടരുമെന്ന് അധികൃതർ അറിയിച്ചു.
കെ.എം.ആർ.എൽ. നടത്തിയ പ്രാഥമിക പരിശോധനയിൽ തകരാർ ബോധ്യപ്പെട്ടതിനെത്തുടർന്ന് വിശദമായ പരിശോധനയ്ക്ക് ഡൽഹി മെട്രോ റെയിൽ കോർപറേഷനെ (ഡി.എം.ആർ.സി.) വിവരമറിയിച്ചിട്ടുണ്ട്. കെ.എം.ആർ.എൽ. സ്വന്തം നിലയ്ക്ക് പരിശോധന തുടരുകയാണ്. തകരാർ ഗുരുതരമെന്ന് കണ്ടെത്തിയാൽ മെട്രോ സർവീസ് കുറച്ചുകാലം നിർത്തേണ്ടി വന്നേയ്ക്കുമെന്നും വിവരമുണ്ട്.
പാളം ഉറപ്പിച്ചിരിക്കുന്ന കോൺക്രീറ്റ് ഭാഗമായ വയഡക്ടിന്റെ ചരിവ്, പാളത്തിനടിയിലെ ബുഷിന്റെ തേയ്മാനം, തൂണിന്റെ ചരിവ് എന്നീ സാധ്യതകളാണ് പ്രധാനമായും ഉള്ളത്. ഇത് കണ്ടെത്താനുള്ള പരിശോധനയാണ് പുരോഗമിക്കുന്നത്. പാളം ഉറപ്പിച്ചിട്ടുള്ള കോൺക്രീറ്റ് ഭാഗത്തിന്റെ (വയഡക്ട്) ചരിവാണെന്ന് ആദ്യ നിഗമനം. എന്നാൽ പരിശോധനയിൽ അതല്ലെന്ന് വ്യക്തമായി. പാളം ഉറപ്പിച്ചിരിക്കുന്ന ബുഷുകളിലെ തേയ്മാനം മൂലം ചരിവുണ്ടാകാം. ബുഷ് മാറ്റിവച്ചാൽ പ്രശ്‌നം തീരും. വയഡക്ടിന്റെ ചരിവാണെങ്കിലും പരിഹരിക്കാം. എന്നാൽ തൂണിനു ചരിവുണ്ടെങ്കിൽ കാര്യം ഗുരുതരമാകുമെന്നും അധികൃതർ സൂചന നൽകുന്നുണ്ട്.
തൂണിന്റെ ചരിവ് ആണെങ്കിൽ പോലും അതു പരിഹരിക്കാൻ കഴിയുമെന്നും സർവീസ് ആരംഭിച്ച് അഞ്ച് വർഷം കഴിഞ്ഞ് തൂണിനോ അടിത്തറയ്‌ക്കോ തകരാർ ഉണ്ടാവാൻ സാധ്യത കുറവാണെന്നും എൻജിനീയർമാർ അഭിപ്രായപ്പെട്ടു. ട്രാക്കിലെ ചരിവ് തൂണിന്റെ പ്രശ്‌നം മൂലമാണെങ്കിൽ ആറ് മാസത്തേക്കെങ്കിലും ഈ ഭാഗത്ത് മെട്രോ സർവീസ് നിർത്തിവയ്‌ക്കേണ്ടി വരും. തകരാറുള്ള ഭാഗം പൂർണ്ണമായി അഴിച്ചുപണിയേണ്ടതായി വരുമെന്നും അറിയിച്ചു.
വയഡക്ടിനും ട്രാക്കിനും ഇടയിൽ ചെറിയൊരു വിടവ് ശ്രദ്ധയിൽപ്പെട്ടെന്നും, അതു പരിശോധിച്ചു വരികയാണെന്നും കെ.എം.ആർ.എൽ പ്രതികരിച്ചു. ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇല്ലെന്നും മുകൾ ഭാഗത്തെ പരിശോധന കഴിഞ്ഞതായും താഴ്ഭാഗത്തുകൂടി സമഗ്ര പരിശോധന നടത്തുമെന്നും കെ.എം.ആർ.എൽ അറിയിച്ചു. അതേസമയം, ട്രെയിൻ സർവീസ് പതിവുപോലെ നടക്കുന്നുണ്ട്. പരിശോധന കുറച്ചുദിവസം കൂടി തുടരും. എന്നാൽ, കഴിഞ്ഞ ഏതാനും ആഴ്ചകളായി വേഗത കുറച്ചാണ് മെട്രോയുടെ സഞ്ചാരം. മണിക്കൂറിൽ 35 കിലോമീറ്ററാണ് ട്രെയിനിന്റെ വേഗമെങ്കിൽ, പത്തടിപ്പാലം എത്തുമ്പോൾ 20 കിലോമീറ്റർ ആയി കുറയ്ക്കുകയാണ്.
Leave a Reply