ലണ്ടന്‍: കണ്‍സര്‍വേറ്റീസ് ഗവണ്‍മെന്റിന്റെ സ്റ്റേറ്റ് സെക്രട്ടറിയും പ്രധാനമന്ത്രി തെരേസ മേയുടെ അടുത്ത അനുയായിയുമായ ഡാമിയന്‍ ഗ്രീന്‍ രാജിവെച്ചു. ഗ്രീനിന്റെ ഹൗസ് ഓഫ് കോമണ്‍സ് കമ്പ്യൂട്ടറില്‍ നിന്ന് അശ്ലീല ചിത്രങ്ങള്‍ കണ്ടെടുത്ത സംഭവത്തില്‍ കള്ളം പറഞ്ഞതായി തെളിഞ്ഞതിനെത്തുടര്‍ന്നാണ് രാജി. ക്യാബിനറ്റ് സെക്രട്ടറി സര്‍ ജെറമി ഹെയ്‌വുഡ് നടത്തിയ അന്വേഷണത്തില്‍ ഗ്രീന്‍ കുറ്റം നിഷേധിച്ചിരുന്നു. എന്നാല്‍ ഗ്രീന്‍ അന്വേഷണത്തെ വഴിതെറ്റിക്കുന്ന വിധത്തില്‍ കള്ളം പറഞ്ഞുവെന്നും നല്‍കിയ വിവരങ്ങള്‍ തെറ്റായിരുന്നുവെന്നും ഹെയ്‌വുഡ് കണ്ടെത്തി.

ജൂണിലെ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നഷ്ടമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ആധികാരികത വര്‍ദ്ധിപ്പിക്കാനായി പ്രധാനമന്ത്രി തെരേസ മേയ് തന്നെയാണ് ഗ്രീനിനെ സ്റ്റേറ്റ് സെക്രട്ടറിയായി നിയമിച്ചത്. നാണക്കേടുമായി ഗ്രീന്‍ പുറത്തേക്ക് പോകുന്നത് പ്രധാനമന്ത്രിക്ക് ലഭിച്ച തിരിച്ചടിയായാണ് ഇതോടെ വിലയിരുത്തുന്നത്. നവംബറിനു ശേഷം പുറത്തേക്കു പോകുന്ന മൂന്നാമത്തെ ക്യാബിനറ്റ് അംഗവും ഇത്തരം ഒരു ആരോപണത്തില്‍ കുടുങ്ങി രാജിവെക്കുന്ന ആദ്യത്തെ സെക്രട്ടറി ഓഫ് സ്റ്റേറ്റുമാണ് ഗ്രീന്‍.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

താന്‍ അശ്ലീല ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ കാണുകയോ ചെയ്തിട്ടില്ലെന്ന് രാജിക്കത്തില്‍ വിശദീകരിച്ച ഗ്രീന്‍ താന്‍ പുറത്തു വിട്ട വാര്‍ത്താക്കുറിപ്പില്‍ കുറച്ചു കൂടി വ്യക്തത വരുത്തേണ്ടതായിരുന്നുവെന്ന് സമ്മതിച്ചു. 2008ലാണ് അശ്ലീല ചിത്രങ്ങള്‍ ഗ്രീനിന്റെ കമ്പ്യൂട്ടറില്‍ കണ്ടെത്തിയത്. ഇതേക്കുറിച്ച് പോലീസുമായി ഗ്രീന്‍ സംസാരിച്ചത് 2013ലാണ്. മന്ത്രിയും ജനപ്രതിനിധിയുമായ ഗ്രീന്‍ പക്ഷേ പൊതു ജീവിതത്തില്‍ പാലിക്കേണ്ട മൂല്യങ്ങല്‍ ലംഘിച്ചുവെന്നാണ് ഹെയ് വുഡ് കണ്ടെത്തിയത്. സത്യസന്ധത എന്നതാണ് അവയില്‍ ഏറ്റവും പ്രധാമെന്നും ഹെയ് വുഡ് വ്യക്തമാക്കി.