ക്ലാസ് മുറി പോലെ തന്നെ ശുചിമുറികളും വൃത്തിയുള്ളതായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. സ്കൂളുകളിലെ ശുചിമുറികൾ വൃത്തിയില്ലാതെ കിടന്നാൾ അത് ഏറ്റവുമധികം ബാധിക്കുന്നത് പെൺകുട്ടികളെയാണ്. മിക്ക പെൺകുട്ടികളും സ്കൂളുകളിലെ ശുചിമുറികൾ ഉപയോഗിക്കാൻ മടി കാണിക്കുന്നു.
ശുചിമുറികൾ വൃത്തിയില്ലാതെ കിടക്കുന്നത് പെൺകുട്ടികളിൽ യൂറിനെറി ഇൻഫെക്ഷന് കാരണമാകുന്നു. സ്കൂളുകളിൽ വൃത്തിയുള്ള ശുചിമുറികള്‍ വേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ ചിഫ് സൈക്യാട്രിസ്റ്റായ ഡോ. സിജെ ജോൺ എഴുതുന്നു…ഫേസ്ബുക്കിലൂടെയാണ് ഡോക്ടറുടെ തുറന്നെഴുത്ത്….
ഡോക്ടറിന്റെ ഫേസ് ബുക്ക് പോസ്റ്റ് താഴേ ചേർക്കുന്നു…
ഒരു അധ്യാപികയും സ്‌കൂൾ വിദ്യാർത്ഥിനിയായ മകളും കാണാൻ വന്നു.മകൾ വലിയ വൃത്തിക്കാരിയാണ്. കൈ കഴുകലിനും കുളിക്കലിനുമൊക്കെ വളരെ കൂടുതൽ നേരമെടുക്കുന്നു .അത് ദൈനം ദിന ജീവിതത്തിനു തടസ്സമാകുന്ന വിധത്തിൽ അതിരു വിട്ടിരിക്കുന്നു.
രാവിലെ സ്‌കൂളിലേക്ക് പോയാൽ തിരിച്ചു വീട്ടിലെത്തിയാലേ മൂത്രമൊഴിക്കൂ. ഇത് പറഞ്ഞപ്പോൾ പള്ളിക്കൂടങ്ങളിലെ ശുചി മുറികളുടെ ശുചിത്വത്തെ കുറിച്ച് അധ്യാപികയോട് ചോദിച്ചു.അത് തീരെ മോശമാണെന്നും പെൺകുട്ടികൾ പലരും തിരിച്ചു വീട്ടിൽ ചെന്നാണ് മൂത്ര വിസർജ്ജനം നടത്തുന്നതെന്നും പറഞ്ഞു. നിൽപ്പിൽ സാധിക്കാവുന്നത് കൊണ്ട് ആൺകുട്ടികൾക്ക് വലിയ പ്രശ്നമില്ല.
ജീവിത നിപുണതയും മറ്റു പലതുമൊക്കെ പ്രചരിപ്പിക്കുന്ന പള്ളിക്കൂടങ്ങളിൽ ശുചി മുറി ശുചിത്വം ഒരു സംസ്കാരമായി വളർത്താൻ ശ്രമിക്കേണ്ട? വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ ശുചിമുറി പരിപാലനം ഒരു ദൗത്യമാക്കണ്ടേ? ഇത്രയധികം നേരം പെൺകുട്ടികൾ മൂത്രം ഒഴിക്കാതെ കെട്ടി നിർത്തുന്നത് നല്ലതല്ല. നാറുന്ന വൃത്തിഹീനമായ ശുചി മുറികളാണ് പല കേമൻ സ്‌കൂളുകളിലുമെന്നാണ് കേൾവി.
ഈ ബോർഡ് ഒക്കെ വച്ച് സ്മാർട്ട്ക്ലാസ് മുറികൾ ഒരുക്കി വീമ്പു പറയുമ്പോൾ ടോയ്‌ലറ്റ് കൂടി സ്മാർട്ട് ആക്കുന്ന കാര്യം മറക്കരുത്? എല്ലായിപ്പോഴും ശുചി മുറി ക്ളീൻ ആയിരിക്കണമെന്ന നിഷ്ഠ പള്ളിക്കൂടങ്ങളിൽ ഉണ്ടാകണം. ആവശ്യത്തിനുള്ള എണ്ണം ഉറപ്പാക്കുകയും വേണം. സ്ത്രീകൾക്ക് പൊതു യാത്രയിൽ ഉപയോഗിക്കാൻ എത്ര നല്ല ശുചിമുറിയെന്ന ചോദ്യവും ഇതിന്റെ കൂടെ ഉയർത്താവുന്നതാണ്. ആണുങ്ങൾക്ക് മറയാകുന്ന മതിലുകൾ അവർക്കു പറ്റില്ലല്ലോ? പാലത്തിന്റെ കാര്യം പുകയുമ്പോഴാണോ മൂത്ര കാര്യമെന്ന പറയുമായിരിക്കും. അതല്ലേ ഒരു സ്റ്റൈൽ…
Leave a Reply