ഉത്തര കൊറിയയിലെ തടവറകളില്‍ നടക്കുന്നത് മനസാക്ഷി മരവിക്കുന്ന കൊടും ക്രൂരതകള്‍. കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോംഗ് ഉന്നിന്റെ ഇഷ്ടക്കേടിന് ഇരയായവര്‍ക്കും രാജ്യത്തുനിന്ന് ഒളിച്ചോടാന്‍ ശ്രമിച്ച് പിടിയിലായവര്‍ക്കുമാണ് അതിക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നത്.

ദിവസം മുഴുവന്‍ മുട്ടുകുത്തിയോ സാങ്കല്പിക കസേരയിലോ ഇരിക്കണം. ഒരുമണിക്കൂര്‍ കഴിയുമ്പോള്‍ കഷ്ടിച്ച് ഒരുമിനിട്ട് കാലുകള്‍ നിവര്‍ത്താന്‍ അനുവദിക്കും. അതുകഴിഞ്ഞാല്‍ വീണ്ടും പഴയപടി തുടരണം. ഉറങ്ങാതിരിക്കാന്‍ ജയില്‍ ഗാര്‍ഡുമാര്‍ ഊഴം വച്ച് കാവലിരിക്കും.

ഇടയ്ക്കിടെ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ പൂര്‍ണ നഗ്‌നരാക്കി ദേഹ പരിശോധനയും മര്‍ദ്ദന മുറകളും പ്രയോഗിക്കും. ഒരു മൂളലില്‍ പോലും എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ ജീവന്‍ പോലും നഷ്ടപ്പെട്ടെന്നു വരാം. ഭാരമേറിയ താക്കോലുകള്‍ പോലുള്ള വസ്തുക്കള്‍ കൊണ്ടാണ് മര്‍ദ്ദനം.

കൈ വിരലുകളില്‍ തുടങ്ങി ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ഇഞ്ച ചതയ്ക്കുന്നതുപോലെയാക്കും. നീല നിറമാകുമ്പോള്‍ മതിയാക്കും. ഒറ്റയടിക്ക് കൊല്ലാതെ മാസങ്ങളെടുത്ത് പരമാവധി വേദന അനുഭവിപ്പിച്ച് ഇഞ്ചിഞ്ചായി കൊല്ലുന്നതാണ് രീതി. ഭൂമിയിലെ നരകമെന്ന കുപ്രസിദ്ധിയാണ് ഉത്തര കൊറിയന്‍ ജയിലുകള്‍ക്കുള്ളത്.

ചൈനീസ് അതിര്‍ത്തിക്കടുത്തുളള ഒണ്‍സോങ് ഡിറ്റന്‍ഷന്‍ സെന്ററിലാണ് കടുത്ത കുറ്റം ചെയ്തവരെ പാര്‍പ്പിക്കുന്നത്. ഇതിനുള്ളില്‍ അകപ്പെട്ടാല്‍ പിന്നെ ജീവനോടെ പുറത്തെത്തുക മിക്കവാറും അസാധ്യമാണ്. കൊടിയ പീഡനങ്ങള്‍ക്കുശേഷം കുടിക്കാന്‍ നല്‍കുന്നത് ഒരു കവിള്‍ വെള്ളം മാത്രം. കഴിക്കാന്‍ ഏതാനും ധാന്യമണികള്‍.

തൊട്ടപ്പുറത്ത് ഇരിക്കുന്ന ജയില്‍പുള്ളിയോടുപോലും മിണ്ടാന്‍ പാടില്ല. അതും മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. തടവുപുള്ളികളെ അപകട സാധ്യത കൂടിയ ലേബര്‍ ക്യാമ്പുകളിലും മറ്റും മണിക്കൂറുകള്‍ വിശ്രമമില്ലാതെ ജോലി ചെയ്യിക്കുന്നതും കിമ്മിന്റെ ഇഷ്ട വിനോദനങ്ങളില്‍ ഒന്നാണ്. പലരും ലേബര്‍ ക്യാമ്പുകളില്‍ തന്നെ മരിച്ചു വീഴും. ഇങ്ങനെയുളളവരുടെ ശവശരീരം പോലും പുറമേ കാണില്ല.

തടവുകാരില്‍ പലരും മാരക രോഗങ്ങള്‍ക്ക് അടിമകളാണെങ്കിലും മതിയായ ചികിത്സ നല്‍കാറില്ല. ശ്വാസകോശ രോഗങ്ങള്‍ ഉള്‍പ്പടെയുള്ളവയാണ് പടര്‍ന്നു പിടിക്കുന്നത്. ജയില്‍ ജീവനക്കാരുടെ സുരക്ഷയെ ബാധിക്കുമെന്ന ഘട്ടം വരുമ്പോള്‍ മാത്രമാണ് ഡാേക്ടറെ ജയിലില്‍ എത്തിക്കുക.

സ്ത്രീ തടവുകാരെ അബോര്‍ഷന് വിധേയരാക്കുന്നതും ജയിലില്‍ പതിവാണ്. എട്ടുമാസം ഗര്‍ഭിണിയായ സ്ത്രീകളെപ്പോലും ഇത്തരത്തില്‍ പ്രാകൃതമായ രീതിയില്‍ അബോര്‍ഷന് വിധേയാക്കാറുണ്ട്. ഇങ്ങനെ പുറത്തെടുക്കുന്ന കുട്ടികള്‍ക്ക് ജീവനുണ്ടെങ്കില്‍ അപ്പോള്‍ തന്നെ കൊലപ്പെടുത്തും.

ഉത്തരകൊറിയന്‍ ജയിലുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്ര സഭ ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര സംഘടനങ്ങള്‍ പലതവണ പ്രമേയം പാസാക്കിയെങ്കിലും ഒരു കാര്യവുമുണ്ടായില്ല. ക്രൂരതകള്‍ അവസാനിക്കുന്നതിനു പകരം കൂടുകയാണുണ്ടായത്. ഇതെല്ലാം വെറു കെട്ടുകഥകള്‍ മാത്രമാണെന്നാണ് കിമ്മിന്റെ അവകാശ വാദം.