കൊലപാതക പരമ്പരകളിലൂടെ കുപ്രസിദ്ധനായ റോഡ്നി ജയിംസ് ആൽകാല (77) കാലിഫോർണിയയിലെ ആശുപത്രിയിൽ മരിച്ചു. 1977 മുതൽ 1979 വരെയുള്ള കാലയളവിനിടെ നടത്തിയ 5 കൊലപാതകങ്ങളിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയതോടെ കോടതി ഇയാൾക്കു 2010ൽ വധശിക്ഷ വിധിച്ചിരുന്നു.
1978ൽ പുറത്തിറങ്ങിയ യുഎസ് ടെലിവിഷൻ ഷോയായ ‘ദ ഡേറ്റിങ് ഗെയിമി’ലെ ഏറ്റവും മികച്ച ബാച്ച്ലറായി തിരഞ്ഞെടുക്കപ്പെട്ട ആളാണ് ആൽകാല.
അവിവാഹിതരായ സ്ത്രീകളും പുരുഷൻമാരും ഏറ്റവും അനുയോജ്യരായ പങ്കാളിയെ ഡേറ്റിനായി തിരഞ്ഞെടുക്കുന്ന ഗെയിം ഷോയിൽ ആൽകാലയാണു ജേതാവായത്. എന്നാൽ ആൽകാലയ്ക്കൊപ്പം ഡേറ്റിനു പോകാൻ ഷോയിൽ പങ്കെടുത്ത യുവതികൾ തയാറായിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഇയാളുടെ സ്വഭാവ ദൂഷ്യം തന്നെയായിരുന്നു കാരണം.
പിന്നീടു സ്ത്രീകളെ വശീകരിച്ചതിനുശേഷമുള്ള കൊലപാതകങ്ങൾ പതിവാക്കിയതോടെ ഇയാൾ ‘ദ ഡേറ്റിങ് ഗെയിം കില്ലർ’ എന്നാണ് അറിയപ്പെട്ടിരുന്നത്. സാൻ ജോക്വയ്ൻ താഴ്‌വരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ സ്വാഭാവിക കാരണങ്ങളാലാണു മരണമെന്നു ജയിൽ അധികൃതർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.
യുഎസിലെ 130 ഓളം സ്ത്രീകളെ ഇയാൾ കൊലപ്പെടുത്തിയിട്ടുണ്ടാകുമെന്നാണ് അധികൃതർ കണക്കാക്കിയിരിക്കുന്നത്. ന്യൂയോർക്കിലെ 2 കൊലപാതകങ്ങളിൽ നിരപരാധിയാണെന്നു വാദിച്ച ഇയാൾക്കു കോടതി 2013ൽ 25 വർഷം തടവുശിക്ഷയും അധികമായി വിധിച്ചിരുന്നു.
പിന്നീട് 1977ൽ മരിച്ച 28 കാരിയുടെ കൊലപാതകത്തിനും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. തെക്കുപടിഞ്ഞാറൻ വയോമിങ്ങിലെ ഒറ്റപ്പെട്ട സ്ഥലത്തുനിന്നു കണ്ടെത്തിയ യുവതിയുടെ ശരീരാവശിഷ്ടങ്ങളിൽ നടത്തിയ ഡിഎൻഎ പരിശോധനയിലാണു ആൽകാല കുടുങ്ങിയത്. മരണസമയത്ത് ഇവർ 6 മാസം ഗർഭിണിയായിരുന്നു. എന്നാൽ ഗുരുതര രോഗങ്ങൾ ഉള്ളതിനാൽ ഈ കേസിൽ വിചാരണ നേരിടാൻ കഴിയില്ലെന്ന് ഇയാളുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
കാലിഫോർണിയയിലെ സാൻ ക്വെന്റിൻ തടവറയാണു വധശിക്ഷ നടപ്പാക്കാൻ നിശ്ചയിച്ചിരുന്നതെങ്കിലും കഴിഞ്ഞ കുറച്ചു വർഷങ്ങളായി 200 മൈല്‍ അകലെയുള്ള കൊർക്കൊറാനിലെ തടവറയിലാണ് ആൽകാലയെ പാർപ്പിച്ചിരുന്നത്. 24 മണിക്കൂറും വൈദ്യസഹായം ലഭിക്കുന്നതിനായിരുന്നു ഇത്.
ആനന്ദത്തിനു വേണ്ടി മാത്രം തെക്കൻ കാലിഫോർണിയയിൽ ‘വേട്ട’യ്ക്കിറങ്ങിയിരുന്ന ആളായാണു ആൽക്കാലയെ പ്രോസിക്യൂട്ടർമാർ വിശേഷിപ്പിക്കുന്നത്. ആളുകളെ വധിക്കുമ്പോൾ ലഭിക്കുന്ന ആനന്ദത്തിനു വേണ്ടി മാത്രമാണ് ഇയാൾ കൊലപാതകങ്ങൾ നടത്തിയിരുന്നതെന്നാണു വിചാരണ സമയത്ത് ഓറഞ്ച് കൗണ്ടിയിലെ പ്രോസിക്യൂട്ടർ മാറ്റ് മർഫി കോടതിയെ ധരിപ്പിച്ചത്. ഇരകളെ ക്രൂരമായി പീഡിപ്പിച്ചതിനു ശേഷം വധിക്കുന്നതായിരുന്നു ഇയാളുടെ രീതി. കൊലപാതകത്തിനു ശേഷം മൃതദേഹങ്ങളില്‍നിന്ന് ഊരിയെടുക്കുന്ന കമ്മലുകൾ ട്രോഫികൾ എന്നപോലെ ഇയാൾ സൂക്ഷിച്ചിരുന്നു. ഇയാൾ നടത്തിയ ആകെ കൊലപാതകങ്ങളുടെ എണ്ണം ഒരിക്കലും അറിയാനാകില്ല എന്നാണു പൊലീസ് ഉദ്യോഗസ്ഥർ തന്നെ പറയുന്നത്.
കൊലപാതകത്തിനു ശേഷം മൃതദേഹങ്ങളിൽനിന്ന് ഊരിയെടുത്തു സൂക്ഷിച്ചിരുന്ന കമ്മലുകൾ തന്നെയാണു ഒടുവിൽ ആൽക്കാലയ്ക്കു വിനയായതും. ഇയാളുടെ പക്കൽനിന്നു കണ്ടെത്തിയ കമ്മലുകൾ തെളിവായി അംഗീകരിച്ചാണു കോടതി വധശിക്ഷ വിധിച്ചതും. ഇയാളുടെ പക്കൽനിന്നു കണ്ടെത്തിയ ‘ഗോൾഡ് ബോൾ’ കമ്മലുകൾ തന്റെ മകളായ 12 വയസ്സുകാരിയുടേതാണെന്നു ആൽകാലയുടെ വിചാരണയ്ക്കിടെ കുട്ടിയുടെ അമ്മ തിരിച്ചറിഞ്ഞിരുന്നു.
എന്നാൽ കമ്മലുകൾ തന്റേതുതന്നെയാണെന്നും 1978ലെ ‘ദ ഡേറ്റിങ് ഗെയിം’ ഷോയ്ക്കിടെ താൻ ഇതു ധരിച്ചിരുന്നെന്നുമാണു ആൽകാല കോടതിയിൽ വാദിച്ചത്. ഇതു ശരിവയ്ക്കുന്ന തരത്തിലുള്ള വിഡിയോ ക്ലിപ്പും ഇയാൾ ഹാജരാക്കി. കുട്ടിയുടെ മരണം സംഭവിക്കുന്നതിന് ഒരു വർഷം മുൻപായിരുന്നു ഈ ഗെയിം ഷോ. എന്നാൽ ഇത്തരത്തിൽ മറ്റു ചില കമ്മലുകൾ കൂടി ഇയാളുടെ പക്കൽനിന്നു കണ്ടെത്തിയതോടെ കുരുക്കു മുറുകുകയായിരുന്നു.
കൊല ചെയ്ത 4 സ്ത്രീകളിൽ 2 പേരെ ഇയാൾ വീണ്ടും അതിക്രൂരമായി ബലാത്സംഗം ചെയ്തതായും വീണ്ടും വീണ്ടും കഴുത്തു ഞെരിച്ചു മരണം ഉറപ്പാക്കിയതായും പ്രോസിക്യൂട്ടർമാർ കോടതിയെ അറിയിച്ചിരുന്നു.
ആൽക്കാലയുടെ പക്കൽനിന്നു കണ്ടെടുത്ത റോസ് ആകൃതിയിലുള്ള കമ്മലിൽനിന്നു മറ്റൊരു യുവതിയുടെ ഡിഎൻഎയും പൊലീസിനു ലഭിച്ചു. ഇതേ യുവതിയുടെ മൃതദേഹത്തിൽനിന്ന് ആൽകാലയുടെ ഡിഎൻഎയും കണ്ടെടുത്തിരുന്നു. 12 കാരിയുടെ കൊലപാതകത്തിൽ വിചാരണ നേരിടുന്നതിനു മുൻപു 2 തവണ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്നെങ്കിലും പിന്നീടു കോടതി ആൽകാലയെ കുറ്റവിമുക്തനാക്കിയിരുന്നു.
എന്നാൽ പുതുതായി ലഭിച്ച ഡിഎൻഎ, ഫൊറൻസിക് തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഇരുപതിലധികം വർഷങ്ങൾക്കു ശേഷം ഇയാൾക്കെതിരെ വീണ്ടും കേസെടുക്കുകയായിരുന്നു. വിധിപ്രഖ്യാപനത്തിനു ശേഷം ആൽകാലയുടെ പക്കൽനിന്നു ലഭിച്ച യുവതികളുടെയും പെൺകുട്ടികളുടെയും നൂറിൽ അധികം ഫോട്ടോകളും പൊലീസ് പുറത്തുവിട്ടിരുന്നു.
Leave a Reply