ഉത്തർപ്രദേശിൽ ഒരു മാസം മുൻപു കാണാതായ മകളെത്തേടി അലയുന്ന ഭിന്നശേഷിക്കാരിയായ സ്ത്രീ പൊലീസിനെതിരെ ഉന്നയിക്കുന്നത് ഗുരുതരമായ ആരോപണങ്ങൾ. ഗുഡിയ എന്നാണു സ്ത്രീയുടെ പേര്. മകളെ കണ്ടെത്തിത്തരാം എന്ന ഉറപ്പിൽ ചക്കേറി സ്റ്റേഷനിലെ പൊലീസുകാർ തന്നെക്കൊണ്ട് പൊലീസ് ജീപ്പിൽ ഇന്ധനം നിറപ്പിച്ചുവെന്നും സ്ത്രീ ആരോപിക്കുന്നു. ഒരു മാസം മുൻപാണ് പ്രായപൂർത്തിയാകാത്ത 15 വയസ്സ് മാത്രമുള്ള പെൺകുട്ടിയെ കാണാതാകുന്നത്.

മകളെ ഒരാൾ തട്ടിയെടുത്തതാണെന്നാണ് അമ്മ ആരോപിക്കുന്നത്. സംശയമുള്ള വ്യക്തിയുടെ പേരും അവർ പൊലീസിനെ അറിയിച്ചിരുന്നു. പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ പ്രഥമ വിവര റിപ്പോർട്ട് സമർപ്പിച്ചെങ്കിലും തന്റെ മകളെ കണ്ടെത്താൻ പൊലീസ് ഇതുവരെ ശ്രമിച്ചില്ലെന്നാണ് അമ്മ പറയുന്നത്.

മകൾക്കു വേണ്ടി തിരച്ചിൽ നടത്തുന്ന അമ്മ അവസാന ആശ്രയം എന്ന നിലയിൽ കാൺപുർ എസ്പിയെ കണ്ടു പരാതി സമർപ്പിച്ചു. പൊലീസുകാർ ഇപ്പോൾ തന്റെ ചിലവിലാണ് ജീപ്പിൽ ഇന്ധനം നിറയ്ക്കുന്നതെന്നും അവർ ഉന്നത ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. മകളെ കണ്ടെത്താൻ പണം മുടക്കണമെന്നാണ് പൊലീസുകാർ പറയുന്നന്. ഇതുവരെ ഡീസലിനത്തിൽ മാത്രം 15,000 രൂപ തന്റെ കയ്യിൽ നിന്ന് ചിലവായെന്നാണ് അവർ പറയുന്നത്. ഇപ്പോൾ സ്റ്റേഷനിലേക്കു ചെല്ലുമ്പോൾ തന്നെ സ്ത്രീയെ ഉദ്യോഗസ്ഥർ വിരട്ടിയോടിക്കുകയാണത്രേ.

സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിപുലമായ അന്വേഷണം ആരംഭിച്ചതായി എസ്പി ബ്രജേഷ് കുമാർ ശ്രീവാസ്തവ അറിയിച്ചു. സ്റ്റേഷനു മുന്നിൽ കരഞ്ഞുകൊണ്ടുനിന്ന യുവതിയുടെ ദയനീയാവസ്ഥ കണ്ട് കാര്യങ്ങൾ തിരക്കിയപ്പോഴാണ് അവർ വിവരങ്ങൾ വെളിപ്പെടുത്തിയത്.

ഉത്തർ പ്രദേശിലെ ഗ്രാമങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന സുരക്ഷിതത്വമില്ലായ്മയിലേക്കു വിരൽ ചൂണ്ടുന്നതാണു സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെപ്പോലും തട്ടിയെടുക്കുന്നു. പരാതി നൽകിയാലും ഉദ്യോഗസ്ഥർ ഒരു താൽപര്യവും കാണിക്കുന്നില്ല. സമാന സംഭവങ്ങൾ നിരന്തരമായി ആവർത്തിച്ചിട്ടും പൊലീസ് സംവിധാനത്തിലെ അഴിമതി കുറയുന്നില്ല. അമ്മമാരുടെ കണ്ണീര് തോരുന്നുമില്ല. ഭിന്നശേഷിക്കാരിയായ അമ്മ കരച്ചിലോടെ തന്റെ അന്വേഷണം കാൺപൂർ വരെ എത്തിച്ചതുകൊണ്ടാണ് ഇപ്പോഴത്തെ സംഭവം ശ്രദ്ധിക്കപ്പെട്ടതുതന്നെ. പൊതുവെ ഇത്തരം സംഭവങ്ങൾ പുറംലോകം അറിയാതെ ഗ്രാമങ്ങളിൽ തന്നെ ഒതുക്കപ്പെടുന്നു.